തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കൽ കോളജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി നെടുമങ്ങാട് കോടതിയിലേക്ക് പോകും.
മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കടം നൽകിയവർ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നോ എന്നന്വേഷിക്കാനും മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം നീക്കമാരംഭിച്ചു.
അതേസമയം അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംസാരിക്കുന്ന കാര്യത്തിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് ഉച്ചയോടെ ഷെമിയുടെ മൊഴി രേഖപ്പെടുത്തും.
മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയതിനുശേഷം ആയിരിക്കും അഫാൻ്റെ മൊഴി രേഖപ്പെടുത്തുക. ഫോണിലെ ശാസ്ത്രീയ പരിശോധന ഫലമടക്കം പൊലീസ് കാത്തിരിക്കുകയാണ്.