വി എസ് സുനിൽകുമാർ
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. പ്രിയ സഖാവിന്റെ ആകസ്മിക വിയോഗം സഹിക്കാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ കുറേ നാളുകളായി ആരോഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നുവെങ്കിലും രോഗാവസ്ഥകളെ സധൈര്യം നേരിടാനുള്ള ഇച്ഛാശക്തി അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. ഇപ്പോഴത്തെ ശാരീരിക അവശതകളെല്ലാം പിന്നിട്ട് കൂടുതൽ ആരോഗ്യത്തോടും കരുത്തോടും കൂടി തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയാണ് ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്.
വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന കാലം മുതൽ സഖാവ് കാനം ഒരു ജ്യേഷ്ഠനെപ്പോലെ കൂടെ നിൽക്കുകയും ഉപദേശനിർദ്ദേശങ്ങൾ നൽകുകയും ചെയ്തുപോന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ കേരള നിയമസഭയിൽ അംഗമായ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഉപദേശങ്ങളും എംഎൽഎയായിരുന്നപ്പോഴും പിന്നീട് മന്ത്രിയായിരുന്നപ്പോഴും എനിക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.
അടുക്കും ചിട്ടയോടും കൂടി പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിലും സഖാവ് കാനം അനിതരസാധാരണമായ കയ്യടക്കം പുലർത്തി. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ജനനേതാതാക്കളിൽ ഏറ്റവും ജനകീയനായ നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.അവസാനശ്വാസം വരെ പാർട്ടിയ്ക്കുവേണ്ടി ജീവിക്കുകയും നമ്മെ കടന്നുപോവുകയും ചെയ്യുന്ന സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾ നമുക്കെന്നും കരുത്തും ആവേശവുമാണ്. പ്രിയ സഖാവിന് ആദരാഞ്ജലികൾ.