കശ്മീർ താഴ്‌വരയെ കുരുതിക്കളമാക്കി ഒരിടവേളക്ക് ശേഷം അരങ്ങേറിയ ഭീകരാക്രമണത്തിന് പിന്നിൽ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (ടി ആർ എഫ്)എന്ന തീവ്ര വാദ സംഘടനയാണെന്ന ആരോപണമാണുയരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ വേളയിൽ രൂപീകരിച്ച ഈ ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഏറ്റെടുത്തിട്ടുമുണ്ട്.
കശ്മീർ യുവതയെ തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും തള്ളി വിടുകയും രാജ്യത്താകമാനം അരാജകത്വം സൃഷ്ടിക്കാൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിധ്വംസക പ്രസ്ഥാനമാണ് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്'(ടി ആർ എഫ്) കശ്‍മീർ ജനതക്ക് മേൽ ഭരണ കൂടത്തിന്റെ കയ്യേറ്റം നടക്കുന്നുവെന്നാരോപിച്ച് കൊണ്ടാണ് ഈ തീവ്ര വാദ സംഘടന രൂപം കൊണ്ടത്.
2020 മുതൽ കശ്മീരിൽ പ്രത്യക്ഷ ഇടപെടലുകൾ നടത്തിത്തുടങ്ങിയ സംഘടന രാജ്യത്തിന്റെ പരമാധികാരത്തിന്നെതിരെയാണ് പ്രവർത്തനം നടത്തിക്കൊണ്ടിരുന്നത്. ‘ ലഷ്‌കർ ഇ ത്വയിബ’ എന്ന ആഗോള തീവ്ര വാദ സംഘടനയുടെ അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്ന ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ഭീകരതക്ക് വിശ്വാസ പരമായ നീതീകരണമുണ്ടെന്ന ബോധമുണ്ടാക്കികൊണ്ടാണ് അക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
2023 ജനുവരിയിൽ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ നെ കേന്ദ്രസർക്കാർ യുഎപിഎ പ്രകാരം നിരോധിച്ചിരുന്നു.
ശെയ്ഖ് സജ്ജാദ് എന്നറിയപ്പെടുന്ന സജ്ജാദ് ഗുൽ എന്ന വ്യക്തിയാണ് ഈ തീവ്ര വാദ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. 1974ൽ കശ്മീരിൽ ജനിച്ച ഇയാൾ നിരവധി തീവ്ര വാദ സംഘടനകളിൽ മുൻപ് പ്രവർത്തിച്ചിട്ടുമുണ്ട്. തീവ്ര വാദ ആശയങ്ങൾ പ്രചരിപ്പിച്ചും തുടക്കത്തിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ സംഘടിപ്പിച്ചും മേഖലയിൽ പിടിമുറുക്കിയ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ തുടർന്ന് വൻ തോതിൽ ആയുധ ശേഖരണവും നടത്തുകയുണ്ടായി.
ഭീകര പ്രവർത്തനത്തോടൊപ്പം മയക്കു മരുന്ന് വിപണവും ഇക്കൂട്ടർക്കുള്ളതായി റിപ്പോർട്ടുകളുണ്ട്. 2022ലെ കണക്കുകൾ പ്രകാരം ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട 172 പേരിൽ 108 പേരും ഈ സംഘടനയിലെ അംഗങ്ങളായിരുന്നു. അടുത്തിടെ വിവിധ സംഘടനകളിൽ എത്തിയ 100 പേരിൽ 74 പേരും ഈ സംഘടനയിലേക്കാണ് പോയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ വികല നിലപാടുകൾക്കനുസൃതമായി അവർ ആത്മികതയെയടക്കം ദുർ വ്യാഖ്യാനിക്കുന്നതും കാണാം. ടി ആർ എഫ് സാന്നിധ്യം കശ്മീർ മേഖലയിൽ ശക്തിപ്പെടുന്നുവെന്ന് ഒമർ അബ്ദുള്ള സർക്കാർ നിരവധി തവണ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിരുന്നു.