ജെസ്‌ലോ ഇമ്മാനുവൽ ജോയ്
“തീ കൊണ്ട് കളിക്കുന്നവർ അതിൽ തന്നെ നശിക്കും”, ഇത് വെറും ഒരു മുന്നറിയിപ്പാണോ, അതോ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ സമാധാന അന്തരീക്ഷത്തെ തന്നെ തകർക്കാൻ പോന്ന ഒരു ഭീഷണിയാണോ എന്ന കാര്യം തീരുമാനിക്കേണ്ടത് കാലമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെതാണ് ഈ വാക്കുകൾ.
അമേരിക്കൻ ഭരണ സംവിധാനത്തിൽ പ്രസിഡന്റും, വൈസ് പ്രസിഡന്റും കഴിഞ്ഞ് മൂന്നാം സ്ഥാനം വഹിക്കുന്ന ഹൗസ് ഓഫ് റെപ്പ്രസന്റെറ്റിവ്സിലെ സ്പീക്കറായ നാൻസി പെലോസിയുടെ തായ്‌വാനിലേക്കുള്ള ഔദ്യോഗിക സന്ദർശനം പ്രഖ്യാപിച്ച പാശ്ചാതലത്തിൽ ചൈനീസ് പ്രസിഡന്റ്, അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം അമേരിക്കയ്ക്ക് ഈ മുന്നറിയിപ്പ് നൽകിയത്. ഇത് വകവെയ്ക്കാതെ പെലോസി സന്ദർശനം നടത്തുകയും, അവർ തിരിച്ചു പോയതിന്റെ അടുത്ത ദിവസം മുതൽ ചൈന തായ്‌വാന് ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്താൻ തുടങ്ങുകയും ചെയ്തു, ചൈനീസ് പോർ വിമാനങ്ങൾ തായ്‌വാൻ ആകാശത്ത് വട്ടമിട്ടു പറന്നു.
അമേരിക്കയുടെ സ്വസിധമായ ‘ പിന്തുണ ‘ നാടകത്തിന്റെ പുതിയ പതിപ്പാണ് നാൻസി പെലോസിയുടെ രൂപത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. എയ്സർ, അസ്യുസ് എന്ന ടെക് ഭീമന്മാരുടെ ആസ്ഥാനവും, നമ്മൾ നിത്യേനെ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ ചിപ്സെറ്റുകളും മറ്റും ഉൽപാദിപ്പിക്കുന്നത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ചൈനയോട് ചേർന്നിരിക്കുന്ന ഈ കൊച്ച് ദ്വീപ് രാജ്യം വാർത്തകളിൽ നിറയുമ്പോൾ, ആ രാഷ്ട്രത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് സാമ്പത്തിക- രാഷ്ട്രീയ നിരീക്ഷകർ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തായ്‌വാൻ്റെ ആധുനിക ചരിത്രം
നമ്മുടെ കേരള സംസ്ഥാനത്തെക്കാൾ 2000 സ്ക്വയർ കിലോമീറ്റർ അധികം ഭൂവിസ്തീർണവും എന്നാൽ കുറവ് ജനസംഖ്യയും ഉള്ള ഒരു രാഷ്ട്രമാണ് തായ്‌വാൻ. മലകളാലും, ട്രോപ്പിക്കൽ കാടുകളാലും അനുഗ്രഹിക്കപ്പെട്ട ഭൂപ്രകൃതി ആണ് ഈ നാടിന്റെത്. ചരിത്രം പരിശോധിച്ചാൽ ഇന്ന് തായ്‌വാൻ എന്ന് അറിയപ്പെടുന്ന പ്രദേശം പതിനേഴാം നൂറ്റാണ്ടു മുതൽ ഖിംഗ് രാജവംശത്തിൻ്റെ (Qing Dynasty) കീഴിലായിരുന്നു. പിന്നീട് 1894-ൽ ചൈനയും ജപ്പാനും തമ്മിൽ നടന്ന ആദ്യ സിനോ- ജാപ്പനീസ് യുദ്ധത്തിൽ, ജപ്പാൻ ജയിക്കുകയും 1895-ൽ ചൈനയുടെ കയ്യിൽ നിന്ന് തായ്‌വാൻ നഷ്ടപെടുകയും ചെയ്തു.
ജനാധിപത്യം ആഗ്രഹിച്ചിരുന്ന തായ്‌വാൻ, സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചെങ്കിലും ജപ്പാന്റെ കോളനിവത്കരണ മോഹങ്ങൾ ഏഷ്യയിലെ ആദ്യ റിപ്പബ്ലിക്കിന് വെറും പത്ത് ദിവസത്തെ ആയുസ് മാത്രമെ കൽപ്പിച്ചിരുന്നുള്ളു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ പോലെ ജപ്പാൻ തായ്‌വാനിൽ അനേകം വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്നെങ്കിലും കൊളോണിയലിസത്തിന്റെ ഉരുക്ക് മുഷ്ടിപോലുള്ള ഭരണസംവിധാനമാണ് അവർ അവിടെ നടപ്പാക്കിയത്, അതിലൂടെ അവർ ആ നാടിന്റെ തനത് ചൈനീസ് ഭാഷയും, സംസ്കാരവും എടുത്ത് കളഞ്ഞ് അവിടെ ജാപ്പനീസ് രീതികൾ അടിച്ചേൽപ്പിക്കുകയുമുണ്ടായി.
1937-ൽ ജപ്പാൻ അവരുടെ അധിനിവേശ മോഹങ്ങളുമായി ചൈനയിലേക്ക് കടന്നപ്പോൾ അത് രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിന് തുടക്കം കുറിച്ചു. തുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ 1945–ൽ ജപ്പാൻ ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നും പിന്മാറി. ആ വർഷം തന്നെ തായ്‌വാൻ ചൈനീസ് നാഷണലിസ്റ്റ് നേതാവായ ചിയാങ്ങ്- കായ് ഷെകിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി. അതേ സമയം മാവോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മുന്നേറ്റം ഒരു ഭാഗത്ത് കൂടി ചൈനയിൽ ശക്തിപ്രാപിക്കുകയായിരുന്നു.
ചൈനീസ് മെയിൻലാൻഡ് കയ്യിൽ നിന്ന് പോകാതിരിക്കാൻ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ ചെറുത്തു നിൽക്കുന്നതിനിടയിൽ തായ്‌വാനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ ചിയാങ്ങിന് സാധിച്ചില്ല. ചെറുതല്ലാത്ത അസ്വാരസ്യങ്ങൾ അദ്ദേഹം അവിടെ നിയമിച്ച ജനറലും ജനങ്ങളും തമ്മിൽ രൂപപ്പെടാൻ തുടങ്ങി.
വൈകാതെ 1949 –ൽ മാവോയുടെ കമ്മ്യൂണിസ്റ്റ് സൈന്യം റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ തലസ്ഥാനം കീഴടക്കുകയും, ഇന്ന് കാണുന്ന പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (PRC) സ്ഥാപിക്കുകയും ചെയ്തു. അതോടെ ചിയാങ്ങും സൈന്യവും അദ്ദേഹത്തിന്റെ കെഎംടി പാർട്ടിയും തായ്‌വാനിലേക്ക് ഓടി പോവുകയും അവിടെ ഭരണം സ്ഥാപിക്കുകയും ചെയ്തു.
ഈ ചരിത്രമാണ് ചൈനയുടെ one country policy – യുടെ അടിസ്ഥാനം, അതായത് തായ്‌വാൻ ആദ്യം മുതൽ തന്നെ ചൈനയുടെ ഭാഗമായിരുന്നു എന്നും, പിന്നീട് അത് വിഭാഗിക്കപ്പെടുകയാണ് ഉണ്ടായത് എന്നുമാണ് ചൈനീസ് വാദം. എന്നാൽ ഇതേ ചരിത്രം ചൂണ്ടി കാണിച്ച് കൊണ്ട് തായ്‌വാൻ പറയുന്നത് തായ്‌വാൻ ഒരിക്കലും 1949-ൽ സ്ഥാപിതമായ ആധുനിക ചൈനയുടെ ഭാഗമായിരുന്നില്ല എന്നും, അത് കൊണ്ട് PRC-യുടെ ഒപ്പം ഒന്നിക്കേണ്ട ആവശ്യം ഇല്ല എന്നുമാണ്.
one country, two systems
ചിയാങ്ങ്- കായ് ഷെകിന്റെ മൂത്ത മകനായ സി.സി.കെ എന്ന് അറിയപെട്ട ചിയാങ്ങ് ചിംഗ് കുഒ 1978-ലാണ് തായ്‌വാൻ്റെ പ്രസിഡന്റ് ആവുന്നത്. തായ്‌വാനെ ജനാധിപത്യത്തിലേക്ക് നയിച്ച ആ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട പ്രസിഡന്റ്, തന്റെ പഠന കാലം ചിലവഴിച്ചത് സോവിയേറ്റ് യുണിയനിലായിരുന്നു. അവിടെ വെച്ച് അദ്ദേഹം അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗം ആവുകയും ചെയ്തിരുന്നു. അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങൾ പുരോഗമിക്കുകയും, അമേരിക്കയിൽ നിന്ന് ആയുധം വാങ്ങിക്കുന്നതും മറ്റും വെട്ടിച്ചുരുക്കുന്നതും. 1971-ൽ തന്നെ യു.എന്നിൽ ചൈനയെ പ്രതിനിധാനം ചെയ്യാനുള്ള അവകാശം ജനറൽ അസംബ്ലിയിൽ റെസല്യൂഷൻ 2758 വഴി നേടി എടുക്കുകയും, 1978 ആയപ്പോഴേക്കും അമേരിക്ക അടക്കമുള്ള പല രാജ്യങ്ങൾ തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുകയും മറ്റും ചെയ്യുകയുണ്ടായി.
1982-ൽ മേൽപറഞ്ഞ പോലെ ചൈന- തായ്‌വാൻ ബന്ധങ്ങൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ചൈന ആദ്യമായി one country two system എന്ന നിലപാട് തായ്‌വാൻ്റെ മുൻപിൽ വയ്ക്കുന്നത്, അന്ന് തായ്‌വാൻ പ്രസിഡന്റ് ആയിരുന്ന സി.സി.കെ അത് തള്ളി കളയുകയാണ് ഉണ്ടായത്.
ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണ പ്രദേശങ്ങളെ (special administrative regions) ഭരിക്കുന്ന രീതിയെയാണ് one country two systems എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് ഹോങ് കോങ്, മകോ തുടങ്ങിയ രാജ്യങ്ങൾ. ഇത് പ്രകാരം ഈ പറഞ്ഞ പ്രദേശങ്ങൾ ചൈനയുടെ ഭാഗമായി ഇരിക്കുമ്പോൾ തന്നെ അവിടത്തെ ഭരണ സംവിധാനത്തിൽ ചൈന ഇടപെടുകയില്ല, അതായത് അവർക്ക് സ്വയം ഗവൺമെന്റ് രൂപികരിക്കാനും, പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ട്, ബ്രിട്ടൻ ഹോങ് കോങ്ങിനെ ചൈനയ്ക്ക് കൈമാറിയപ്പോൾ അൻപത് വർഷത്തേക്കാണ് ഈ സംവിധാനത്തിൽ ചൈനയ്ക്ക് ഹോങ് കോങ്ങിനെ ഭരിക്കാനുള്ള ഉടമ്പടി ഒപ്പിട്ടത്.
എന്നാൽ ഇന്ന് വീണ്ടും തായ്‌വാന്റെ മുൻപിലേക്ക് ഇതേ നയം ചൈന വെക്കുമ്പോൾ ഹോങ് കോങ്ങിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈനീസ് ഗവൺമെന്റ് സ്വാധീനം ചെലുത്തി എന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ, ഒട്ടും വിശ്വാസ യോഗ്യമല്ല എന്ന രീതിയിലാണ് തായ്‌വാൻ ഇതിനെ കാണുന്നത്.
അമേരികൻ നയവും, മറ്റു രാജ്യങ്ങളും, തായ്‌വാന്റെ ഭാവിയും
അമേരിക്ക എന്നും തങ്ങളുടെ കച്ചവട താല്പര്യങ്ങൾക്കും , അവരുടെ രാഷ്ട്രീയ അടവുകൾക്കും വേണ്ടിയാണ് തായ്‌വാനെ ഉപയോഗിച്ചിരുന്നത്. 1950 –ലെ ഹാരി ട്രുമാൻ മുതൽ 2022 –ലെ നാൻസി പെലോസി വരെ ഉള്ള അമേരിക്കൻ നേതാക്കൾ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. 1949-ൽ കമ്മ്യൂണിസ്റ്റ് സൈന്യത്തോട് തോൽവി ഏറ്റുവാങ്ങി തായ്‌വാനിലേക്ക് ഓടിപോയ ചിയാങ്ങിന് തുടക്കത്തിൽ അമേരിക്ക പിന്തുണ നൽകിയില്ലെങ്കിലും പിന്നീട് 1950-ൽ ശീത യുദ്ധ കാലത്ത് പൊട്ടിപുറപ്പെട്ട കൊറിയൻ യുദ്ധത്തിൽ സോവിയെറ്റ് യുണിയനൊപ്പം ചൈന മറു ചേരിയിൽ ചേർന്നത് കൊണ്ട് അമേരിക്ക തായ്‌വാന് പിന്തുണ നൽകുകയായിരുന്നു. അന്ന് തുടങ്ങിയ അമേരിക്ക-തായ്‌വാൻ ബന്ധം പിന്നീട് ആയുധ കച്ചവടത്തിലേക്കും (സിസികെയുടെ കാലത്ത് വെട്ടിച്ചുരുക്കിയത് പിന്നീട് വന്ന പ്രസിഡന്റ് കുത്തനെ ഉയർത്തുകയായിരുന്നു), സൈനിക പരിശീലനങ്ങൾക്കും വഴി ഒരുക്കി, എന്നാൽ 1971-ൽ തായ്‌വാൻ കൂടി ഭാഗമായിരുന്ന റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് പകരം PRC- യെ ചൈനയുടെ ഔദ്യോഗിക പ്രതിനിധി ആക്കാനുള്ള പ്രമേയത്തെ എതിർത്ത അമേരിക്ക, ഏഴു വർഷങ്ങൾക്ക് ശേഷം തായ്‌വാനുമായി സകല നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നു. വിരോധാഭാസം എന്താണെന്ന് വച്ചാൽ, തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും, ചൈനയുടെ one country policy- യെ അംഗീകരിക്കുന്നു എന്ന് നിലപാട് വ്യക്തമാക്കുന്ന അമേരിക്ക, തായ്‌വാനുമായി നടത്തുന്ന ആയുധ കച്ചവടത്തിൽ ഒരു മുടക്കും വരുത്തുന്നില്ല.
തായ്‌വാൻ എന്ന രാജ്യം അതെ നാമധേയത്തിൽ ഏതെങ്കിലും അന്താരാഷ്ട്ര പരുപാടികളിൽ ( ഉദാഹരണത്തിന് : ഒളിമ്പിക്സ്, അതുകൊണ്ടാണ് തായ്‌വാൻ താരങ്ങൾ ചൈനീസ് തായ്പെയ് എന്ന പേരിൽ മത്സരിക്കുന്നത്) പങ്കെടുത്താലോ, പ്രതിനിധികളെ അയക്കുകയോ ചെയ്‌താലൊ അത് ചൈനയുടെ one country policy ക്ക് എതിരാണെന്നും, അത് കൊണ്ട് ആ പരുപാടിയിൽ ചൈന ഭാഗമാകില്ലെന്നും ചൈനീസ് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടും, പതിമൂന്നു രാജ്യങ്ങൾ തായ്‌വാനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ തയാറാവുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ ഇരട്ടനയമെന്ന് ഓർക്കണം. കച്ചവട താല്പര്യങ്ങൾക്ക് വേണ്ടി രണ്ട് തോണിയിലും കാലിടാൻ മടിക്കാത്ത നിലപാടില്ലാത്ത ഒരു രാഷ്ട്രമായി മാറിയിരിക്കുകയാണ് അമേരിക്ക.
നാൻസി പെലോസിയുടെ ഈ കഴിഞ്ഞ സന്ദർശനം പോലും ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് എന്ന് നമുക്ക് കാണാൻ സാധിക്കുന്നു. ട്രംപിനു എതിരെ ഉയർന്ന് വന്ന ഭരണവിരുദ്ധ വികാരത്തിന്റെ ഫലമായി വിജയിച്ച ബൈഡനും ഡെമോക്രാറ്റുകൾക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല എന്ന് മാത്രമല്ല, റഷ്യ ഉക്രൈൻ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും, അതിലൂടെ നാറ്റോയുടെ കപട മുഖം തുറന്ന് കാട്ടപ്പെടുകയും ചെയ്തതോടെ, ഡെമോക്രാറ്റ് പിന്തുണ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
നവംബറിൽ നടക്കുന്ന മിഡ്-ടേം തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോർടുകൾ സൂചിപ്പിക്കുന്നത്. ‘മനുഷ്യാവകാശ’ പോരാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന നാൻസി പെലോസി ഒബാമയുടെ കാലത്ത് ക്യുബയുമായി ഉള്ള ബന്ധം പുനസ്ഥാപിക്കുന്നതിനും, സാമ്പത്തിക ഉപരോധം നീക്കുന്നതിനും മറ്റും പിന്തുണ നൽകിയത് അഭിനന്ദനാർഹം ആണെങ്കിലും, 1991 –ൽ ടിയാൻമെൻ സ്ക്വയറിൽ അതിന് രണ്ട് വർഷം മുൻപ് അവിടെ വെച്ച് നടന്ന മനുഷ്യാവകാശ കുരുതിയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും “ To Those who died for democracy in China “ എന്ന ബാനർ ഉയർത്തുകയും മറ്റും ചെയ്ത പെലോസിക്ക്, കാലിഫോർണിയൻ സംസ്ഥാനങ്ങളിൽ വീടില്ലാത്തവരുടെ എണ്ണം ഉയരുന്നതും, അവർ തെരുവുകളിൽ ടെന്റ് കെട്ടി താമസിക്കുന്നതും, പ്രതികൂല കാലാവസ്ഥകളിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഒന്നും ‘മനുഷ്യാവകാശ ദ്വംശനമായി’ തോന്നുന്നില്ല, അത് കൊണ്ട് തന്നെ ‘To Those who died by Capitalism ‘ എന്ന ബാനർ ഇവിടെ ഉയരില്ലല്ലോ.
ഇന്ത്യയിൽ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ മത ധ്രുവീകരണവും,പാകിസ്ഥാനും പറഞ്ഞ് വന്ന് രാജ്യത്തെ അലട്ടുന്ന പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മോദിയുടെയും ബി.ജെ.പിയുടെയും അതേ വലത് പക്ഷ തന്ത്രമാണ് നാൻസി പെലോസി ഇവിടെ പ്രയോഗിക്കുന്നത്.
ചൈന അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, തായ്‌വാൻ ചൈനയുടെ ഭാഗമാണ്. പ്രകോപനം ഉണ്ടാവാത്ത പക്ഷം ബലം പ്രയോഗിച്ച് തായ്‌വാനെ ചൈനയുടെ ഭാഗമാക്കാനുള്ള ഒരു നീക്കവും ഉണ്ടാവില്ല.
തായ്‌വാനിൽ നടന്ന ഒരു സർവ്വേ പ്രകാരം അവിടത്തെ ഭൂരിഭാഗം വരുന്ന ജനങ്ങൾ ആഗ്രഹിക്കുന്നത് നിലവിൽ പിന്തുടർന്ന് പോരുന്ന status quo ( സ്വതന്ത്ര രാജ്യമോ, ചൈനയുടെ ഭാഗമോ അല്ലാത്ത സ്ഥിതി) ലൈൻ തുടരണമെന്നാണ്.
ഹോങ് കോങ്ങിലെ സംഭവ വികാസങ്ങളിലേക്ക് തായ്‌വാൻ ജനത തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ ഒരു തെളിവ് കൂടിയാണിത്, കാരണം ഹോങ് കോങ്ങിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങൾ അക്രമാസക്തമായി മാറുന്ന സമയമാണിത്. ചൈനയോട് ശക്തമായി എതിർത്ത് നിൽക്കുന്ന ഇവർ 2047-ൽ അൻപത് വർഷത്തെ SAR പദവിയുടെ കാലാവധി അവസാനിക്കുമ്പോൾ, ചൈനയോട് യോജിക്കുമോ അതോ ഒറ്റയ്ക്ക് വേറൊരു രാജ്യമാവുമോ എന്ന തീരുമാനം, തായ്‌വാൻ വിഷയത്തിൽ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല.
ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് one country policy- യെ അനുകൂലിച്ച് കൊണ്ടായിരുന്നെങ്കിലും, അതിർത്തിയിൽ ചൈനയുമായി ഉണ്ടായ അസ്വാരസ്യങ്ങൾ ആ നിലപാടിൽ നിന്ന് രാജ്യം പിന്നോട്ട് വലിയുന്നതും, തായ്‌വാനെ പിന്തുണയ്ക്കുന്നതും നമുക്ക് കാണാൻ സാധിക്കുന്നു. യുദ്ധ കൊതിയന്മാരായ അമേരിക്കയും നാറ്റോയും തങ്ങളുടെ ആയുധ വിൽപ്പനയിലൂടെ സാമ്പത്തിക ലാഭത്തിനും, മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും വേണ്ടി തുടർ പ്രകോപനങ്ങളിലൂടെ തായ്‌വാനെ മറ്റൊരു ഉക്രൈനോ അഫ്ഗാനിസ്ഥാനോ ആക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തരേണ്ടത് തുടക്കത്തിൽ പറഞ്ഞ പോലെ കാലമാണ്.