സച്ചിൻ ബാബു
ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ആർഎസ്എസിന് സ്വന്തം ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ വേരുറയ്ക്കാൻ സാധിക്കാതിരുന്നതിന്റെ കഥ കൂടി ഈ ലോക്സഭ തെരഞ്ഞടുപ്പ് വേളയിൽ അറിഞ്ഞിരിക്കണം. ആർഎസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിതിൻ ഗഡ്കരി വരുന്നതുവരെ ബിജെപിക്ക് കഷ്ടകാലമായിരുന്നു. 1996-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബൻവാരിലാൽ പുരോഹിത് ജയിച്ചത് ഒഴിച്ചാൽ, ബിജെപിയുടെ കൊടി അതിന് മുൻപ് ഒരിക്കലും നാഗ്പൂരിൽ നിലം തൊട്ടിട്ടില്ല. എന്നാൽ, 1971-ൽ ഇവിടെ ചെങ്കൊടി പാറിയിട്ടുമുണ്ട്. ഫോർവേർഡ് ബ്ലോക്കിന് വേണ്ടി ജമ്പുവന്ത്‌റാവു ധോതെയാണ് വിജയിച്ചത്.
നാഗ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജമ്പുവന്ത്‌റാവു ധോതെ. 1971-ലാണ് അദ്ദേഹം ആദ്യമായി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുന്നത്. അതിന് മുൻപായി അഞ്ച് തവണ മഹാരാഷ്ട്ര നിയമസഭാംഗമായും ധോതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1962, 1967 കളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥിയായും 1978ൽ കോൺഗ്രസ് അംഗമായുമായിയാണ് ധോതെയെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തത്. ‘വിദർഭ് കേസരി’ അല്ലെങ്കിൽ വിദർഭയുടെ സിംഹം എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളെ പിന്തുടർന്ന വ്യക്തി കൂടിയാണ് അദ്ദേഹം. നാഗ്പൂർ തലസ്ഥാനമാക്കി വിദർഭ എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം നിരവധി തവണ അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. വിദർഭയിലെ സാധാരണ ജനങ്ങൾക്കും കർഷകർക്കും പ്രചോദനം നൽകുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ നാടിന്റെ പുരോഗതിക്കും വികസനത്തിനും ഊന്നൽ നൽകിയായിരുന്നു അദ്ദേഹം ജീവിതം നയിച്ചത്.
മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിൽ അംഗത്വം സസ്‌പെൻഡ് ചെയ്യപ്പെടുന്ന ആദ്യ എംഎൽഎ കൂടിയാണ് ധോതെ 1964-ൽ സ്പീക്കറുടെ ചേംബറിലേക്ക് പേപ്പർ വെയ്റ്റ് എറിഞ്ഞ് സംഭവത്തിൽ അദ്ദേഹത്തിൻ്റെ അംഗത്വം റദ്ദാക്കപ്പെട്ടിരുന്നു. 2013ൽ നാഗ്പൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മർദിച്ചതിന് ധോതെ അറസ്റ്റ് ചെയ്തു. 2002-ൽ കോൺഗ്രസ് വിട്ടശേഷം അദ്ദേഹം സ്വന്തമായി വിധർഭ ജനതാ കോൺഗ്രസ് (വിജെസി) പാർട്ടി സ്ഥാപിച്ചു.
ആർഎസ്എസിന്റെ ആസ്ഥാനമന്ദിരം ഉൾപ്പെടുന്ന നാഗ്പൂർ ലോക്സഭ മണ്ഡലത്തിനു പറയാനുള്ളത് ഈ തീപൊരി നേതാവിന്റെ ചരിത്രം കൂടിയാണ്. മണ്ഡലത്തിന്റെ പൊതുചിത്രം പരിശോധിച്ചാല്‍, കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടായിരുന്ന മണ്ഡലമാണ് നാഗ്പൂര്‍.
2014-ല്‍ നിതിന്‍ ഗഡ്കരി 2,84,848 വോട്ടിനാണ് വിജയിച്ചത്. വിലാസ് മുത്തെവാര്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 5,87,767 വോട്ടാണ് ഗഡ്കരിക്ക് ലഭിച്ചത്. 3,02,919 വോട്ടാണ് വിലാസിന് ലഭിച്ചത്.
2019-ല്‍ ഗഡ്കരിയുടെ ഭൂരിപക്ഷം 2,16,009 ആയി കുറഞ്ഞു. 6,60,221 വോട്ടാണ് ഗഡ്കരിക്ക് ലഭിച്ചത്. പിസിസി അധ്യക്ഷനായിരുന്ന നാന പടോള്‍ ആയിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 4,44,212 വോട്ടാണ് പട്ടോളിന് ലഭിച്ചത്.