ലഖ്‌നൗ: ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരത്തിന് നിരോധനം ഏർപ്പെടുത്തി യോഗി സർക്കാർ. ഉത്തരവ് ലംഘിച്ച് സമരമോ പ്രക്ഷോഭ പരിപാടികളോ സംഘടിപ്പിക്കുന്നവരെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാനും നിർദേശമുണ്ട്. പഞ്ചാബിലും ഹരിയാനയിലുമാണ് കർഷക സമരം നടക്കുന്നതെങ്കിലും യുപിയിലും ഉണ്ടാകാനിടയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് നീക്കം.അഡീഷണൽ ചീഫ് സെക്രട്ടറി കർമ്മിഷ് ഡോ.ദേവേഷ് ചതുർവേദിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാരിന് കീഴിലുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും.എസ്മ (എസ്സൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട്) നിയമം നിലവിൽ വന്നതിന് ശേഷവും ഏതെങ്കിലും ജീവനക്കാരൻ പണിമുടക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താൽ നിയമലംഘനം ആരോപിച്ച് സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
കഴിഞ്ഞ വർഷവും ആറ് മാസം സമരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്നായിരുന്നു നടപടി. ഇതിനെ തുടർന്നാണ് എസ്മ നിയമം സംസ്ഥാനത്ത് കൊണ്ടുവന്നത്.