കൊവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ പുതിയ വൈറസ് പടർന്നുപിടിക്കുന്നതായിട്ടുളള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) ആണ് ചൈനയിൽ പടരുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾ ഉദ്ധരിച്ച് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യങ്ങൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
മാസ്ക് ധരിച്ച് രോഗികൾ ആശുപത്രികളിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയുടെ വടക്കൻ പ്രവിശ്യകളിൽ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകൾ പടരുന്നതെന്നാണ് വിവരം.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്(HMPV) . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
കോവിഡുമായി ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. മഞ്ഞുകാലത്ത് വിവിധ ജലദോഷ വൈറസുകൾ സജീവമാകുന്ന കൂട്ടത്തിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസും ചിലയിടത്ത് സജീവമായി പടരും. 2011,12 വർഷങ്ങളിൽ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് കേസുകൾ കൂടിയിരുന്നു. ഇപ്പോൾ ചൈനയിലും കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ഇതൊരു പകർച്ച വ്യാധിയായി പടർന്നു പിടിച്ചിട്ടില്ല.
ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
ലക്ഷണങ്ങൾ എന്തൊക്കെ?
യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ പ്രകാരം, ശൈത്യകാലത്ത് ഉണ്ടാകുന്ന മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവിക്കുമുള്ളത്. ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
ഇത് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. മൂന്ന് മുതൽ ആറ് ദിവസം വരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. അതായത്, വൈറസ് ബാധിച്ച് മൂന്ന് മുതൽ ആറ് ദിവസത്തിനുള്ളിൽ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കും.
എങ്ങനെ തടയാം?
1.കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക.
2.കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക.
3.രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ നിന്ന് അകലം പാലിക്കുക.
4.ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ, ഡോർക്നോബുകൾ, കളിപ്പാട്ടങ്ങൾ എന്നിവ വൃത്തിയാക്കുക.
5.രോഗത്തിന്റെ ദൈർഘ്യം അതിൻ്റെ തീവ്രതയനുസരിച്ച് വ്യത്യാസപ്പെടാം.
കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ HMPV മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. HMPV ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു.
വടക്കൻ പ്രവിശ്യകളിൽ 14 വയസ്സിന് താഴെയുള്ളവരിലാണ് രോഗം കൂടുതലായി കണ്ട് വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.