തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല പുനരധിവാസ നടപടി തടസപ്പെടരുതെന്ന ഹൈക്കോടതി വിധി ഏറെ ആശ്വാസകരമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ . ഈ മാസം 27ന് വൈകുന്നേരം 4ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ആരംഭിക്കുന്ന ടൗൺഷിപ്പിന് തുടക്കം കുറിക്കും.
രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഉൾച്ചേർത്ത് ഔദ്യോഗികമായി തുടക്കം കുറിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ടൗൺഷിപ്പിന് തറക്കല്ലിടുന്നതോട് കൂടി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ ആശയത്തിന് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സാധാരണയായി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതാണ് പതിവ്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം അവർക്ക് ഏറ്റവും അടുത്ത് ലഭ്യമാകുന്ന സ്ഥലത്ത് ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ തീരുമാനിച്ചത്. കേവലം വീടുകൾ മാത്രമല്ല, ഒരു ടൗൺഷിപ്പിൽ ഉൾപ്പെടുത്തേണ്ട എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റെല്ലാ മേഖലയിലേയും പോലെ തന്നെ ദുരന്ത നിവാരണത്തിലെ കേരളാ മോഡലാണിതെന്നും മന്ത്രി പറഞ്ഞു.
വീട് വച്ച്കൊടുത്തതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. അതിനായുള്ള പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. കടബാധിതരുടെ കടങ്ങൾ കേന്ദ്രം എഴുതിത്തള്ളാത്ത സാഹചര്യത്തിൽ അതിന്റെ ലിസ്റ്റ് പൂർണമായും തയാറാക്കി അടുത്ത നടപടികളിലേക്ക് കേരളം കടക്കും. രണ്ട് രക്ഷകർത്താക്കളും നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്ക് പത്ത് ലക്ഷം രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ചു. മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
മാതാപിതാക്കളിൽ ഒരാളോ, രണ്ട് പോരോ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് ആരോഗ്യവകുപ്പ് നൽകിയതിന് പുറമെ സർക്കാർ പത്ത് ലക്ഷം രൂപ നൽകി. സിഎസ്ആർ ഫണ്ടുകളിലൂടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ആവശ്യങ്ങൾക്കായി രണ്ടര ലക്ഷം രൂപ നൽകിയതായും മന്ത്രി പറഞ്ഞു.ദുരന്തനിവാരണ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് ഒരുവിധത്തിലുമുള്ള സ്റ്റേയോ എതിർ അഭിപ്രായമോ കോടതി പറഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാരിന്റെ ഉത്തരവ് കോടതി ശരിവയ്ച്ചു. ആ ഉത്തരവ് പ്രകാരം എൽഎആർആർ 2013ൽ എങ്ങനെയാണോ നൽകിയിരുന്നത് അത് പ്രകാരം നിശ്ചയിക്കാം. അത് ബോണ്ടിലൂടെ കൈമാറണം എന്നീ കാര്യങ്ങളാണ് കോടതി നിർദേശിച്ചത്. ആ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയായിരുന്നു.27ന് തറക്കല്ലിട്ട് ടൗൺഷിപ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാം എന്ന സർക്കാർ നിർദേശം കോടതി അംഗീകരിച്ചു.
പണമടച്ച് സിമ്പോളിക് പൊസഷൻ എടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. അതനുസരിച്ച് ഡിഡിഎംഎയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പണം കോടതിയിൽ കെട്ടിവച്ചു. ഉദ്ഘാടന പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.