2019 ൽ രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ വ്യാപക പ്രചരണം രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വയനാടിന് പ്രധാന മന്ത്രിയെന്നതായിരുന്നു. രാഹുൽ തരംഗവും ‘വയനാടിന് പ്രധാന മന്ത്രി’യെന്ന യുഡിഎഫ് പ്രചരണവും 431770 വോട്ടുകൾക്കാണ് അദ്ദേഹത്തെ പാർലമെന്റിൽ എത്തിച്ചത്. വയനാടിനൊപ്പം മത്സരിച്ച അമേഠിയിൽ സ്മൃതി ഇറാനിയോട് തോൽവിയേറ്റു വാങ്ങുകയും പ്രധാന മന്ത്രിയാകാൻ വന്ന് പ്രതിപക്ഷ നേതൃസ്ഥാനം പോലും അപ്രാപ്യമായി മാറുകയും ചെയ്ത സാഹചര്യത്തിൽ ഒടുവിൽ വയനാട് തിരിച്ചറിഞ്ഞു.
‘രാഹുൽ വയനാടിനെ രക്ഷിക്കാൻ വന്നതല്ല, സ്വയം രക്ഷപ്പെടാൻ വന്നതായിരുന്നു’വെന്ന്. 2024 ൽ അത് കൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന ഇമേജും ‘രാഹുൽ’ വികാരവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന കണക്ക് കൂട്ടൽ യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തിയിരുന്നുവെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട രാഹുൽ തരംഗം അത്തവണ മണ്ഡലത്തിൽ നില നിന്നിരുന്നില്ലെന്നതാണ് വാസ്തവം.
അക്കുറിയും വയനാടിനൊപ്പം റായ് ബറേലി കൂടി മത്സരത്തിന് തെരഞ്ഞെടുത്ത രാഹുൽ പക്ഷെ 2019 ൽ നിന്ന് വ്യത്യസ്തമായി രണ്ടിടത്തു നിന്നും കര കയറി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ റായ് ബറേലിയെ കുറിച്ച് മിണ്ടാതിരുന്ന രാഹുലും കോൺഗ്രസും വയനാട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താതിരിക്കാനുമുള്ള കൗശലവും കാണിച്ചു ഒടുവിൽ ഫല പ്രഖ്യാപനത്തിന് ശേഷമാണ് വയനാടിനെ ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നത്.
കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠി പോലും തള്ളിയപ്പോഴും ചരിത്ര ഭൂരിപക്ഷത്തോടെ ചേർത്ത് നിർത്തിയ വയനാടിനെയാണ് രാഹുൽ റായ് ബറേലിക്ക് വേണ്ടി ഉപേക്ഷിച്ചു കളഞ്ഞത്. ഒടുവിൽ ജയിപ്പിച്ച വോട്ടർമാരെ കൊഞ്ഞനം കുത്തി കടന്നു കളഞ്ഞിട്ട് യാതൊരു സങ്കോചവുമില്ലാതെ സഹോദരിക്ക് വേണ്ടി വയനാട്ടുകാരോട് വോട്ടഭ്യർത്ഥന നടത്തുന്ന പാപ്പരത്തം. മിസ്റ്റർ രാഹുൽ, വയനാടിനെ അങ്ങയുടെയും കുടുംബത്തിന്റെയും രാഷ്ട്രീയ ഭാഗ്യ പരീക്ഷണ വേദിയാക്കരുത്.
അത്ഭുതം ഒന്നും തോന്നുന്നില്ല, വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ വല്ലപ്പോഴും സാന്നിധ്യമറിയിച്ചാൽ മതിയെന്നും മുഴു സമയം പരിഗണിക്കേണ്ട മണ്ഡലമല്ലെന്നുമുള്ള ജല്പനം ചാനൽ ചർച്ചയിലൂടെ മുൻപ് വെളിപ്പെടുത്തിയത് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ ആയിരുന്നുവല്ലോ!
ഒരു നാടിനോടും അവിടുത്തെ ജനതയോടുമുള്ള കോൺഗ്രസിന്റെ സമീപനമാണിത്. വയനാട്ടിൽ ഇക്കുറി മല മറിക്കുമെന്ന് വീര വാദം മുഴക്കുന്ന രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് നേതൃത്വത്തെയും ഒരു ചരിത്രം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
വയനാട് പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലം,2001 തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി ഫാദർ മത്തായി നൂറനാലും യുഡിഎഫിനായി എൻ ഡി അപ്പച്ചനും കൊമ്പ് കോർക്കുന്നു. അന്ന് വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണയേ മണ്ഡലം ഇടതിനെ തുണച്ചിരുന്നുള്ളൂ. അതും 1296 വോട്ടുകൾക്ക് മാത്രം. അന്ന് യുഡിഎഫിനാകട്ടെ റിബൽ ശല്യവുമുണ്ടായിരുന്നു. ഏതായാലും ബത്തേരിയുടെ നാഥനാവാനുള്ള അച്ചൻ – അപ്പച്ചൻ പോരാട്ടത്തിനൊടുവിൽ അച്ചനെ അപ്പച്ചൻ മലർത്തിയടിച്ചത് 23367 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിനായിരുന്നു.
അന്ന് വരെ വയനാട് കണ്ടിട്ടില്ലാത്ത റെക്കോർഡ് ഭൂരിപക്ഷം. കേരളത്തിൽ എ ഐ കോൺഗ്രസ് ഗ്രൂപ്പിസം അതിന്റെ പരകോടിയിലെത്തിയതിനൊടുവിൽ കരുണാകരൻ പാർട്ടി പിളർത്തി ഡിഐസി രൂപീകരിച്ചു. കരുണാകര സമ്മർദ്ധാനന്തരം രാജി വെച്ച 9 എം എൽ എ മാരിൽ നമ്മുടെ അപ്പച്ചനും ഉണ്ടായിരുന്നു. മണ്ഡലം മാസങ്ങളോളം അനാഥമായി വികസനം മുരടിച്ചു. 2006 നിയമ സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഡി ഐ സി യുടെ ഭാവി അനിശ്ചിതത്വത്തിലായി. യു ഡി എഫുമായി ചേർന്ന് മത്സരിക്കാൻ ധാരണയായി. ബത്തേരിയടക്കം 18സീറ്റിൽ മത്സരിച്ചു. സ്ഥാനാർഥി അപ്പച്ചൻ തന്നെ. 23367 വോട്ടിന്റെ ചരിത്ര ജയമേകിയ വോട്ടർമാരെ മറന്ന് മണ്ഡലത്തെ അനാഥമാക്കിയ ശേഷവും യാതൊരു കൂസലുമില്ലാതെ വീണ്ടും അപ്പച്ചനെ സാരഥിയാക്കിയത് ഇന്ന് കോൺഗ്രസ് നേതൃത്വം വയനാടിനെ കുറിച്ച് നിരൂപിക്കുന്നത് പോലെ ‘ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും വോട്ട് ചെയ്യുന്നവർ’ എന്ന് വിലയിരുത്തികൊണ്ടായിരിക്കണം.
ഏതായാലും 23367 ന്റെ റെക്കോർഡ് നൽകിയ വോട്ടർമാർ തന്നെ 25540 വോട്ടിന്റെ ഭൂരിപക്ഷത്തിന് വീട്ടിലിരുത്തുന്നതാണ് പിന്നെ കണ്ടത്. പ്രബുദ്ധതയും വിവേകവും ബത്തേരിക്കാരുടെ മുഖ മുദ്രയാണ്. ബത്തേരിയുടെ മാത്രമല്ല, പാർലമെന്റ് മണ്ഡലത്തിന് കീഴിലെ എല്ലാ മണ്ഡലത്തിന്റേയും പാരമ്പര്യം അതാണ്. അതെ, വയനാട് അതിന്റെ പാരമ്പര്യം ഇക്കുറി സത്യൻ മൊകേരിയിലൂടെ ഉയർത്തിപ്പിടിക്കും.
അതിശയോക്തിയല്ല, മണ്ഡലം ഇക്കുറി ചുവപ്പണിയുക തന്നെ ചെയ്യും.