വയനാടിനെ പിടിച്ചുലച്ച ഉരുൾപൊട്ടലിൽ മരണം 67 ആയി ഉയർന്നു. നിരവധി പേരെ കാണാതായി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയിൽ കഴിയുന്നത്. ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.
വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. അപകടമുണ്ടായി 11 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. ഉരുൾപൊട്ടലിൽ 38 മൃതദേഹങ്ങൾ മേപ്പാടിയിലെ ആശുപത്രികളിലുണ്ട്.
പുഴയിലൂടെ ചാലിയാറിലെ മുണ്ടേരിയിൽ ഏഴു മൃതദേഹങ്ങൾ ഒഴുകിയെത്തി. മുണ്ടകൈയ്ക്ക് രണ്ടുകിലോമീറ്റർ അകലെ അട്ടമലയിൽ ആറുമൃതദേഹങ്ങൾ കണ്ടതായി നാട്ടുകാർ പറയുന്നു. ദുരന്തത്തിൽ മരിച്ച 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റംലത്ത് (53), അഷ്‌റഫ് (49), കുഞ്ഞുമൊയ്തീൻ (65), ഗീരീഷ് (50), റുക്‌സാന (39), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്.
ഉരുൾപൊട്ടലിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഒമ്പത് ലയങ്ങൾ ഒലിച്ചുപോയി. 65 കുടുംബങ്ങളാണ് അവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാതായതായി റിപ്പോർട്ടുണ്ട്. നാലു സ്റ്റാഫ് ക്വാർട്ടേഴ്‌സും ഒലിച്ചുപോയി. മുണ്ടക്കൈയിലെ റിസോർട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളും അപകടത്തിൽപ്പെട്ടു. പ്രദേശത്തെ സ്‌കൂൾ, വീടുകൾ തുടങ്ങി കനത്ത നാശനഷ്ടമുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ പറഞ്ഞു.
മേപ്പാടി വിംസിൽ 77 പേരെ എത്തിച്ചിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏഴുപേർ മരിച്ചു. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. രാവിലെ വീണ്ടും ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി ബന്ധപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്രമന്ത്രി, രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകാൻ സേനയ്ക്ക് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വയനാട് ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ അനുശോചിച്ചു.