ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ വിമർശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഒളിമ്പിക് ഫൈനലിൽ അയോഗ്യയാക്കപ്പെട്ടപ്പോൾ പി ടി ഉഷയിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. ആശുപത്രിയിലെത്തി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കുക മാത്രമാണ് ചെയ്തത്. ഒന്നും പറയാതെ പ്രസിഡന്റ് മടങ്ങി. അനുമതിയില്ലാതെ ഫോട്ടോ പങ്കുവച്ചു- വിനേഷ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും വിനേഷ് പറഞ്ഞു.
പാരീസ് ഒളിമ്പിക് ഫൈനലിനുമുമ്പ് ഭാരപരിശോധനയിൽ പരാജയപ്പെട്ട് വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്.