വയനാടിലെ ജനങ്ങൾക്കായി എഐവൈഎഫ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച പത്ത് വീടുകൾക്കായുളള ധനസമാഹാരണം ആരംഭിച്ചു. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ബിരിയാണി ചലഞ്ച്, ആക്രി ചലഞ്ച്,മുണ്ട്,സാരി ചലഞ്ചുകള്‍,പായസ ചലഞ്ച്,കൂപ്പണ്‍ ചലഞ്ച്,സാലറി ചലഞ്ച്,കണ്സ്ട്രഷന് മെറ്റീരിയല്‍ ചലഞ്ച്,എന്നിങ്ങനെ വിവിധ ചലഞ്ചുകളാണ് സംഘടിപ്പിക്കുന്നത്.
ചലഞ്ചിലൂടെ സമാഹാരിച്ച തുകയുടെ ആദ്യഘട്ടം ആഗസ്റ്റ് 20 മുതല്‍ 25 വരെ ഏറ്റുവാങ്ങും.സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും മണ്ഡലങ്ങളില്‍ വന്ന് ഏറ്റുവാങ്ങും. വയനാട് ദുരിതബാധിതർക്ക് വീട് വച്ച് നൽകുന്നതിനായി എഐവൈഎഫ് നടത്തുന്ന ധനസമാഹരണ ക്യാമ്പയിനിലേക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം നവ്യ ദമ്പതികളുടെ മകൾ നിലാര ജാനകിയുടെ സ്വർണ്ണ കമ്മൽ കൈമാറി. എഐഎസ്എഫ് ചെറുവരണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അക്ഷയ് വിനീഷ് തന്റെ സ്കൂട്ടറാണ് നൽകിയത്.
വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബത്തിന് ആദ്യഘട്ടത്തിൽ എഐവൈഎഫ് വീടുകളാണ് പണിയുന്നത്. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എഐവൈഎഫ് സംസ്ഥാന സംസ്ഥാന പ്രസിഡൻ്റ് എൻ. അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു. എഐവൈഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു കൊണ്ട് വീട് നിർമ്മാണത്തിനായുളള പണം കണ്ടെത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.