ന്യൂഡൽഹി: സൈന്യത്തിൽ കരാർ നിയമനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. സേനയിലെ റിക്രൂട്ട്മെന്റിനുള്ള കേന്ദ്രസർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും രാജസ്ഥാനിലും യുപിയിലും യുവാക്കൾ പ്രതിഷേധവുമായി എത്തി. ബീഹാറിൽ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ഉദ്യോഗാർത്ഥികൾ റോഡും ട്രെയിനും ഉപരോധിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ബിഹാറിലെ ഭാഭുവ റോഡ് റെയിൽവേ സ്‌റ്റേഷനിലെ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു. “ഇന്ത്യൻ ആർമി ലൗവേർസ്” എന്ന ബാനറുയർത്തിയണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിനിറങ്ങിയത്.
പ്രതിഷേധക്കാർ മുസാഫർപൂരിലെ മാദിപൂരിൽ തീയിടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനുപുറമെ അറയിലും സംഘർഷമുണ്ടായി. യുപിയിലെ അംബേദ്കർ നഗർ ജില്ലയിലും ധാരാളം യുവാക്കൾ പദ്ധതിയെ എതിർത്ത് രംഗത്ത് വന്നു. രാജസ്ഥാനിലെ ജയ്പൂരിലും പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ റോഡിലിറങ്ങി.
ബുധനാഴ്ച മുസാഫർപൂരിലെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി റോഡിലിറങ്ങി പ്രകടനം നടത്തി. ആദ്യം സമരക്കാർ ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് മുന്നിൽ അവിടെ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിഷേധക്കാർ മദിപൂരിൽ തീയിട്ട് റോഡ് ഉപരോധിച്ചു. ഇതോടൊപ്പം റോഡിന് ചുറ്റുമുള്ള ബോർഡുകളും ഹോർഡിംഗുകളും തകർക്കാനുള്ള ശ്രമവും നടന്നു.
സേനയിൽ നാല് വർഷത്തെ കരാർ നിയമനം നൽകുന്നതാണ് അഗ്നിപഥ് പദ്ധതി. പദ്ധതിക്ക് കീഴിൽ, 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള 45,000 പേരെ നാല് വർഷത്തെ സേവനത്തിൽ സേനയിൽ ഉൾപ്പെടുത്തും. ഈ കാലയളവിൽ അവർക്ക് 30,000-40,000 രൂപ ശമ്പളവും അലവൻസുകളും നൽകും. മെഡിക്കൽ, ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. നാല് വർഷം പൂർത്തിയാകുന്ന മുറക്ക് ഇവരിൽ 25 ശതമാനം പേർക്ക് സേനയിലെ നോൺ ഓഫീസർ തസ്തികയിൽ 15 വർഷത്തേക്ക് നിയമനം നൽകുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും ചെയ്യുമെന്നതാണ് കേന്ദ്ര സർക്കാർ അഗ്നിപഥിലൂടെ സേനയിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ പരിഷ്കാരം. ഇവർക്ക് പെൻഷൻ ആനുകൂല്യം ഉണ്ടാകുകയില്ല. പകരം പിരിച്ചുവിടുമ്പോൾ ഇവർക്ക് 11-12 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജ് നൽകും. ഇത്തരം നിയമനങ്ങൾ സൈന്യത്തിലെ ജോലി സ്വപ്നം കണ്ടിരിക്കുന്ന ഉദ്യോഗാർത്ഥിയെ സംബന്ധിച്ച് തിരിച്ചടിയാണ്.