ആലപ്പുഴ: സാമ്രാജ്യത്വ കിങ്കരൻമാരെ ആട്ടിപ്പായിച്ച് നാടിന്റെ സ്വാതന്ത്ര്യം പുനസ്ഥാപിക്കാൻ തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ വയലാർ സമരത്തിന്റെ ഓർമ്മകൾ പങ്കുവെക്കാൻ പതിനായിരങ്ങൾ ഇന്ന് സംഗമിക്കും.
76 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ മോഡലിനും ദിവാൻ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി നടത്തിയ ഐതിഹാസിക സമരത്തിന്റെ സ്മരണ പുതുക്കാൻ ജന സഞ്ചയം ഇന്ന് വയലാറിലെ രക്തസാക്ഷി കുന്നിലേക്ക് പ്രവഹിക്കും. ഒക്ടോബർ 27 നാണ് വയലാറിൽ പട്ടാളം വെടിവെയ്പ് നടത്തിയത്. നൂറുകണക്കിന് പേരാണ് ദിവാന്റെ പട്ടാളത്തിന്റെ നിറതോക്കുകൾക്ക് മുന്നിൽ പിടഞ്ഞുവീണത്.
ഇവരുടെ മൃതശരീരങ്ങൾ വയലാറിലെ കുളത്തിൽ നിക്ഷേപിച്ചപ്പോൾ ഇവിടം പിന്നീട് കുന്നായി മാറി . ഇവിടെയാണ് വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ വയലാറിലെ പ്രധാന വഴികളും ഇടവഴികളുമെല്ലാം ജനനിബിഡമാണ്. സമരസേനാനികളം രക്തസാക്ഷി കുടുംബ അംഗങ്ങളും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും നേതാക്കളും അടങ്ങുന്ന പതിനായിരങ്ങൾ വയലാർ രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നതിനായി ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്.
രാവിലെ പുന്നപ്ര രക്തസാക്ഷികളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ള ഉൾപ്പടെയുള്ള നേതാകളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്ന് ദീപശിഖാപ്രയാണം മുൻ മന്ത്രി ജി സുധാകരൻ ഭദ്രദീപം പകർന്നു നൽകി അത്ലറ്റുകൾക്ക് കൈമാറിയതോടെയാണ് ചടങ്ങുകൾക്ക് ആരംഭമായി. തുടർന്ന് ജനാർദനന്റെ ബലികുടീരത്തിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും ദീപം പകർന്നതിനു ശേഷം എഴുപത്തിയാറാമത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം, വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേർന്നു. തുടർന്ന് ഇരു ദീപശിഖകളും വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. പിന്നീട് നാടൻ കലാരൂപവും നിശ്ചല ദൃശ്യങ്ങളും ഗായകസംഘവും ഈ പരിപാടിക്ക് മാറ്റുകൂട്ടി.
വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ , സി പിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ , പന്ന്യൻ രവീന്ദ്രൻ , പി പ്രസാദ് , തോമസ് ഐസക്ക് , സി സുജാത , ജി സുധാകരൻ , ടി ജെ ആഞ്ചലോസ്, സജി ചെറിയാൻ, പി വി സത്യനേശൻ , ആർ നാസർ , സി വി ചന്ദ്രബാബു , ഡി സുരേഷ് ബാബു , ടി ടി ജി സ്മോൻ , എ എം ആരിഫ് എം പി , തുടങ്ങിയവർ പങ്കെടുക്കും . വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനാകും . സെക്രട്ടറി പി കെ സാബു സ്വാഗതം പറയും