ഗോദയ്ക്കകത്തും പുറത്തും പോരാട്ടത്തിന്റെ പേരാണ് വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ വിനേഷ് മെഡലുറപ്പിച്ചു. മാസങ്ങൾക്കു മുൻപ് ഡൽഹി വീഥികളിൽ നിന്നും മാനത്തിനായി പോരാടി തലകുനിച്ചു മടങ്ങിയ താരമിന്ന് പാരിസിൽ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയർത്തുകയാണ്. ഈ നേട്ടം ഒരു പ്രതികാരത്തിന്റെ വിജയം കൂടിയാണ്. തണുത്തുറഞ്ഞ ഡൽഹിയുടെ വീഥികളിൽ മാനത്തിനു വിലയിടുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തെ അടിച്ചമർത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ പ്രതികാരം. നീതിയ്ക്കായി വാതിലുകളെല്ലാം മുട്ടിയിട്ടും കിട്ടാത്ത നീതിയിൽ പൊട്ടികരഞ്ഞവളാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നത്. അവൾ രാജ്യത്തിനായി എന്നും പോരാടുന്നു എന്നാൽ രാജ്യത്തിന്റെ ഭരണകർത്താക്കളുടെ അനീതിയ്ക്ക് പാത്രമായവൾ. പാരിസിൽ ഫൈനലിനിറങ്ങുകയാണ് വിനേഷ് ഫോഗട്ട്. താണ്ടിയെത്തിയത് ലോകോത്തര താരങ്ങളെ മാത്രമല്ല, നീതിയുടെ പോരാട്ടത്തിനു വിലങ്ങുതടിയായി നിന്ന ഉത്തരാവാദിത്തപ്പെട്ടവരെ പോലും മലർത്തിയടിച്ച് അവൾ മുന്നേറുകയാണ്. കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും മലർത്തിയടിക്കാനൊരു കൂട്ടമുണ്ടായിരുന്നു അവൾക്ക്.
നേട്ടങ്ങളുടെ കൊടുമുടിയുൽ നിന്നൊരു കാലത്താണ് വിനേഷ് ഫോഗട്ടിന് പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്, ജൂനിയർ താരങ്ങളടക്കം ബ്രിജ് ഭൂഷണാൽ അപമാനിതരായി എന്നൊരൊറ്റ കാരണം കൊണ്ട്. സാക്ഷി മാലിക്കും ബജ്‍രംങ് പൂനിയയുമുണ്ടായിരുന്നൊപ്പം, ഒരു വർഷം നീണ്ട സമരം ജന്തർ മന്ദിറും കടന്ന് ദില്ലിയിലെ തെരുവിലും പടർന്നെങ്കിലും അധികാര കേന്ദ്രങ്ങൾ ഉണർന്നില്ല. സാക്ഷിയും വിനേഷും തെരുവിൽ വലിച്ചിഴക്കപ്പെട്ടു.
ഒടുവിൽ മെഡൽ ഒഴുക്കാൻ ഗംഗ തീരം വരെ പോയ താരങ്ങളെ കർഷകരാണ് തിരികെ വിളിച്ചത്. ഒരു വർഷം പിന്നിട്ട സമരത്തിന്‍റെ നിരാശയിൽ സാക്ഷി പ്രിയപ്പെട്ട ഗോദയോട് വിടപറഞ്ഞു. കായിക രംഗത്തെ പരമോന്നത ബഹുമതി തിരിച്ചു നൽകി ബംജ്രംങ് പൂനിയ. തനിക്ക് ലഭിച്ചതെല്ലാം തിരികെ നൽകി മടങ്ങിയ വിനേഷ് ഒന്ന് മാത്രം ബാക്കി വച്ചു.അനീതിയോടുളള നിലയ്ക്കാത്ത പോരാട്ടം.
സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയാണ് വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡാണ് കലാശപ്പോരില്‍ എതിരാളി.
ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിത്. ക്വാർട്ടർ ഫൈനലില്‍ യുക്രെയ്‌ന്റെ ഒക്സാന ലിവാച്ചിനെയായിരുന്നു പരാജയപ്പെടുത്തിയത്. 7-5 എന്ന സ്കോറിനായിരുന്നു ജയം.