ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ. കേസിൽ 21 പ്രതികളുള്ള കേസിൽ 16-ാം പ്രതി ആണ് കുഴൽനാടൻ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.
എഫ് ഐ ആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.കഴിഞ്ഞ ദിവസം വൈകിട്ടാണ് എഫ്.ആർ രജിസ്റ്റർ ചെയ്തത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സ്ഥലം കൂടുതൽ കൈവശപ്പെടുത്തിയെന്ന് വിജിലൻസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.