Friday, November 22, 2024
spot_imgspot_img
HomeLatest Newsഡബ്ല്യൂസിസി: കൂടെ നിന്നവർ തന്നെ ഒറ്റു കൊടുത്തിട്ടും തളരാത്ത പെൺ കരുത്ത്

ഡബ്ല്യൂസിസി: കൂടെ നിന്നവർ തന്നെ ഒറ്റു കൊടുത്തിട്ടും തളരാത്ത പെൺ കരുത്ത്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളം ചർച്ച ചെയ്യുകയാണ്. ഈ ചർച്ചകൾക്കിടയിൽ വളരെ പ്രാധാന്യത്തോടെ എടുത്തു പറയേണ്ടതാണ് വിമൻ ഇൻ സിനിമാ കളക്റ്റീവ്(ഡബ്ല്യൂസിസി) എന്ന സംഘടനയുടെ പേര്. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളും അനീതിയും തച്ചുതകർത്ത് ഇനി ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്ന യുവതലമുറയ്ക്ക് ഭയമില്ലാത്ത ഭാവിയാണ് ഡബ്ല്യൂസിസി തങ്ങളുടെ പോരാട്ടങ്ങളിലൂടെ കാട്ടിതരുന്നത്. എടുക്കുമ്പോൾ ഒന്ന്‌ തൊടുക്കുമ്പോൾ പത്ത്‌ കൊള്ളുമ്പോൾ ആയിരം അതായിരുന്നു ഡബ്ല്യുസിസി പോരാട്ടത്തിന്റെ ചരിത്രം.

എ.എം.എം.എ എന്ന സംഘടനയോളം അം​ഗബലമോ പണക്കൊഴുപ്പോ ഇല്ലാത്ത സംഘടന. രൂപീകരണത്തിൽ പ്രധാന പങ്കാളിയായി നിന്നവർ പിന്നീട് കാലുമാറിയപ്പോൾ പോലും ആ സംഘടനയോ ആ സംഘടനയിലുള്ളവരോ ചലച്ചിത്ര രം​ഗത്തെ നീതികേടുകൾക്കെതിരെ പൊരുതാൻ തയ്യാറായി തന്നെ മുന്നോട്ടെത്തി. ആ പോരാട്ടം അവരുടെ കരിയറിനു തന്നെ ഭീഷണിയായി നിലനിന്നിരുന്നു. പല സിനിമകളിൽ നിന്നും മാറ്റിനർത്തപ്പെട്ടു. ഒപ്പം നിന്നവർ പിന്നീട് കരിയറിനു പ്രാധാന്യം നൽകി സംഘടനയിൽ നിന്നും അകന്നു. എന്നിട്ടും പൊരുതാനുറച്ച് അവർ മുന്നേറി. അത് ഇപ്പോൾ ഹേമ കമ്മറ്റി റിപ്പോർട്ടിലെത്തി നിൽക്കുന്നു.

സിനിമ മേഖലയിൽ ലിം​ഗവ്യത്യാസം എങ്ങനെ, ഏതെല്ലാം തരത്തിൽ പ്രതിഫലിക്കുന്നു എന്ന് വിളിച്ചു പറയുന്ന റിപ്പോർട്ട് തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പൊലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയില്ല. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ വെളിപ്പെടുത്തുന്നു. ഈ പ്രതികരദാഹികളെ ഭയപ്പെടാതെ പോരാട്ടം നയിച്ച സംഘടനയുടെ പേരാണ് ഡബ്ല്യൂസിസി.

