പശ്ചിമബംഗാൾ ഗവർണറും മലയാളിയുമായ ഡോ. സി വി ആനന്ദബോസിനെതിരെയായ ലൈംഗിക അതിക്രമ പരാതിയിൽ ഗുരുതര ആരോപണവുമായി പരാതിക്കാരി. രാജ്‌ഭവനിലെ മൂന്ന് ജീവനക്കാർ തന്നെ കൈയേറ്റം ചെയ്‌തുവെന്നാണ് പരാതി. കൂടാതെ ഫോൺ തട്ടിയെടുത്ത് മുറിയിൽ പൂട്ടിയിട്ടു. പരാതി നൽകരുത് എന്നാവശ്യപ്പെട്ടുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഗവർണർ തെറ്റു ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് പരാതിക്കാരി ചോദിച്ചു. “എന്റെ പരാതികൾ വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗവർണർ അവകാശപ്പെടുന്നു. ഞാൻ രാഷ്ട്രീയ പ്രേരിതമായി നുണ പറയുകയാണെന്ന് വിശ്വസിക്കുന്നു, എങ്കിൽ എന്തിനാണ് അദ്ദേഹം ഭരണഘടനാപരമായ പ്രതിരോധത്തിന് പിന്നിൽ ഒളിക്കുന്നത്. എന്തുകൊണ്ട് അന്വേഷണം അനുവദിക്കുന്നില്ല. എന്തിന് പേടിക്കുന്നു” എന്നാണ് പരാതിക്കാരിയായ യുവതിയുടെ ചോദ്യം.
രാജ്ഭവൻ ജീവനക്കാരി നൽകിയ ലൈംഗീക പീഡന പരാതിയിലാണ് ബംഗാൾ ഗവർണർക്കെതിരെ കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങൾ കൈമാറാനും ചോദ്യം ചെയ്യലിന് ഹാജരാകാനും രാജ്ഭവൻ അധികൃതരോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ ജീവനക്കാരെ രാജ്ഭവൻ ഭീഷണിപ്പെടുത്തുന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്.