Thursday, November 21, 2024
spot_imgspot_img
HomeIndiaബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്; ഇത് പെൺകരുത്തിന്റെ വിജയം

ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്; ഇത് പെൺകരുത്തിന്റെ വിജയം

ടി കെ മുസ്തഫ വയനാട്

“ഒന്നിനും കൊള്ളാത്ത ഓട്ടക്കാലണയെന്ന് എന്നെ പരിഹസിച്ചു
ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ചു’’

ലോക ചാമ്പ്യൻഷിപ്പും, ഏഷ്യൻ ഗെയിംസും, കോമൺവെൽത്ത് ഗെയിംസുമടക്കം ഒട്ടേറെ അന്തർദേശീയ വേദികളിൽ രാജ്യത്തിൻറെ അഭിമാനമായി മാറിയ ഗുസ്തി താരം നിറ കണ്ണുകളോടെ അന്ന് ജന്ദർമന്ദറിലെ സമരവേദിയിൽ വെച്ച് മൊഴിഞ്ഞപ്പോൾ വിതുമ്പിയത് രാജ്യം മൊത്തമായിരുന്നു. മൂന്ന് ലോകോത്തര താരങ്ങളെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ശേഷം കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏതാനും ഗ്രാം ഭാരം വർദ്ധിച്ചു എന്നാരോപിച്ച് വിലക്ക് നേരിട്ടപ്പോൾ വീണ്ടും വിതുമ്പി രാജ്യം.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ട് നേടിയ 6140 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള വിജയം ഭരണത്തിന്റെ സമസ്ത തലങ്ങളിലുമുള്ള സംഘ് പരിവാറിന്റെ കാവിവത്കരണത്തിനും സ്ത്രീവിരുദ്ധതക്കുമേറ്റ കനത്ത തിരിച്ചടിയാണ്. ഫാസിസ്റ്റ് ഭരണ വർഗ്ഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഇരകളുടെ ശബ്ദത്തെ കൂടുതൽ ഞെരിച്ചമർത്താനും അവരുടെ വായ് മൂടികെട്ടാനുമായുള്ള അത്യന്തം നെറികെട്ട വ്യവസ്ഥക്കെതിരെയുള്ള വിനേഷ് ഫോഗട്ടിന്റെയും കൂട്ടരുടെയും രാജ്യ തലസ്ഥാനത്തെ ഐതിഹാസിക പോരാട്ടത്തിന്റെ കൂടി വിജയമായി ഇതിനെ കാണണം.

ലൈംഗികാതിക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട പാർലമെന്റ് മെമ്പറും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡണ്ടുമായ ബ്രിജ്‌ ഭൂഷൺ ശരൺ സിങിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ ഭരണ കൂടം കാണിച്ച നിഷ്‌ക്രിയാവസ്ഥക്കെതിരിൽ പ്രതിഷേധിച്ചു കൊണ്ടാണ് അന്ന് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽ രത്നയും പത്മ ശ്രീയുമടക്കം നേടിയവരടക്കമുള്ള രാജ്യാന്തര കായിക താരങ്ങൾ സമാനതകളില്ലാത്ത പോർമുഖം തുറന്നത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ്‌ ഭൂഷൺ സിങ് വർഷങ്ങളായി തങ്ങളെ പീഡിപ്പിക്കുന്നുവെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടും വിനേഷ് ഫോഗട്ടിന്റെയും സാക്ഷി മാലികിന്റെയും ബജ്രംഗ് പൂനിയയുടെയും നേതൃത്വത്തിൽ കായിക താരങ്ങൾ രംഗത്ത് വന്നത് 2023 ജനുവരി 18 നാണ്.
ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ബോക്സിങ് താരം മേരി കോമിന്റെ അധ്യക്ഷതയിൽ ഏഴംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയും നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് അന്നത്തെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രായപൂർത്തി ആകാത്ത വ്യക്തി ഉൾപ്പെടെ ഏഴ് വനിത ഗുസ്തി താരങ്ങൾ ഡൽഹി പോലീസിൽ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എഫ് ഐ ആർ റജിസ്‌റ്റർ ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെടുകയും പ്രസ്തുത പരാതി സുപ്രീം കോടതിയിൽ എത്തുകയും ചെയ്തതോടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി ഡൽഹി സർക്കാർ കേസെടുത്തെങ്കിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്താതെ നടപടികൾ വൈകിപ്പിച്ച് വിഷയം നിസ്സാര വത്കരിക്കാനും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തർ പ്രദേശിലെ ഉന്നതനായ നേതാവിനെ സംരക്ഷിക്കാനുമാണ് ശ്രമിച്ചത്. ഇതേ തുടർന്നാണ് ഏപ്രിൽ 23 ന് വീണ്ടും തെരുവിൽ സമരത്തിനിറങ്ങാൻ താരങ്ങൾ നിർബന്ധിതരായത്.

കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ടിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം സമരം ചെയ്യുന്ന കായിക താരങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് ഭരണ കൂടം തുടക്കം മുതൽ ശ്രമിച്ചത്. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനദിനത്തിൽ താരങ്ങൾ നടത്തിയ മാർച്ചിനെ ഡൽഹി പൊലീസ്‌ നേരിട്ട രീതി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവിന് വേണ്ടിയാണെന്നോർത്ത് അന്ന് രാജ്യത്തിന് ലജ്ജിച്ചു തല താഴ്ത്തേണ്ടി വന്നിരുന്നു. ഒളിമ്പിക്‌സ്‌ അടക്കം പല അന്തർദേശീയ കായികവേദികളിലും നമ്മുടെ ദേശീയഗാനം ഉയർന്നുകേൾക്കുന്നതിന്‌ ഇടവരുത്തിയ അഭിമാന താരങ്ങൾ തെരുവിൽ നിഷ്‌കരുണം വലിച്ചിഴയ്‌ക്കപ്പെട്ടപ്പോൾ ചോദ്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ ആത്മാഭിമാനവും നിയമ വാഴ്ചയുമായിരുന്നു.

ലോക ഗുസ്തി ഫെഡറേഷൻ അടക്കം താരങ്ങൾക്ക് എതിരായ നടപടിയെ ശക്തമായി അപലപിച്ചു രംഗത്ത് വന്നു. നീതി നിഷേധത്തിൽ മനം നൊന്ത് താരങ്ങൾ ഹരിദ്വാറിൽ എത്തി മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ കണ്ണീരോടെ തയ്യാറാകുന്ന കാഴ്‌ച ആഗോള തലത്തിൽ തന്നെ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കുറച്ചൊന്നുമല്ല മങ്ങ ലേൽപ്പിച്ചത്. പ്രക്ഷോഭം അന്തർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അതിജീവന പോരാട്ട പാതയിൽ അജയ്യരായി നില കൊണ്ട ഗുസ്തി താരങ്ങൾക്കുള്ള പിന്തുണയുമായെത്തുകയും ചെയ്തപ്പോൾ മാത്രമാണ് ഭരണ കൂടം താരങ്ങളുമായി ചർച്ചക്ക് തയ്യാറായത്.

അനുരാഗ് ഠാക്കൂർ ബ്രിജ് ഭൂഷൺ വിഷയത്തിലും സമരക്കാർക്ക് എതിരിൽ ചാർത്തിയ കേസുകളുടെ കാര്യത്തിലും നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് തെരുവിലെ സമരം അവസാനിപ്പിച്ച് താരങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. നിയമ പോരാട്ടം തുടരുമെന്നവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോക വേദികളിൽ രാജ്യത്തിനായി അഭിമാന നേട്ടങ്ങൾ കൈവരിച്ചവർ തെരുവോരങ്ങളിൽ നീതിക്കായി കേഴേണ്ട അവസ്ഥ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത ഇനിയെങ്കിലും ഭരണ കൂടം കാണിക്കുമെന്നും ആരോപണ വിധേയനായ വ്യക്തിക്കെതിരെ നിഷ് പക്ഷ അന്വേഷണം നടത്തി നീതിയുക്തമായ വിധി ഉണ്ടാകുമെന്നുമുള്ള കാഴ്ചപ്പാടുകളെ തീർത്തും അപ്രസക്തമാക്കിക്കൊണ്ട് ബ്രിജ് ഭൂഷൻ സിങിന് ഡൽഹി റോസ് അവന്യു കോടതി അതിനിടെ ജാമ്യം അനുവദിക്കുകയുണ്ടായി.

ആത്മ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായ കായിക താരങ്ങൾക്കെതിരെ രാഷ്ട്രീയ പക്ഷപാതിത്വത്തോട് കൂടിയുള്ള പരാമർശങ്ങൾ സമര കാലയളവിൽ ഉയർന്നു വന്നത് രാജ്യത്തെ കായിക മേഖലയുടെയും കായിക താരങ്ങളുടെയും വളർച്ചക്കും ഉന്നമനത്തിനും നിയുക്തരായ ചിലരിൽ നിന്നാണെന്നതും ഈയവസരത്തിൽ ഓർത്തു പോകുന്നു.അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ യശ സ്സുയർത്തിയവരെ നിർദ്ദയം അവഗണിച്ചും മാനസികമായും ശാരീരികമായും ആക്രമിച്ചും കൊണ്ട് പീഡകനെയും അധികാര ദുർവിനിയോഗം നടത്തുന്നവരെയും സംരക്ഷിക്കുന്ന സമീപനമാണ് രാജ്യം കണ്ടത്. തീർന്നില്ല, കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ ഒളിമ്പിക് ചാമ്പ്യനെയും അമേരിക്കൻ ചാമ്പ്യനെയും യൂറോപ്യൻ ചാമ്പ്യനെയും കീഴ്പ്പെടുത്തി ഫൈനലിൽ അമേരിക്കൻ താരം ഹിൽദേ ബ്രാന്റിനെ നേരിടാൻ ഒരുങ്ങുമ്പോഴാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് മത്സര ദിവസം രാവിലെ ഫോഗട്ടിന് വിലക്ക് വരുന്നത്.

താരത്തിന് അനുവദിക്കപ്പെട്ട ഭാരം അൻപത് കിലോ ഗ്രാമിനേക്കാൾ നൂറ് ഗ്രാം വർദ്ധനവ് ഉണ്ടായെന്നാരോപിച്ചായിരുന്നു വിലക്ക്.പാരിഷ് ഒളിമ്പിക്സിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാൻ ബ്രിജ്‌ ഭൂഷൺ സിംഗ് അടക്കമുള്ളവർ ശ്രമിക്കുന്നതായി വിനേഷ് ഫോഗട്ടിന്റെ നേരത്തെയുള്ള ആരോപണവും അയോഗ്യത പ്രഖ്യാപിച്ച വേളയിൽ അപ്പീൽ നൽകുന്ന വിഷയത്തിലടക്കം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സ്വീകരിച്ച നിലപാടുകളും നിരവധി സംശയങ്ങൾക്കിട വരുത്തിയിരുന്നു.അയോഗ്യതയെ തുടർന്ന് വിനേഷ് ഫോഗട്ടിന്നെതിരിൽ ഭരണ കക്ഷി എം പി മാർ നടത്തിയ പ്രതികരണങ്ങൾ അവർ സംഘ് പരിവാറിന് എത്ര മാത്രം അനഭിമതയായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. അത് കൊണ്ട് തന്നെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത കേവല യാദൃശ്ചികതയായി വിലയിരുത്താൻ കഴിയില്ല.

കേന്ദ്ര കായിക യുവജന കാര്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ള 62 കായിക അസോസിയേഷനുകളുടെയും ഫെഡറേഷനുകളുടെയും തലപ്പത്ത് സംഘ് പരിവാർ നേതാക്കളെയും അനുഭാവികളെയും നിയമിച്ച് കായിക മേഖലയെ സമ്പൂർണ്ണമായും കാവി വത്കരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കുറ്റ കൃത്യങ്ങളുടെ മനോ ഘടനയും അക്രമ വാസനയും ക്രിമിനൽ പശ്ചാത്തലവുമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ച് കൊണ്ട് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനവും അതോടൊപ്പം സ്വീകരിക്കുന്നു. അത് കൊണ്ട് തന്നെ വിനേഷ് ഫോഗട്ടിന്റെ ജുലാനയിലെ വിജയം ജനാധിപത്യത്തിന്റെ കൂടി വിജയമാണ്.വിമർശനങ്ങളോട് കാട്ടുന്ന അസഹിഷ്ണുതക്കും വിയോജിപ്പുകളെ കായികമായി നിശബ്ദമാക്കുന്ന ജനാധിപത്യവിരുദ്ധതക്കുമെതിരിലുള്ള ജയം.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares