Thursday, November 21, 2024
spot_imgspot_img
HomeIndiaഎന്താണ് യുജിസി നെറ്റ് വിവാദം? പരീക്ഷ റദ്ധാക്കിയതിനു പിന്നിലെന്ത്?

എന്താണ് യുജിസി നെറ്റ് വിവാദം? പരീക്ഷ റദ്ധാക്കിയതിനു പിന്നിലെന്ത്?

നീറ്റ് പരീക്ഷാ ക്രമക്കേട് വിവാദങ്ങൾക്കിടെ യുജിസി-നെറ്റ് പരീക്ഷ കൂടി റദ്ദാക്കിയത് വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. നെറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നതിന്റെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഒഎംആർ ജൂൺ 18 നാണ് രാജ്യ വ്യാപകമായി വിവിധ നഗരങ്ങളിൽ രണ്ട് ഘട്ടങ്ങളായി നെറ്റ് പരീക്ഷ നടത്തിയത്. ക്രമക്കേട് ആരോപണം ഉയർന്നതിന് പിന്നാലെ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് പരീക്ഷ നടത്തി ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് എതിരെ തുടർച്ചയായ ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അഴിമതിയും കവിവൽക്കരണവും ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തെ വിഴുങ്ങാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ രാജ്യത്തെ യുവജനത കടുത്ത നിരാശയിലാണ്.

എന്താണ് യുജിസി നെറ്റ് പരീക്ഷ, നടപ്പിലാക്കുന്നത് ആര്?

ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റൻ്റ് പ്രൊഫസർ’, ‘ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ആൻഡ് അസിസ്റ്റൻ്റ് പ്രൊഫസർ’ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യോഗ്യത നിർണയിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ് പരീക്ഷ. കൂടാതെ, സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കീഴിലുള്ളവ ഉൾപ്പെടെ നിരവധി ഫെലോഷിപ്പുകൾക്കുള്ള യോഗ്യത നിർണയിക്കുന്നതും ഈ പരീക്ഷ വഴിയാണ്. ഈ ഫെലോഷിപ്പുകൾക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഈ ടെസ്റ്റിലൂടെ യോഗ്യത നേടുകയും വേണം.

എൻടിഎ പത്രക്കുറിപ്പ് പ്രകാരം 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷക്ക് 6,35,587 സ്ത്രീകളും 4,85,579 പുരുഷന്മാരും 59 ഭിന്ന ലിംഗക്കാരും ഉൾപ്പെടെ 11,21,225 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 ഡിസംബറിലെ പരീക്ഷയിൽ ഇത് 9,45,872 ആയിരുന്നു. രാജ്യത്തെ 317 നഗരങ്ങളിലായി 1,205 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. ഇതേ ബോഡിക്ക് തന്നെയാണ് നീറ്റ് യുജി പരീക്ഷയുടെ ഉത്തരവാദിത്വവും. യുജിസി-നെറ്റ് പരീക്ഷാ ചക്രം കാര്യക്ഷമമാക്കുന്നതിന് ജൂൺ, ഡിസംബർ മാസങ്ങളിൽ എല്ലാ വർഷവും പരീക്ഷ നടത്തും.

പരീക്ഷ റദ്ദാക്കലിന് പിന്നിലെന്ത് ? എന്താണ് അടുത്ത നടപടി ?

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റിൽ നിന്ന് പരീക്ഷയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.“പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും വിശുദ്ധിയും ഉറപ്പാക്കാൻ, 2024 ജൂണിലെ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു,” പ്രസ്താവന കൂട്ടിച്ചേർത്തു.

റദ്ദാക്കൽ വിവരങ്ങൾക്ക് ഒപ്പം പുതിയ പരീക്ഷ നടത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കും. കൂടാതെ സമഗ്രമായ അന്വേഷണത്തിനായി വിഷയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറുമെന്നും അറിയിച്ചു. നീറ്റ് (യുജി ) 2024 പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് മന്ത്രാലയത്തിൻ്റെ പ്രഖ്യാപനം. ഈ വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ജൂൺ 4-ന്, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമാണ് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റിൻ്റെ (നീറ്റ്) ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചത്. നേരത്തെ അറിയിച്ചതിനും പത്ത് ദിവസം മുൻപായിരുന്നു ഇത്.

720-ൽ 718 അല്ലെങ്കിൽ 719 സ്‌കോറുകളോടെ ചില വിദ്യാർത്ഥികൾ നേടിയ അസാധാരണ വിജയമാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഇത്രയും മാർക്ക് നേടൽ അസാധ്യമാണെന്നാണ് പലരും അവകാശപ്പെടുന്നത്. ക്രമക്കേടുകളും പേപ്പർ ചോർച്ചയും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് നിരവധി പരീക്ഷാർത്ഥികൾ രംഗത്ത് വന്നിരുന്നു. തുടർന്ന് ഗ്രേസ് മാർക്ക് നൽകി ഉയർന്ന റാങ്ക് നൽകിയ നടപടി പിൻവലിക്കാൻ എൻടിഎ തീരുമാനിച്ചിരുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares