ഈരാറ്റുപേട്ട: വഖഫ് ഭേദഗതി ബില്ല് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റവും എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു.
വഖഫ് ബോർഡുകളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് സ്വയം ഭരണാവകാശം ഇല്ലാതാക്കുകയും മത നിയമപ്രകാരം വഖഫ് ആയി ഉപയോഗിച്ചു വന്ന വസ്തുക്കൾ അങ്ങനെയാകണമോ എന്ന് സർക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്യുന്നതോടെ ഫലത്തിൽ വഖഫ് ബോർഡ് വെറും കാഴ്ചക്കാരായി മാറുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നും, മതപരമോ ആത്മീയമോ സേവനപരമോ ആയ പ്രവർത്തനങ്ങൾക്കുവേണ്ടി ദാനം ചെയ്തിട്ടുള്ള സ്വത്തുക്കൾ പിടിച്ചെടുക്കാനും ഭരണഘടന വിവിധ മത വിഭാഗങ്ങൾക്ക് തങ്ങളുടെ സ്ഥാപനങ്ങൾ നിർമ്മിക്കാനും കൈകാര്യം ചെയ്യാനുമുറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ കവർന്നെടുക്കാനുമാണ് ഇതിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു.എഐവൈ എഫ് ജില്ലാ സെക്രട്ടറി ഷമ്മാ സ് ലത്തീഫ്, മണ്ഡലം സെക്ര ട്ടറി ആർ രതീഷ്, സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീ ബ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ എസ് രാജു, എൽ ഡിഎഫ് കൺവീനർ നൗഫൽ ഖാൻ, എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗങ്ങളായ സുനൈ സ് എം പി, റെജീന സജിൻ, അനീഷ് തോമസ്, അമീൻ കെ ഇ തുടങ്ങിയവർ സംസാരിച്ചു.