രേവതി, പത്മപ്രിയ, പാർവതി തിരുവോത്ത്, രമ്യാനമ്പീശൻ തുടങ്ങി നിരവധി അനവധി വ്യക്തികളാണ് ഈ പോരാട്ടത്തിൽ ഡബ്ല്യൂസിസിക്കായി മുന്നിട്ടിറങ്ങിയത്. കേരളത്തിലെ മുഴുവൻ സിനിമ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നതായിരുന്നു അവർ ആദ്യമായി മുന്നോട്ട് വച്ച ആവശ്യം. അതിനായി അവർ ഹോക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഡബ്ല്യൂസിസിയുടെ ഹർജിക്ക് അനുകൂലമായി വിധി എഴുതി. സിനിമയിൽ മാത്രമല്ല സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്ന് വ്യക്തമാക്കി. സിനിമ മേഖലയിലെ പലരും ഓലപ്പാമ്പ് എന്ന് അധിക്ഷേപിച്ച ഒരു സംഘടന ഇന്നും ഇനി അങ്ങോട്ടും ചർച്ചയാവുകയാണ്.

ഡബ്ല്യുസിസിയെക്കുറിച്ച് പറയുമ്പോൾ എ.എം.എം.എ എന്ന സംഘടനയെ ഒപ്പം താരതമ്യം ചെയ്യാതെ പോവാതിരിക്കാനാവില്ല. അം​ഗബലം കൊണ്ടും ആർഭാ​ടപരമായ കമ്മിറ്റി മീറ്റിങ്ങുകളും മറ്റ് പരിപാടികൾ പ്രദർശിപ്പിച്ചു പുറം ലോകത്തെ ജനങ്ങൾക്കിടയിൽ ഒരു പുകമറ സൃഷ്ടിക്കുകയായിരുന്നു എ.എം.എം.എ എന്ന സംഘടന നാളിതുവരെ ചെയ്തത്. നടി ആക്രമിക്കപ്പെട്ട വിഷയത്തിലും അത് കഴിഞ്ഞ് പുറത്ത് വന്ന മറ്റ് ആരോപണങ്ങളിലും സംഘടനയുടെ നിലപാട് എത്രത്തോളം വെള്ളംച്ചേർത്തതായിരുന്നു എന്ന് നാം കണ്ടതാണ്.

എ.എം.എം.എയിൽ നിന്നും രാജിവച്ച് പ്രമുഖരായ നടിമാർ തങ്ങളുടെ അവകാശ പോരാട്ടത്തിലൂടെ അവർ പുറത്തു കൊണ്ടു വന്നത് സിനിമ മേഖലയിൽ സ്ത്രികളെ മാംസകഷ്ണങ്ങളായി മാത്രം പരി​ഗണിക്കുന്ന ഒരു പറ്റം പ്ര​ഗത്ഭരുടെ പൊയ്മുഖങ്ങളാണ്. ആ നീചൻമാരുടെ മുഖങ്ങൾ ഒരു പക്ഷേ സാധാരണ ജനങ്ങൾക്ക് മനസിലായെന്നു വരില്ല. പക്ഷെ യഥാർത്ഥ റിപ്പോർട്ടിൽ അവരുടെ പേരടക്കം പ്രതിപാദിക്കുന്നുണ്ട്. പോസ്കോ കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളാണ് സിനിമമേഖലയിൽ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സിനിമ മേഖലയിൽ നടക്കുന്ന ഈ കൊടു ക്രൂരതകൾ എ.എം.എം.എ എന്ന സംഘടന അറിയാതിരുന്നതാണോ അതോ, മനപ്പൂർവ്വം കണ്ണടച്ചിരുന്നതാണോ എന്ന് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. ഡബ്ല്യൂസിസി എന്ന സംഘടന വളരെ കുറച്ച് നാൾകൊണ്ട് സിനിമ മേഖലയിൽ തുല്യ നീതി, സമത്വം തുടങ്ങിയ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും സിനിമ മേഖലയിൽ അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഏറെക്കുറെ സാധിച്ചെങ്കിൽ എ.എം.എം.എ എന്ന സംഘടന ഇരുപത്തഞ്ച് വർഷത്തിലധികം പ്രവർത്തന പാരമ്പര്യ പറഞ്ഞ് ഞെളിഞ്ഞിരിക്കാനല്ലാതെ നാളിതുവരെയായി ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നത് പരിഹാസത്തോടെ മാത്രമെ നോക്കിക്കാണാൻ സാധിക്കു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares