തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. പ്രാഥമിക പരിശോധനയിലാണ് പ്രതി ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതെന്ന് ഡിവൈഎസ്പി കെ എസ് അരുണ്‍ പറഞ്ഞു.
ഏത് തരം ലഹരിയാണ് ഉപയോഗിച്ചത് എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട എല്ലാവര്‍ക്കും തലയ്ക്കാണ് കൂടുതല്‍ അടിയേറ്റത്. കൊലപാതകത്തിന് പല കാരണങ്ങളുണ്ട്. അന്വേഷണ ഘട്ടമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
അഫാനെതിരെ നിലവില്‍ മറ്റു കേസുകള്‍ ഒന്നുമില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.