ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ രാജിയിൽ അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്നു. സംഘ പരിവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പും നടുക്കവും സൃഷ്ടിച്ചിട്ടുണ്ട്. പഞ്ചാബ് കേഡറിലെ 1985 ബാച്ചിൽ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോയൽ സ്വയം വിരമിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറായി 2022 നവംബറിലാണ് അദ്ദേഹത്തെ നിയമിച്ചത്.
വിരമിച്ച ഉടൻ ഗോയലിന് നൽകിയ നിയമനത്തിന്റെ പുറകിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അജണ്ടയാണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.
അദ്ദേഹത്തിന്റെ നിയമനം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തിടുക്കത്തിലുള്ള നിയമനത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും സുപ്രീം കോടതി രണ്ടംഗ ബെഞ്ച് അന്ന് ഹർജി തള്ളുകയായിരുന്നു. അരുൺ ഗോയലിന്റെ നിയമന ഫയലുകൾ സുപ്രീം കോടതി അന്ന് പരിശോധിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ കേന്ദ്രത്തോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടത്.
അരുൺ ഗോയലിന്റെ നിയമനത്തിൽ അദ്ദേഹത്തിന്റെ യോഗ്യതയല്ല, മറിച്ച് നിയമനത്തിന്റെ പ്രക്രിയയാണ് സംശയമുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് മുമ്പ് അറിയിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും, ഫയൽ നിയമമന്ത്രാലയം ഒറ്റ ദിവസം കൊണ്ട് പരിശോധിക്കുകയും, നാല് പേരടങ്ങുന്ന പാനൽ പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയും 24 മണിക്കൂറിനുള്ളിൽ അരുൺ ഗോയലിന്റെ പേര് രാഷ്‌ട്രപതി അംഗീകരിക്കുകയും ചെയ്‌തതായുമാണ് കോടതി കണ്ടെത്തിയത്!
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വർഷം തികയും മുൻപെയാണ് തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തുനിന്ന് അശോക് ലവാസ രാജിവച്ചത്. എന്നാൽ 2019 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ നടപടി വേണമെന്ന കർശന നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി ലവാസയെ ഒഴിവാക്കുകയായിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട്, ലവാസയുടെ കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പിന്റെ നടപടിയുമുണ്ടായി.
അതു പോലെ തന്നെ ഒരു കാലത്ത് നരേന്ദ്ര മോദിയുടെയും ആർ എസ് സിന്റെയും വിശ്വസ്ഥനായി അറിയപ്പെട്ട അരുൺ ഗോയൽ സർക്കാറുമായി കടുത്ത അഭിപ്രായ വ്യത്യാസം പല കാര്യങ്ങളിലും പ്രകടിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. സർക്കാരുമായുള്ള കടുത്ത അഭിപ്രായ ഭിന്നത തന്നെയാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത് എന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് ദുരുപയോഗം ചെയ്യുന്ന സമീപനത്തിന്റെ ഭാഗമാണോ അരുൺ ഗോയലിന്റെ രാജി എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിഷ്പക്ഷമായും നീതി യുക്തമായും പ്രവർത്തിക്കാൻ അനുവദിക്കാതെ വിധേയത്വത്തിന് കീഴ്പ്പെടണമെന്ന സങ്കുചിത മനോഭാവമാണ് കേന്ദ്ര സർക്കാർ പുലർത്തിപ്പോരുന്നത്. ഭരണഘടനാവ്യവസ്ഥകൾ പ്രകാരം നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സംവിധാനത്തെ ഭരണകൂടത്തിന്റെ സങ്കുചിത രാഷ്ട്രീയപ്രേരണയ്ക്കു വഴങ്ങാൻ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി നിരവധി ദുരൂഹതകൾക്കും സംശയങ്ങൾക്കും ഇട വരുത്തുക തന്നെ ചെയ്യുന്നു!