വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് എട്ടാം ദിനത്തില്‍. ഇതുവരെ 392പേരാണ് മരണമടഞ്ഞത്. 180ലേറെ പേരെ കണ്ടെത്താനുണ്ട്. സാധാരണ തിരച്ചില്‍സംഘത്തിന് കടക്കാന്‍ പറ്റാത്ത മേഖലയായ സൂചിപ്പാറയ്ക്കും പോത്തുകല്ലിനുമിടയില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. സൈന്യത്തിന്‍റെയും വനംവകുപ്പിന്‍റെയും 12പേര്‍ തിരച്ചില്‍ സംഘത്തിലുണ്ടാകും. മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.
ദുരന്തമേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുപ്പും ഇന്ന് തുടങ്ങും. നഷ്ടപരിഹാരം കണക്കാക്കാന്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പരിശോധിക്കും. പൊളിച്ചുമാറ്റേണ്ടവയുടെ കണക്കും പൊതുമരാമത്ത് വകുപ്പ് ശേഖരിക്കും.
അതേസമയം, തിരിച്ചറിയാനാകാത്ത നിലയിലുള്ള 31 മൃതദേവും 154 ശരീരഭാഗങ്ങളും ഇന്നലെ മാത്രം പുത്തുമലയില്‍ സംസ്കരിച്ചു. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമുള്ള സംസ്കാര ചടങ്ങുകൾ അർധരാത്രി വരെ നീണ്ടു. രണ്ട് ദിവസം കൊണ്ട് സംസ്കരിച്ചത് 39 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുമാണ്. ഒരു കുഴിയിൽ ഒരു മൃതദേഹം, അല്ലെങ്കിൽ ഒരു ശരീര ഭാഗം മാത്രമാണ് സംസ്കരിച്ചത്. കുഴിമാടങ്ങൾക്ക് പേരില്ല. രണ്ടറ്റത്തും നാട്ടിയ കല്ലുകളിലെ അക്കങ്ങളാണ് രേഖ. ഡിഎന്‍എ ഫലം വരുമ്പോൾ ബന്ധുക്കൾക്ക് ഉറ്റവരെ തിരിച്ചറിയാനുള്ള വഴിയാണിത്.