വാറങ്കല്‍: തെലങ്കാനയിലെ വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ബിനോയ് വിശ്വത്തോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി സിപിഐ നേതാക്കളെയും ഹനുമാന്‍കൊണ്ട പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് പുറത്തുവരുന്ന വിവരം.
സമാനമായ രീതിയില്‍ മെയ് പതിനെട്ടിന് ബിനോയ് വിശ്വത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് നൂറുകണക്കിന് കര്‍ഷകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതിഷേധിച്ചതിനാൽ പൊലീസിനു അദ്ദേഹത്തെ വിട്ടയക്കേണ്ടി വന്നു.
‘മെയ് പതിനെട്ടിന് ഞങ്ങളുടെ ജനങ്ങളെ കാണാനെത്തിയപ്പോള്‍ അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്തു. ഇന്ന് അവര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ ജനങ്ങളെ കണ്ടു. ഞങ്ങള്‍ സമാധനപരമായി മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസ് ബലം പ്രയോഗിച്ചു നിരവധിപേരെ അറസ്റ്റ് ചെയ്തു. ഞങ്ങളിപ്പോള്‍ ഹനുമന്‍കൊണ്ട പൊലീസ് സ്റ്റേഷനിലാണുള്ളത്’ എന്നും ബിനോയ് വിശ്വം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വാറങ്കല്‍ നഗരസഭാ പരിധിയില്‍പ്പെട്ട മത്‌വാഡ നിമ്മയ ചെരുവിനടുത്ത 15 ഏക്കര്‍ സര്‍ക്കാര്‍ തരിശ് ഭൂമി ഭൂ – ഭവന രഹിതര്‍ക്ക് പതിച്ച് നൽകണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വത്തില്‍ സമരം നടന്നു വരികയായിരുന്നു.ഈ ഭൂമി പാവപ്പെട്ടവർക്ക് വിട്ടു നൽകണമെന്നവശ്യപ്പെട്ടു കൊണ്ട് സിപിഐയുടെ നേതൃത്വത്തിൽ ഇവിടെ കുടിലുകൾ പണിതു സമരം ആരംഭിച്ചത്.
എന്നാല്‍ ഇതിനോട് അനുഭാവപൂര്‍വമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നു മാത്രമല്ല കൂടുതല്‍ കയ്യേറ്റത്തിന് അവസരമൊരുക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. വാറങ്കൽ നഗരത്തിന് ചുറ്റുമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ജലാശയങ്ങളുള്‍പ്പെടുന്ന ഭൂമിയുമാണ് ഭരണകക്ഷിയുടെ ഒത്താശയടെ അനുദിനം കയ്യേറ്റം നടത്തുന്നത്.
ഈ പശ്ചത്തലത്തിലാണ് സിപിഐ വാറങ്കല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പാവപ്പെട്ടവരെ അണിനിരത്തി സ്ഥലം പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി താമസം ആരംഭിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി ശ്രീനിവാസ റാവു, വാറങ്കൽ ജില്ലാ സെക്രട്ടറി മേകല രവി, അസിസ്റ്റന്റ് സെക്രട്ടറിമാരായ ഷെയ്ക് ബഷ്മിയ, പനസ പ്രസാദ്, മണ്ഡലം സെക്രട്ടറി ബുസ്സ രവീന്ദർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിലുകള്‍ കെട്ടിയത്.