കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ എക്കാലത്തേയും ആവേശവും കരുത്തുമാണ് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി സഖാവ് വെളിയം ഭാര്‍ഗവന്‍. സഖാക്കളുടെ പ്രിയപ്പെട്ട ആശാന്‍ വിട്ടുപിരിഞ്ഞിട്ട് ഒമ്പത് വര്‍ഷം തികയുകയാണ്. എന്നും ഇടതുപക്ഷത്തിന്റെ തിരുത്തല്‍ ശക്തിയായി, ജനങ്ങളോടുള്ള പ്രതിബന്ധത നൂറ്റൊന്നു ശതമാനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു വെളിയം ഭാര്‍ഗവന്റെ രാഷ്ട്രീയ ജീവിതം.
1998 മുതല്‍ 2010 വരെ പന്ത്രണ്ട് വര്‍ഷക്കാലം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിച്ച വ്യക്തി. കൊല്ലം ജില്ലയിലെ വെളിയത്ത് 1928 മേയിലാണ് വെളിയം ഭാര്‍ഗവന്റെ ജനനം. ചെറുപ്പകാലത്ത് സന്യാസിയാവുന്നതിനായി കാഷായ വസ്ത്രം എടുത്തണിഞ്ഞ വ്യക്തിയായിരുന്നു. എന്നാല്‍, ഗഹനമായ വായനയും അറിവിനോടുള്ള ആകാംക്ഷയും അദ്ദേഹത്തെ മാര്‍ക്‌സിസത്തിലേക്ക് നയിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്‌കൃതവും വേദങ്ങളും ഉപനിഷത്തുക്കളും ഹൃദിസ്ഥമാക്കാന്‍ ആശാനു സാധിച്ചു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആശാന്‍ പൊതുപ്രവര്‍ത്തന രംഗത്ത് കടന്നു വരുന്നത്. 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെ തുടര്‍ന്ന് 20-ാം വയസില്‍ അദ്ദേഹത്തെ ജയിലിടച്ചു. പിന്നീട് എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ക്കും തൊഴിലാളി സംഘടന സമരങ്ങള്‍ക്കും വെളിയം ഭാര്‍ഗവനെന്ന കമ്മ്യൂണിസ്റ്റുകാരന്‍ നേതൃത്വം നല്‍കി. 1954ല്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്തതിനു വെളിയം അനുഭവിക്കേണ്ടിവന്നത് കൊടിയ പീഡനങ്ങളായിരുന്നു. ഒരു വശത്തെ മീശ പിഴുത് മാറ്റിയപ്പോഴും വേദന സഹിച്ച് തന്റെ നിലപാടില്‍ നിന്നും ഒട്ടു പിന്നോട്ടുപോകാതെ തൊഴിലാളി വര്‍ഗ്ഗത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു.
2007ല്‍ തിരുവനന്തപുരത്ത് കുത്തകവിരുദ്ധ സമരത്തില്‍ അറസ്റ്റിലായ വനിതകള്‍ ഉള്‍പ്പെടെയുള്ള എഐവൈഎഫ് പ്രവര്‍ത്തകരെ വെളിയം ഇറക്കി കൊണ്ടുപോയ സംഭവം രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. വനിതാ സഖാക്കളേ രാത്രിയില്‍ സ്റ്റേഷനില്‍ ഇരുത്തിയാല്‍ ഞാന്‍ ഈ സ്റ്റേഷന് മുന്‍പില്‍ കുത്തി ഇരിക്കും എന്ന് ഉറക്കെ വിളിച്ചു പറയാന്‍ ആശാന് വേറൊരുവട്ടം കൂടി അലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. സമരം ചെയ്യുന്ന പ്രവര്‍ത്തകരെ തല്ലാന്‍ പൊലീസിന് അധികാരമില്ല, അങ്ങനെ തല്ലിയവരെ തിരിച്ചുതല്ലിയ ചരിത്രം സിപിഐയ്ക്ക് ഉണ്ടെന്നും ഓര്‍മ്മപ്പെടുത്തിയാണ് ആശാന്‍ അന്ന് പ്രവര്‍ത്തകരെയെല്ലാം ഇറക്കിക്കൊണ്ടുവന്നത്. എക്കാലത്തും എഐവൈഎഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെ ഓര്‍ക്കുന്ന ഏടാണത്.
തെറ്റു പറ്റുമ്പോള്‍ ചൂണ്ടിക്കാട്ടാനും, ശാസിക്കാനും, തിരുത്തിക്കാനും, കാലിടറുമ്പോള്‍ സഹായിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തുണയായി എന്നും ആശാന്‍ ഉണ്ടായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമ കമ്മ്യൂണിസ്റ്റ്. ജീവിതവും രാഷ്ട്രീയവും രണ്ടല്ലാത്ത വിപ്ലവകാരി. എല്ലാ സഖാക്കളോടും സ്‌നേഹവും അനുതാപവും കാത്തു സൂക്ഷിച്ച നേതാവ്. നിലപാടില്‍ കാര്‍ക്കശ്യം കാത്തു സൂക്ഷിച്ച വപ്ലവ തീഷ്ണത. മാനവിക മൂല്യങ്ങളുടെ ആകെ തുകയാണ് സഖാവ്. ജീവിതത്തിന്റെ അവസാന നിമിഷം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. തന്റെ ആശയങ്ങള്‍ നിത്യജീവിതത്തില്‍ പകര്‍ത്തിക്കാട്ടാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അടിമുടി കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ചു മരിച്ച ആശാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്നും നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍…