തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് ധനസഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ.
ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും, ദുരന്തബാധിതർക്കുള്ള ദുരിതാശ്വാസവും നഷ്ടപരിഹാരവും സംസ്ഥാനം സ്വന്തം നിലയ്ക്ക് നൽകണമെന്നും കാണിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കേരളത്തിൻറെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനു കത്ത് നൽകിയതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി രാജൻ.
ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജൻ കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നൽകിയില്ല. എസ‍് ഡി ആർ എഫിൽ തുകയുണ്ടെന്ന കേന്ദ്രത്തിൻറെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിൻറെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.