1960 ലും 67 ലും 70 ലും നിയമസഭ സാമാജികനും 67 ൽ മുഖ്യമന്ത്രിയുമായി രാഷ്ട്രീയ ഭൂപടത്തിൽ പട്ടാമ്പിയെ അടയാളപ്പെടുത്തി ഇ എം എസ്,
1980 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ചു എ കെ ആന്റണി നേതൃത്വം നൽകിയ കോൺഗ്രസ് (യു), കെ എം മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) എന്നീ ഘടകകക്ഷി വിഭാഗങ്ങളുടെ പിന്തുണയിൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയാകുമ്പോൾ നായനാരുടെ മണ്ഡലം മലമ്പുഴ,
2006 ൽ വി എസ് അച്യുതാനന്ദനെ കേരളത്തിന്റെ മുഖ്യനാക്കിയതും ഇതേ മലമ്പുഴ.
അതെ, പാലക്കാടുമായി ഇടത് മുന്നണിക്കുള്ള ബന്ധം അത് വൈകാരികം തന്നെയാണ്. ഇനി പാർലമെന്റ് മണ്ഡലത്തിന്റെ ചരിത്രം നോക്കിയാലോ!
എകെജിയെയും നായനാരെയും പാർലമെന്റിലേക്കയച്ച മണ്ഡലം ഒരു കാലത്ത് തുടർച്ചയായ ജയങ്ങളിലൂടെ ഇടത് പക്ഷത്തിന്റെ കയ്യിൽ സുരക്ഷിതവുമായിരുന്നു. ലോകസഭാ മണ്ഡലം നിലവിൽ വന്ന 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ അഞ്ച് തവണ മാത്രമായിരുന്നു കോൺഗ്രസ് വിജയം.
തെരഞ്ഞെടുപ്പ് ചരിത്രങ്ങളിലൂടെ,
1957 ൽ സിപിഐയുടെ പി കെ കുഞ്ഞനിലൂടെയായിരുന്നു ഇടതു പക്ഷത്തിന്റെ ആദ്യ ജയം. 62 ലും പി കെ കുഞ്ഞനിലൂടെ ഇടത് വിജയം ആവർത്തിച്ചു. 1967 ലായിരുന്നു ഇ കെ നായനാരുടെ തേരോട്ടം.1971 ൽ സാക്ഷാൽ എകെജി. 1977ൽ സുന്നാ സാഹിബും 1980,1984 തെരഞ്ഞെടുപ്പുകളിൽ വി എസും വിജയ രാഘവനും ടി ശിവദാസ മേനോനെ പരാജയപ്പെടുത്തി പാലക്കാടിന്റെ പ്രതിനിധികളായി. 1989 ൽ ഹാട്രിക് ജയം തേടിയിറങ്ങിയ വി എസ് വിജയ രാഘവനെ വീഴ്ത്തിയത് എ വിജയ രാഘവൻ 1991 ലും വിജയരാഘവൻമാരുടെ തന്നെ പോരാട്ടം, ഇക്കുറി വി എസ് വിജയ രാഘവൻ.
1996 മുതൽ 2004 വരെ എൻ എൻ കൃഷ്ണ ദാസിന്റെ സർവ്വാധിപത്യം. 96ലും 98 ലും 2004 ലും വി എസ് വിജയ രാഘവനും 99 ൽ എം ടി പത്മയുമായിരുന്നു എതിരാളികൾ. 2009 മുതൽ 2019 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ഇടത് പക്ഷത്തിന്നായി അങ്കത്തിന്നിറങ്ങിയത് എം ബി രാജേഷ് ആയിരുന്നു. 2009 ൽ സതീശൻ പാച്ചേനിയെ 1820 വോട്ടുകൾക്ക് കീഴടക്കിയാണ് രാജേഷ് പാലക്കാട് കന്നി ജയം കുറിച്ചത്.
2014 ൽ രാജേഷിനെ തളക്കാൻ എത്തിയത് സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്ര കുമാർ. യു ഡി എഫ് ധാരണ പ്രകാരം സോഷ്യലിസ്റ്റ് ജനതക്ക് നൽകിയ സീറ്റിൽ കരുത്തനായ സ്ഥാനാർത്ഥിയിലൂടെ രാജേഷിനെ മലർത്തിയടിക്കാമെന്ന യു ഡി എഫ് മോഹത്തിന് പാലക്കാടൻ ജനതയിൽ നിന്ന് ലഭിച്ച മറുപടി 105300 വോട്ടുകളുടെ കനത്ത തോൽവിയായിരുന്നു. 2019 ൽ കാൽ നൂറ്റാണ്ടിന് ശേഷമുള്ള മണ്ഡലത്തിൽ യു ഡി എഫ് അട്ടിമറിയിൽ 11637 വോട്ടുകൾക്ക് രാജേഷ് വി കെ ശ്രീകണ്ഠനോട് പരാജയപ്പെട്ടു.
കഴിഞ്ഞ തവണ നിസ്സാര വോട്ടുകൾക്ക് നഷ്‌ടമായ മണ്ഡലം ഇക്കുറി വൻ ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം തന്നെയാണ് ഇടത് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത്. സി പി എമ്മിന്റെ മുതിർന്ന നേതാവ് എ വിജയ രാഘവന്റെ സ്ഥാനാർഥിത്വം ഇടത് പ്രവർത്തകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജന ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്ര ഭരണത്തോടുള്ള ജന രോഷവും വോട്ടിങ്ങിൽ ശക്തമായി പ്രതിഫലിക്കും. നിയമ സഭ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ 113024 വോട്ടുകൾക്ക് മുന്നിലുമാണ് എൽ ഡി എഫ്
കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയായ കഞ്ചിക്കോടും കേരളത്തിലെ ഏറ്റവും വലിയ ആദിവാസി മേഖലയായ അട്ടപ്പാടിയും ഉൾപ്പെടുന്ന മണ്ഡലമെന്ന വിശേഷണം കൂടിയുള്ള പാലക്കാട് പ്രധാനമായും ചർച്ച ചെയ്യപ്പെടുക വികസന പ്രശ്നങ്ങൾ തന്നെയായിരിക്കും. എം പി യെന്ന നിലയിലുള്ള വി കെ ശ്രീകണ്ഠന്റെ പ്രകടനം യുഡിഎഫിന് വൻ തിരിച്ചടിക്കിടയാക്കും. ഇടത് പക്ഷ മെമ്പർമാരുടെ വികസനമല്ലാതെ മറ്റൊന്നും മണ്ഡലത്തിൽ കാണാനില്ലെന്നും ശ്രീകണ്ഠന് മണ്ഡലത്തിൽ കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് നിഷ്പക്ഷ വോട്ടർമാർ അടക്കമുള്ളവർ പ്രതികരിക്കുന്നത്.
പാർലമെൻറിലും മണ്ഡലത്തിന് വേണ്ടി ശബ്ദമുയർത്താൻ എംപി ശ്രമിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇടത് മുന്നണിയുടെ ഉറച്ച കോട്ട ഇടവേളക്ക് ശേഷം ഇടത്തോട് എന്നതാണ് മണ്ഡലത്തിന്റെ പൊതു വികാരം!
(ലേഖനത്തിന്റെ തുടക്കത്തിൽ ”1960 ലും 67 ലും 70 ലും നിയമസഭാസാമാജികനും 67 ൽ മുഖ്യമന്ത്രിയുമായി രാഷ്ടീയഭൂപടത്തിൽ പട്ടാമ്പിയെ അടയാളപ്പെട്ടുത്തി ഇ എം എസ്” എന്ന പരാമർശത്തോട് ചേർത്ത് ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. 1965 ലെ തെരഞ്ഞെടുപ്പിലും ഇ എം എസ് പട്ടാമ്പിയിൽ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ 1965 മാർച്ച് 17 ന് സഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ 133 അംഗങ്ങളുണ്ടായിരുന്ന സഭ സത്യപ്രതിജ്ഞ നടത്താതെ മാർച്ച് 24 ന് ഗവർണ്ണറായിരുന്ന വി.വി. ഗിരിയുടെ ശുപാർശപ്രകാരം അന്നത്തെ ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ പിരിച്ചുവിടുകയായിരുന്നു )