വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇരു മണ്ഡലങ്ങളിലും വോട്ടർമാർ വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോൾ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടർമാരുടെ നീണ്ട ക്യൂ രേഖപ്പെടുത്തിയത്.
വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടർന്നു. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53ശതമാനമാണ് പോളിങ്. പോളിങ് ശതമാനം കുറഞ്ഞത് കോൺഗ്രസിനു തിരിച്ചടിയായിട്ടുണ്ട്. കുടുംബ ആധിപത്യത്തിനെതിരെ വയനാടുകാരുടെ വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പെന്ന് വിലയിരുത്തലും പുറത്തുവരുന്നുണ്ട്.
വയനാടിനായി രാഹുൽ ഗാന്ധിയാതൊന്നും ചെയ്യാത്തതാണ് പോളിങ് ശതമാനം കുറയാൻ കാരണം മെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. വയനാട്ടിൽ നിന്നും ജയിച്ചു പോയിട്ട് മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാൻ പോലും രാഹുൽഗാന്ധിക്ക് സാധിച്ചില്ല. അതിനുള്ള വയനാടുകാരുടെ മറുപടിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാതെയുള്ള യുഡിഎഫിന്റെ പ്രചരണങ്ങൾ മുഖവിലക്കെടുക്കാൻ പോലും വയനാട്ടുകാർ തയ്യാറായില്ല. വൈകാരികതലം ഉയർത്തിപ്പിടിച്ച് മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ മറച്ചുപിടിക്കാൻ യുഡിഎഫ് ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്.ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോൾ ചെയ്തത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടായതിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. വയനാട്ടിൽ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടർന്നു. സുൽത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.
വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിൻറെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എൻഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.