സന്തോഷ് എസ് പി
ഓർമ്മകളിലിന്നും എരിയുന്ന കനലായി സഖാവ് കൂത്താട്ടുകുളം മേരി… അനീതികൾക്കെതിരേ പ്രതിക്ഷേധത്തിൻ്റെ സമരജ്വാല എങ്ങനെ രൂപപ്പെടുത്താമെന്ന് ഇന്നത്തെ യുവാക്കൾ വായിച്ചറിയേണ്ട ജീവിത പുസ്തകമാണ് സഖാവ് കൂത്താട്ടുകുളം മേരി… 1921 സെപ്തംബർ 24 ന് കൂത്താട്ടുകുളത്ത് ജനനം 2014 ജൂൺ 22 ന് വൈക്കത്തിനടുത്തുള്ള വെള്ളൂരിൽ മരണം.
ജനനത്തിനും, മരണത്തിനുമിടയിലുള്ള ജീവിതം മനുഷ്യനന്മയുടെ പോരാട്ട കാലമായിരുന്നു സഖാവിൻ്റേത്. വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സഖാവ് വിദ്യാഭ്യാസത്തിന് ശേഷം കിട്ടിയ സർക്കാർ ജോലി സ്വീകരിക്കാതെ സാമൂഹ്യ പ്രവർത്തനത്തിലേർപ്പെട്ടു. ഇക്കാലയളവിലാണ് സഖാവ് പി കൃഷ്ണപിള്ളയെപ്പോലുള്ളവരെ പരിചയപ്പെട്ട് കമ്മ്യൂണിസത്തിൽ ആകൃഷ്ടയാവുന്നത്. 1948 ൽ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും, ഒളിവിലിരിക്കുന്ന സഖാക്കൾക്ക് രഹസ്യ സന്ദേശമെത്തിക്കുന്ന പാർട്ടി നിയോഗിച്ച ജോലിയിലേർപ്പെടുകയും ചെയ്തു. ആലപ്പുഴയുടെ പേരിനോടൊപ്പം എഴുതി വയ്ക്കാവുന്ന പേരായ സഖാവ് ടി വിയിലൂടെ കമ്മ്യൂണിസത്തിൻ്റെ ആദ്യ പാഠങ്ങൾ പൂർത്തീകരിച്ച സഖാവ് പുന്നപ്ര-വയലാർ സമരഭൂമിയിലേക്ക് എടുത്ത് ചാടി. മാതാപിതാക്കളുടെ എതിർപ്പിനെ മറികടന്ന് മനുഷ്യനന്മയുടെ ചുവന്ന കൊടി ഉയർത്തി പിടിക്കുമ്പോഴും ആ കൗമാരക്കാരിക്കറിയാമായിരുന്നു താൻ നടക്കുന്ന വഴികൾ അത്രയും കല്ലും, മുള്ളും നിറഞ്ഞ ദുഷ്കരമായ പാതയാണെന്നത്. സഖാക്കൾ ഗൗരിയമ്മയും, റോസമ്മ പുന്നൂസും മേരി എന്ന സഖാവിൻ്റെ സഹയാത്രികരായ സഖാക്കളായിരുന്നു. സർ സിപി യുടെ ഏകാധിപത്യത്തിനെതിരേയുള്ള സമരത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു സഖാവ്.
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി നടന്ന പ്രക്ഷോഭത്തിലും സഖാവിൻ്റെ പങ്ക് വലുതായിരിന്നു. 1948 ൽ പാർട്ടി നിരോധിക്കുകയും ഭരണകൂട ദല്ലാളന്മാർ പാർട്ടി പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് കൊന്നൊടുക്കിയ കാലത്ത് സഖാവ് തിരുമാറാടിയിൽ ഒളിവിലിരുന്നാണ് പാർട്ടി പ്രവർത്തനം നടത്തിയത് അവിടെ നിന്ന് പോലീസ് പിടിയിലായ സഖാവിനെ രഹസ്യ സന്ദേശങ്ങൾ കൈമാറുന്ന ആൾ എന്ന കുറ്റം ചുമത്തി ജയിലിലടച്ചു. പോലീസുദ്യോഗസ്ഥനായ തോബിയാസിൻ്റെ നേതൃത്വത്തിൽ ലാത്തിയും, ബയണറ്റിൻ്റെ മുനയും കൊണ്ട് നടത്തിയ ദേഹോപദ്രത്തെ കുറിച്ച് പറയുമ്പോൾ ആ കണ്ണുകളിൽ അണയാത്ത തീഗോളം നമുക്ക് കാണാമായിരുന്നു.
വിപ്ലവ പോരാട്ടത്തിനിടയിലെ പ്രണയത്തെ കുറിച്ചും, പാർട്ടി നേതാവ് സഖാവ് സി എസ് ജോർജുമായുള്ള വിവാഹത്തെക്കുറിച്ചും പറയുമ്പോൾ നാണമുള്ളിലൊതുക്കുന്ന പെൺകുട്ടിയേയും കാണാമായിരുന്നു. മഹിളാ സംഘത്തിൻ്റെ നേതാവായും പ്രവർത്തിച്ച സഖാവ് ഭർത്താവിൻ്റെ വിയോഗത്തോടേ വെള്ളൂരിലെ മകൾ സുലേഖയോടൊപ്പം താമസം ആരംഭിച്ചു. നാല് പെൺമക്കളുടെ അമ്മയായിരുന്നു ആ വിപ്ലവ തേജസ്സ്. നാല് പെൺമക്കളും എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകരായിരുന്നു. മൂത്ത മകൾ ഗിരിജ എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റായിരിന്നു. ബിനോയ് വിശ്വത്തിൻ്റെ ഭാര്യാമാതാവാണ് മേരി.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തെ കുറിച്ചും, പാർട്ടി പിളർപ്പിൻ്റെ ദു:ഖവും സഖാവിൻ്റെ വാക്കുകളിലെപ്പോഴും നിഴലിക്കുമായിരിന്നു.ഇന്ന് രാജ്യം നേരിടുന്ന വിഷലിപ്തമായ വർഗ്ഗീയതക്കെതിരേയും, യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മക്കെതിരേയും, മറ്റെല്ലാ എതിർക്കപ്പെടേണ്ടതിനുമുള്ള പ്രക്ഷോഭ സമരങ്ങൾ എരിഞ്ഞ് തീരാത്ത കനലായ് നിൽക്കുന്ന സഖാവ് കൂത്താട്ടുകുളം മേരി പുതിയ സഖാക്കൾക്ക് ഊർജ്ജമാകും… ഞങ്ങളുടെ തലമുറയിലെ സഖാക്കൾക്ക് അമ്മയും, അമ്മൂമ്മയും അറിവിൻ്റെ നിറവും,അനുഭവങ്ങളുടെ ഓർമ്മയുമായിരിന്നു സഖാവ് കൂത്താട്ടുകുളം മേരി.