തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജുകളിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യയുടെ പ്രവർത്തികൾ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതിനു കാരണമാകുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.
മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ടു വരുന്ന ആരോപണങ്ങൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾ എൽഡിഎഫ് സർക്കാരിന്റെ പ്രതിശ്ചായക്ക് മങ്ങലേൽപ്പിക്കുമെന്നും ഇടതു വിരുദ്ധ ശക്തികർക്ക് കരുത്തു പകരുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൂടായെന്നും എൻ അരുണും ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
യോഗ്യതയുള്ള നിരവധി യുവാക്കൾ ജോലിക്കായ് പുറത്തു കാത്തു നിൽക്കുമ്പോൾ തട്ടിപ്പുകളിലൂടെ ചിലർ തൊഴിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.