തിരുവനന്തപുരം: എഴുത്തുകാരന്‍ എസ്. ഹരീഷിന് വയലാര്‍ അവാര്‍ഡ്. മീശ എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 46ാമത് അവാര്‍ഡാണ് ഇത്തവണ പ്രഖ്യാപിച്ചത്.
മീശ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്‍, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2022ല്‍ ജെസിബി പുരസ്‌കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദന്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവല്‍ പുരസ്‌കാരങ്ങള്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.