ജെസ്‌ലോ ഇമ്മാനുവൽ ജോയ്
യുവാക്കളുടെയും,വിദ്യാർത്ഥികളുടെയും രാഷ്ട്രീയത്തിലുള്ള ഇടപെടലുകൾ, പലപ്പോഴും ഒരു സംവാദ വിഷയമായി മാറുന്ന ഒരു കാലമാണിത്. ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ വെച്ചുണ്ടായ മർദ്ദനം മൂലം മരണപ്പെട്ട മഹ്സ അമിനിയുടെ നീതിക്ക് വേണ്ടി നിരത്തിൽ ഇറങ്ങി അതി ശക്തമായ പ്രതിഷേധങ്ങൾ നടത്തുന്ന വിദ്യാർത്ഥികളെ നമുക്ക് കാണാം. വിദ്യാർത്ഥി യുവജന സംഘടന നേതാവായി മത്സരിച്ച് മികച്ച ഭരണം കാഴ്ച വെക്കുന്ന ചിലെയുടെ പ്രസിഡന്റായ ഗബ്രിയേൽ ബോറിക്കിനെ നമുക്ക് കാണാം. ബ്രസീലിൽ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഒരു കുടക്കീഴിൽ കൊണ്ട് വന്ന് സൈനിക അട്ടിമറിയിലൂടെ വന്ന സർക്കാരിനെതിരെ താഴെയിറക്കാൻ വേണ്ടി സംഘടിച്ച വർക്കേഴ്‌സ് പാർട്ടിയുടെ ദിലമ റൂസെഫും, ലൂലയും ആ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചതും നമ്മൾ കണ്ടു. ഇത്രയും അധികം ഉദാഹരണങ്ങളുണ്ടായിട്ട് കൂടിയും, അരാഷ്ട്രീയതയും, അനാർക്കിസത്തിനും നമ്മുടെ കലാലയങ്ങളിലും സമൂഹത്തിലും മുൻഗണന ലഭിക്കുന്നതിന് കാരണം, പ്രതികരണ ശേഷി ഇല്ലാത്തതും എല്ലാത്തിനും മൗന സമ്മതം മൂളുന്നതുമായ രാഷ്ട്രീയ ബോധം തീരെ ഇല്ലാത്ത ഒരു ജനതയെ വാർത്തെടുത്ത്, സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം സുഖിപ്പിച്ച് കൊണ്ടുള്ള ഭരണം സുഖമമാക്കാൻ വേണ്ടിയുള്ള വലത് ഫാസിസ്റ്റ് അജണ്ടയുടെ വേരുകൾ നമ്മുടെ രാജ്യത്ത് ആഴ്ന്ന് ഇറങ്ങിയത് കൊണ്ടാണ്.
അവിടെയാണ് സാർവദേശീകമായി ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയും, യുവജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും 1945 – ൽ രൂപം കൊണ്ട ഡബ്ല്യ.എഫ്.ഡി.വൈയുടെ ( World Federation for Democratic Youth ) പ്രാധാന്യം. അതിന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യുവജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ട് ഫാസിസത്തിന് എതിരെയും, തൊഴിലില്ലായ്മയും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും നേരിടുന്ന യുവാക്കളുടെ ക്ഷേമത്തിന് വേണ്ടി കൃത്യമായ രാഷ്ട്രീയ പോരാട്ടം നടത്തുവാൻ അഖിലേന്ത്യ യുവജന ഫെഡറേഷൻ ( All India Youth Federation, AIYF) രൂപം കൊണ്ടു. വലത് പക്ഷം അവരുടെ മത, വർഗീയ, വിഭജന വേരുകൾ ലോകമെമ്പാടും പടർത്തുന്ന ഈ ഒരു പാശ്ചാതലത്തിൽ, ഒരുമയുടെയും, മാനവികതയുടെയും, മൂല്യങ്ങൾ യുവാക്കളിൽ പകർന്ന്, ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിൽ ഡബ്ലയു.എഫ്.ഡി.വൈയെ പോലെയും എ.ഐ.വൈ.എഫിനെ പോലെയുമുള്ള ഇടത് സംഘടനകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
‘ഡബ്ല്യ.എഫ്.ഡി.വൈ , ഇടത് യുവത്വത്തിന്റെ സാർവദേശീയ മുഖം’
‘സർവ ലോക തൊഴിലാളികളെ സംഘടിക്കുവിൻ ‘( workers of the world unite ) എന്ന മാർക്‌സിന്റെ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയിലൂടെയുള്ള ആഹ്വാനം, ഇടത് മുന്നേറ്റത്തിന്റെ സാർവദേശീയ മുഖം കാണിക്കുന്ന ഒന്നാണ്, രണ്ടാം ലോക മഹായുദ്ധ കാലത്തിന് ശേഷം ഇടത് ചിന്താശ്രേണിക്ക് വിരുദ്ധമായ്, സമൂഹത്തിന്റെയും, തൊഴിലാളികളുടെയും ഉന്നമനത്തിന് തടയിട്ടുകൊണ്ട് മുതലാളിത്തത്തിന്റെ പുതിയ പതിപ്പായ വലത് ഫാസിസ്റ്റ് ശക്തികൾ കരുത്താർജിച്ചത്. ‘ സംഘടിക്കുക ‘ എന്ന മാർക്‌സിന്റെ ആഹ്വാനം തൊഴിലാളി വർഗത്തിലേക്ക് മാത്രം ചുരുങ്ങാതെ, അസംഘടിതരായ യുവാക്കളെ സംഘടിപ്പിച്ച് രാഷ്ട്രീയ ബോധം വളർത്തി അവരുടെ അവകാശങ്ങളെ കുറിച്ച് ബോധം വരുത്തി, ഫാസിസത്തെ എതിർത്ത് നിന്ന് കൊണ്ട് സാർവദേശീയമായി സമൂഹിക ഉന്നമനം സാധ്യമാക്കുക എന്ന ആശയമാണ് സ്ഥിരതയും കാര്യക്ഷമതയും ഉള്ള ഒരു യുവജന സംഘടന എന്ന നിലയിൽ ഡബ്ല്യു.എഫ്.ഡി. വൈയുടെ രൂപീകരണത്തിന് കാരണമായത്.
1945 നവംബർ 10ന് ലണ്ടനിൽ വച്ച്, പല ചെറു യുവജന സംഘടനകളും കൂടി യോജിച്ച വേൾഡ് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസിൽ സംഘടന ഔദ്യോഗികമായി രൂപം കൊണ്ടു. 63 രാജ്യങ്ങളിൽ നിന്ന് അറുനൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സമാധാനത്തിന് വേണ്ടിയുള്ള പ്രതിജ്ഞയോട് കൂടി പ്രവർത്തനങ്ങൾ ആരംഭിച്ച ഡബ്ല്യു.എഫ്.ഡി.വൈയുടെ പാത ഒട്ടും സുഖമമായിരുന്നില്ല. ചർച്ചിലിന്റെ ‘അയേൺ കർട്ടൻ’ പ്രസംഗവും മറ്റും, സംഘടനയെ മോസ്‌കോ പക്ഷക്കാർ എന്ന മുദ്ര ചാർത്തപ്പെടാൻ ഇടയായി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ‘ ഈറ്റില്ലം ‘ എന്ന് അറിയപ്പെടുന്ന അമേരിക്കയുടെ ചാര സംഘടനയായ സി.ഐ.എയുടെയും മറ്റും നിരന്തരം ആക്രമണം മൂലം, ചെറുത്ത് നില്ലിപ്പിനിടയിലും ആദ്യ സഖാക്കളിൽ പലരും സംഘടന ഉപകേഷിച്ച് പോകേണ്ട അവസ്ഥയിൽ വരെ കൊണ്ടെത്തിച്ചു. എന്നാൽ ഏതൊക്കെ രീതിയിൽ വലത് പക്ഷം അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തിലൂടെ തകർക്കാൻ ശ്രമിച്ചപ്പോളും, മാർഷൽ പ്ലാൻ മുതൽ, കൊറിയൻ യുദ്ധത്തിൽ വരെ ഒരു വിട്ടു വീഴ്ചയും കൂടാതെ നിലപാടുകൾ സ്വീകരിച്ച് സംഘടന അതിനെ എല്ലാം പ്രതിരോധിച്ചു മുന്നോട്ട് നീങ്ങി.
എ.ഐ.വൈ.എഫും, ഡബ്ല്യു.എഫ്.ഡി.വൈയും
യുവജന സംഘടനകൾ സ്വാതന്ത്ര്യ സമരത്തിന് വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ബംഗാളിലെ നവോത്ഥാന നേതാക്കൾ തുടങ്ങി വെച്ച യങ് ബംഗാൾ മുതൽ ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ വിപ്ലവകരമായ നയങ്ങളിലൂടെ യുവാക്കളെ മാർക്‌സിസത്തിലേക്ക് നയിച്ച സഖാവ് പി.സി. ജോഷി അങ്ങനെ പ്രഗൽഭരായ പല നേതാക്കളെയും സമ്മാനിച്ച യൂത്ത് ലീഗ് വരെ ഇതിനുള്ള തെളിവുകളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, സോഷ്യലിസ്റ്റ് സ്വഭാവവും, പുത്തൻ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിർമ്മാണവും എന്ന ലക്ഷ്യങ്ങളോട് കൂടി ശക്തി കുറഞ്ഞും കൂടിയുമുള്ള അനേകം പ്രാദേശിക യുവജന സംഘടനകൾ പ്രവർത്തിച്ച് പോന്നിരുന്നു. എന്നാൽ യുവാക്കൾക്ക് വേണ്ടി അഖിലേന്ത്യാ തലത്തിൽ ഒരു സംഘടനയോ മുന്നേറ്റമോ അപ്പോഴും അന്യമായി നിന്നു.
ഈ പശ്ചാത്തലത്തിലാണ് അഖിലേന്ത്യ യുവജന ഫെഡറേഷൻ എന്നൊരു സംവിധാനത്തിന്റെ ആവശ്യകത രൂപപ്പെട്ട് വന്നത്, 1959 ഏപ്രിൽ 28 മുതൽ മെയ് 3 വരെ ഡൽഹിയിൽ വെച്ച് നടന്ന ആറ് ദിവസം നീണ്ട് നിന്ന യുവജന ഫെഡറേഷന്റെ സ്ഥാപക സമ്മേളനത്തിൽ 250 പ്രതിനിധികളും അന്നത്തെ ഡബ്ല്യു.എഫ്.ഡി.വൈ ജെനറൽ സെക്രട്ടറിയും, പീപ്പിൾസ് യൂത്ത് ഓഫ് ഇന്തോനേഷ്യയുടെ ഒന്നാം സെക്രട്ടറിയും അതിൽ പങ്കെടുത്തു. ആ സമ്മേളനം വിഖ്യാത ചലിച്ചത്രകാരൻ ബൽരാജ് സാഹിനിയെ പ്രസിഡന്റായും, ശാരദ മിത്രയെ ജനറൽ സെക്രട്ടറിയായും കൂടാതെ അഞ്ച് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു. എ.ഐ.വൈ.എഫിന്റെ രൂപീകരണം ഇന്ത്യ ഒട്ടാകെയുള്ള യുവജനങ്ങൾക്കും, യുവജന പ്രസ്ഥാനത്തിനും പുതിയ ഊർജം നൽകി.
സഖാവ് ശാരദ മിത്രയും, പി.കെ. വാസുദേവൻ നായരും മറ്റ് ഭാരവാഹികളും, രണ്ട് ലക്ഷത്തോളം വരുന്ന പ്രവർത്തകരും ചേർന്ന് 1959 -ൽ വിയന്നയിൽ നടക്കാനിരുന്ന ലോക യുവജനോത്സവത്തിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ നടത്തിയ യുവജനോത്സവം വൻ വിജയമായിരുന്നു. സംസ്‌കാരിക സമ്മേളനങ്ങളും, ചലച്ചിത്ര പ്രദർശനങ്ങളും, നാടകങ്ങളും, സമാധാന പ്രകടനങ്ങളും, ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രവർത്തനവും, സംഘടനയുടെ വേരുകൾ കൂടുതൽ പടർത്താൻ സഹായിച്ചു. തുടർന്ന് വന്ന ലോക യുവജനോത്സവത്തിലും, അത് കഴിഞ്ഞ് നടന്ന ഡബ്ല്യു.എഫ്.ഡി.വൈയുടെ അഞ്ചാമത് ജെനറൽ അസംബ്ലിയിലും എ.ഐ.വൈ.എഫ് സജീവ പങ്ക് വഹിച്ചു.
ഇന്ത്യൻ യൂത്ത് കോൺഗ്രസും, സമാജ്വാദി യുവകസഭയും മറ്റും പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് എ.ഐ.വൈ.എഫിന്റെ സഖാവ് പി.കെ.വിയെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. 1985 ൽ മുൻ ഒല്ലൂർ എം.എൽ.എയും, ഇപ്പോഴത്തെ ജനയുഗം എഡിറ്ററുമായ സഖാവ് രാജാജി മാത്യു തോമസിനെ ഡബ്ല്യു.എഫ്.ഡി. വൈയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടത്തു. കാര്യക്ഷമമായ പ്രവർത്തനം കൊണ്ട് ഡബ്ല്യു. എഫ്. ഡി. വൈയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം യു.എൻ.ഒബ്‌സർവർ എന്ന പദവിയിലേക്ക് വരെ എത്തിയത്,
എ.ഐ.വൈ.എഫിന്റെ സാർവദേശിക മുഖം വെളിപ്പെടുത്തുന്നു. തുടർന്ന് വന്ന സഖാക്കൾ ഇന്നും കാഴ്ച വെക്കുന്ന മികച്ച പ്രവർത്തനങ്ങളുടെ ഫലമാണ്, ഡബ്ല്യു.എഫ്.ഡി.വൈയുടെ അവിഭാജ്യ ഘകമായി ഇന്നും എ.ഐ.വൈ.എഫ് നില കൊള്ളുന്നത്.
ഡബ്ല്യു.എഫ്.ഡി.വൈയും, എ.ഐ.വൈ.എഫും ഇന്ന്
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എ.ഐ.വൈ.എഫിനും, അവസാനത്തിൽ ഡബ്ല്യു.എഫ്.ഡി.വൈക്കും കഠിനമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. കമ്മ്യുണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് അതിന്റെ ശക്തമായ പോഷക സംഘടനകളെ ക്ഷയിപ്പിച്ചു ഒരു കാന്തത്തെ വെട്ടി മുറിച്ചാൽ ഉണ്ടാവുന്നത് പോലെ രണ്ട് ഇടത് പക്ഷ യുവജന പ്രസ്ഥാനങ്ങളുടെയും, വിദ്യാർത്ഥി സംഘടനകളുടെയും ശക്തിയിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടായി. ഇന്ത്യയിൽ വലത് വർഗീയവാദം ശക്തിപ്രാപിച്ചു. ആർഎസ്എസ് എന്ന തീവ്രവാദ സംഘടന അതിന്റെ വിശ്വരൂപം പുറത്തെടുത്തു.
സോവിയറ്റ് യൂണിയന്റെ പതനവും, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ശക്തി ക്ഷയിച്ചതും, ഡബ്ല്യു.എഫ്.ഡി.വൈയുടെ പ്രവർത്തനങ്ങളിൽ പ്രതിസന്ധിയിലേക്ക് എത്തിച്ചു.
എന്നാൽ, എല്ലാ പ്രതികൂലങ്ങളെയും തരണം ചെയ്ത് ശക്തമായി മുന്നേറുന്ന രണ്ട് സംഘടനകളും ഇന്നും വലത് ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയുള്ള സമരത്തിലാണ്. യുക്രൈനിലെ ‘ കൊണോവിച്ച് സഹോദരന്മാർ ‘ എന്ന് അറിയപ്പെടുന്ന അലക്‌സാണ്ടർ കൊണോവിച്ചിനെയും, മിഖായിൽ കൊണോവിച്ചിനെയും റഷ്യൻ അനുകൂലികൾ എന്ന പേരിൽ ജയിലിൽ അടച്ചതിനും, യുക്രൈനിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിലക്കിനെതിരെയും, ഇറാനിലെ നിർബന്ധിത ഹിജാബ് നിയമത്തിനെതിരെയുള്ള സമരത്തിനും ഡബ്ല്യു.എഫ്.ഡി.വൈ മുന്നിൽ നിന്നു.
അറിറ്റ്‌സ് റോഡ്രിഗസ് എന്ന സ്പാനിഷ് കമ്മ്യുണിസ്റ്റ് യുവജന സംഘടനയുടെ ഭാഗമായ പ്രസിഡന്റിന്റെയും യുസ്ഡാക്വി ലാർഡ്യൂറ്റ് എന്ന ക്യൂബൻ യുവജന സംഘടനയിൽ നിന്നുള്ള സെക്രട്ടറി ജനറലിന്റെയും നേതൃത്വത്തിൽ സംഘടന വലിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളാണ് സംഘടിപ്പിക്കുന്നത്.
അതേ സമയം ഇന്ത്യയിൽ എ.ഐ.വൈ.എഫ് വലത് ഫാസിസ്റ്റ് ബി.ജെ.പി ഗവൺമെന്റിനെതിരെയും അവരുടെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെയും സമരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്, അതിന്റെ ഏറ്റവും പുതിയ ഘട്ടമാണ് എ.ഐ.എസ്.എഫും ആയി ചേർന്ന് അടുത്ത് നടന്ന പാർലമെന്റ് മാർച്ച്. സമരങ്ങൾ അവസാനിക്കുന്നില്ല, ദേശിയമാണെങ്കിലും സാർവദേശീയമാണെങ്കിലും ഫാസിസ്റ്റുകളെ മുട്ട് കുത്തിക്കുന്നത് വരെ അത് തുടർന്ന് കൊണ്ടേയിരിക്കും.
കടപ്പാട്: അഖിലേന്ത്യ യുവജന ഫെഡറേഷന്റെ ചരിത്രം – അനിൽ രജിം വാലെ, പി.കെ.വിയുടെ ആത്മകഥ