Sunday, November 24, 2024
spot_imgspot_img
HomeOpinionഓർമ്മകളിൽ വയലാർ

ഓർമ്മകളിൽ വയലാർ

ങ്ങു കിഴക്ക് മാമലകൾക്കപ്പുറത്ത് ഉദിച്ചുയരുന്ന നവലോകത്തിന്റെ ചുവന്ന സൂര്യനെ സ്വപ്നം കണ്ട വിപ്ളവ കവി. നിറ തോക്കുകൾക്കു നേരെ വിരിമാറുകാട്ടിയ ധീര രക്തസാക്ഷികളുടെ ചുടുനിണം വീണ ചുവന്ന വയലാറിലെ ചൊരിമണലിൽ കൽപ്പവൃക്ഷങ്ങളുടെ തണലിൽ കയറു പിരിച്ച് ജീവിതം നയിക്കുന്ന പട്ടിണിപ്പാവങ്ങളുടെ നാട്ടിൽ പിറന്ന രാമവർമ്മ.

പുന്നപ്ര വയലാർ സമരകാലഘട്ടത്തിൽ ഇരുപത് വയസു തികയാത്ത ഒരു യുവാവായിരുന്നു രാമവർമ്മ. ആ വിപ്ലവ സമരാഗ്നിയുടെ സ്മരണകളിരമ്പുന്ന മായാത്ത ചിത്രങ്ങൾ ഓർമ്മചെപ്പിൽ സൂക്ഷിച്ചുവച്ചു രാമവർമ്മ. ദിവാൻ സർ. സി പി രാമസാമി അയ്യരുടെ ഏകാധിപത്യ ഭരണത്തിനും, അധികാര ദുർവിനിയോഗത്തിനുമെതിരായി പൊട്ടിപ്പുറപ്പെട്ട വിപ്ലവ സമരാഗ്നിയുടെ ഉറവിടവും, കുരുക്ഷേത്രഭൂമിയുമായി മാറിയ വയലാർ ഗ്രാമത്തിൽ ജനിച്ചു വളർന്ന രാമവർമ്മ അതിനെതിരെ പട നയിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയായിരുന്നു. ജന്മി കുടിയാൻ വ്യവസ്ഥക്കെതിരെ, തൊട്ടുകൂടായ്മക്കെതിരെ, വർണ്ണവിവേചനങ്ങൾക്കെതിരെ കേരള സമര ചരിത്രത്തിൽ ഉജ്ജ്വലവും, ഐതിഹാസികവുമായ സമരാദ്ധ്യായങ്ങൾ എഴുതിച്ചേർത്ത, മണൽത്തരികളിൽ പോലും ചരിത്രമുറങ്ങുന്ന വയലാർ ഗ്രാമം. രാമവർമ്മയുടെ സാന്ദ്ര സംവേദനങ്ങളുടെ തുടക്കം ഈ മണ്ണിൽ നിന്ന്. നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതി മൂലം നിന്ദിതരും, പീഡിതരുമായ ബഹുജനങ്ങളുടെ പ്രകടമായ ജീവിത ക്ലേശങ്ങളെ കണ്ടില്ലെന്നു നടിക്കാനായില്ല കവിക്ക്.

രാമവർമ്മയുടെ കാവ്യ സൃഷ്ടികൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളർച്ചക്ക് അനുകൂല ഘടകമായി. ആ ഭാവാവിഷ്ക്കാരങ്ങളുടെ ആർദ്രതയും, തരളിത ഭാവങ്ങളും, കാവ്യാംശങ്ങളും ജനസമൂഹത്തെ ഇളക്കിമറിച്ചു. കെപിഎസി നാടകസംഘത്തിനു വേണ്ടി വയലാർ രചിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധേയങ്ങളായി. ‘വിശറിക്കു കാറ്റു വേണ്ട’ എന്ന നാടകത്തിലെ ”ബലികുടീരങ്ങളേ ബലികുടീരങ്ങളേ സ്മരണകൾ ഇരമ്പും രണസ്മാരകങ്ങളേ… ” എന്ന വരികൾ ഇന്നും തലമുറകൾ ഏറ്റു പാടുന്നു. 139 ഓളം നാടകഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കാവ്യ കൈരളിക്ക് നിത്യവസന്തത്തിന്റെ വാടാമലരുകൾ സമ്മാനിച്ച് തലമുറകളുടെ അകതാരിൽ, കാവ്യ ചേതനകളിൽ എന്നും അനശ്വരതയുടെ താജ്മഹൽ തീർത്ത വയലാർ രാമവർമ്മയുടെ കാവ്യസപര്യക്ക് മരണമില്ല.

ഹ്രസ്വവും, ദീർഘവുമായ 202 ഓളം കവിതകൾ ഈ പ്രതിഭാശാലിയുടെ കനക തൂലികയിൽ നിന്നും ജന്മം കൊണ്ടു. എണ്ണമറ്റ സിനിമാ-നാടകഗാനങ്ങൾ രചിച്ച് വയലാർ സർഗ്ഗാത്മകതയിൽ കരുത്തുകാട്ടി. മലയാള ചലച്ചിത്ര ഗാനരംഗത്ത് 238 ചിത്രങ്ങളിലായി 2300 ഓളം ഗാനങ്ങൾ രചിച്ചു. ആ ഗാനശേഖരങ്ങൾ നിത്യഹരിത വിസ്മയങ്ങളായി മലയാളികൾ നെഞ്ചോടു ചേർത്തു. പുരോഗമന പ്രസ്ഥാനങ്ങൾക്ക് എന്നും മുതൽകൂട്ടാണ് വയലാറിന്റെ ഗാനങ്ങൾ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares