തിരുവനന്തപുരം: കേരള വികസന അധ്യായത്തിൽ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിൻറെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമായി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്.
തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂർത്തീകരിക്കാൻ സഹകരിച്ച കരൺ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികൾക്കെതിരെ ഒന്നായി പോരാടിയതിൻറെ ഫലമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. ഇനി മൂന്നു ഘട്ടം കൂടി പൂർത്തിയാക്കാനുണ്ട്. 2028 ഓടെ വിഴിഞ്ഞം തുറമുഖം സമ്പൂർണ തുറമുഖമായി മാറും. അപ്പോൾ ഇന്ത്യക്ക് മാത്രമല്ല, അയൽരാജ്യങ്ങൾക്ക് കൂടി ഈ തുറമുഖം സഹായകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്ത് മുഖ്യ കടൽപ്പാതയോട് ചേർന്നു നിൽക്കുന്ന മറ്റൊരു തുറമുഖമില്ല. അഴിമതി സാധ്യതകളെല്ലാം അടച്ചാണ് തുറമുഖം പ്രവർത്തന സജ്ജമാക്കിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തുറമുഖം പൂർണ സജ്ജമാകുന്നതോടെ വിഴിഞ്ഞം കണ്ടെയ്‌നർ ബിസിനസിൻരെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം ടൂറിസം രംഗങ്ങളിൽ വലിയ വികസനത്തിനും സംസ്ഥാന്തതിന്റെ സാമ്പത്തിക വികസനത്തിനും ഈ തുറമുഖം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധ വ്യവസായങ്ങൾക്ക് പ്രദേശത്ത് അനന്തമായ സാധ്യതയാണ് കാണുന്നത്. അവ പ്രയോജനപ്പെടുത്താൻ വാണിജ്യ-വ്യവസായ രംഗങ്ങളിലുള്ള സംരംഭകർ തയ്യാറാകുമെന്ന് കരുതുന്നു. വിഴിഞ്ഞത്ത് കപ്പലുകൾ എത്തിച്ചേരുന്നത് സംസ്ഥാനത്തിന്റെ നികുതി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുന്നതിക്കുന്നതിനായി മുൻതുറമുഖ വകുപ്പ് മന്ത്രിമാരായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയും അഹമ്മദ് ദേവർകോവിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമായത് ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തി കൊണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചടങ്ങിൽ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എംപിമാരും എംഎൽഎമാരും അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുത്തു.