കൊൽക്കത്ത: ബംഗാളിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിൽ. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂനിയർ ഡോക്ടർമാർ ജോലി ബഹിഷ്‌കരിച്ച്, അനിശ്ചിതകാല സമരം ആരംഭിച്ചത്. കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഏറെ നാൾ ജൂനിയർ ഡോക്ടർമാർ സമരത്തിലായിരുന്നു.
കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച ജൂനിയർ ഡോക്ടർമാർ നടത്തിയ 42 ദിവസത്തെ സമരം അവസാനിപ്പിച്ച് സെപ്റ്റംബർ 21 നാണ് വീണ്ടും ജോലിക്ക് കയറിയത്. ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുക, കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുക, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ സമരക്കാരുടെ പത്തോളം ആവശ്യങ്ങൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ നടന്ന മാരത്തോൺ ചർച്ചയിൽ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്.
എന്നാൽ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടിയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് സംസ്ഥാന സർക്കാരിൽ നിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാകാത്ത സ്ഥിതിയാണെന്ന് വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്‌സ് ഫ്രണ്ട് വ്യക്തമാക്കി. മുഖ്യമന്ത്രി മമത ബാനർജി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഒരു ശ്രമവുമില്ല. ഇതോടെ ഞങ്ങൾ വീണ്ടും പ്രക്ഷോഭ രംഗത്തേക്കിറങ്ങാൻ നിർബന്ധിക്കപ്പെടുകയാണെന്ന് ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധിയായ അനികേത് മഹാതോ പറഞ്ഞു.