ഹൈദരാബാദ്: വാറങ്കൽ ഭൂസമരത്തിൽ പങ്കെടുക്കുന്ന ഭൂരഹിതർക്ക് 21 ഏക്കർ ഭൂമി പിടിച്ചെടുത്ത് നൽകി സിപിഐ. സിപിഐ നേതൃത്വത്തിൽ നടന്നുവരുന്ന വാറങ്കൽ ഭൂസമരത്തിന്റെ ഭാഗമായി 21 ഏക്കർ സർക്കാർ അധീനതയിലുണ്ടായിരുന്ന തരിശ് ഭൂമി സമരാനുകൂലികൾ പിടിച്ചെടുക്കുകയായിരുന്നു. ഹനുമക്കൊണ്ട ജില്ലയിൽ ധർമ സാഗർ മണ്ഡലത്തിലെ പെണ്ഡയാലയിലെ സർക്കാർ ഭൂമിയാണ് പിടിച്ചെടുത്ത് പാവപ്പെട്ടവർക്കായി കുടിലുകൾ സ്ഥാപിച്ചത്.
ഭൂമാഫിയകൾ രാഷ്ട്രീയക്കാരുടെയും സർക്കാർ അധികാരികളുടെയും ഒത്താശയോടെ കയ്യേറിത്തുടങ്ങിയ ഭൂമിയാണ് സിപിഐ പ്രവർത്തകർ പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകിയത്. സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി ഭൂരഹിതർക്ക് അനുവദിച്ചു നല്കുന്നതുവരെ സിപിഐ പ്രക്ഷോഭം തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തക്കലപ്പള്ളി ശ്രീനിവാസ റാവു പറഞ്ഞു.
മട്ടേവാഡ പ്രദേശത്തുള്ള നിമ്മയ്യ ചെരുവ് 20 ഏക്കർ, ബുള്ളിക്കുണ്ട ആറ് ഏക്കർ, പയിടി പള്ളി ആറ് ഏക്കർ, നെകൊണ്ട ആറ് ഏക്കർ, വർധന പെട്ടന്ന മണ്ഡലത്തിൽപ്പെട്ട ഇല്ലെന്ത ആറ് ഏക്കർ, പാറക്കാല രണ്ട് ഏക്കർ, മടിക്കോണ്ട നാല് ഏക്കർ, അനന്തുകൊണ്ട ആറ് ഏക്കർ ഭൂമി വീതമാണ് ചെങ്കൊടി നാട്ടി പിടിച്ചെടുത്ത് പാവപ്പെട്ടവരെ കുടിൽകെട്ടി പാർപ്പിച്ചിരിക്കുന്നത്.
ഒമ്പതിനായിരത്തോളം കുടുംബങ്ങളാണ് ഇപ്പോൾ വിവിധ കുടിൽകെട്ടി സമരകേന്ദ്രങ്ങളിലുള്ളത്. സർക്കാരിന്റെ നിർദ്ദേശാനുസരണം ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായി ചെറുത്തതിനാൽ പിന്തിരിയുകയായിരുന്നു.