അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലേക്ക്. ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറൽ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറൽ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ജെഡി വാൻസ് വൈസ് പ്രസിഡന്റാകും.
78കാരനായ ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കൻ ചരിത്രത്തിൽ തോൽവിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവർ ക്ലീവ്ലാന്റാണ് ഇതിനു മുൻപ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകൾ. ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സർവേ ഫലം. സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിൽക്കുകയായിരുന്നു.