മുന്നണികളുടെ ആവേശകരവും വാശിയേറിയതുമായ പ്രചാരണങ്ങൾക്കൊടുവിൽ നാളെ പോളിങ് ബൂത്തിലേക്കെത്തുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. വോട്ടെടുപ്പിൻ്റെ തൊട്ടു തലേന്നായ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനും തങ്ങളുടെ വോട്ടുകൾ സുരക്ഷിതമാണ് എന്ന് ഉറപ്പിക്കാനുമായിരിക്കും ഓരോ സ്ഥാനാർഥികളുടെയും ശ്രമം. നിശ്ശബ്ദ പ്രചാരണം ആയതുകൊണ്ട് തന്നെ വലിയ ബഹളങ്ങളില്ലാതെ പരമാവധി തന്ത്രപരമായ നീക്കങ്ങൾ നടത്താനായിരിക്കും മുന്നണികളും ശ്രദ്ധിക്കുക. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾക്കായിരിക്കും മുന്നണികൾ മുൻഗണന നൽകുക.പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. രാവിലെ 8 മുതൽ വിവിധ ഇടങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വയനാട് ലോക്‌സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്‌ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സ്വന്തം ജില്ലയ്‌ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐടി, പ്ലാന്റേഷൻ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ/ ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ബാധകമാണ്.