ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് എഴുപത്തഞ്ച് വർഷം തികയുകയാണ്. വിവിധ ഭാഷകളും മതവിശ്വാസങ്ങളും ജാതികളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംസ്കാരങ്ങളും അടക്കം പല വൈവിധ്യങ്ങളുമുണ്ടായിട്ടും അവയെ ഒന്നായി ഉൾക്കൊള്ളാനും അംഗീകരിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത്.
1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതെങ്കിലും 1950 ജനുവരി 26നാണ് ഭരണഘടന നിലവിൽ വന്നത്. രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതിയും അധികാരവും ഉറപ്പു നൽകിയ ദിനത്തെ ‘സംവിധാൻ ദിവസ്’ എന്നു കൂടി അറിയപ്പെടുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ, ഭരണഘടന മുന്നോട്ട് വെക്കുന്ന ബഹുസ്വരതയെയും സാമൂഹ്യ നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കുന്ന നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.
രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് ഹിന്ദുത്വ രാജ്യത്തിന്റെ അതിവേഗ നിർമ്മിതിക്കാണ് സംഘപരിവാർ ശ്രമിക്കുന്നത്. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഹിന്ദുത്വ അജണ്ട കൂടുതൽ കരുത്തോടെ നടപ്പാക്കി. നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
മത ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി വീക്ഷിക്കുകയും ഭരണഘടന വിരുദ്ധവും മതനിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ പൗരത്വ ഭേദഗതിയും ഏക സിവിൽ കോഡുമടക്കം രാജ്യത്തെ പൗരന്മാരെ ധ്രുവീകരിച്ചു കൊണ്ടുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് ഉദാഹരണങ്ങൾ നിരവധിയാണ്. വിദ്യാഭ്യാസത്തിന്റെ അടിത്തറയായിരുന്ന മതനിരപേക്ഷതയെയും ഭരണഘടനാമൂല്യങ്ങളെയും ബഹുസ്വരതയെയും പാഠ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തു കൊണ്ടിരിക്കുന്നു. രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിന്റെ ബഹുസ്വരത നില നിൽക്കണമെന്നാഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും മതേതര വാദികളുടെയും യോജിച്ച മുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുന്ന വർത്തമാന സാഹചര്യത്തിലാണ് നാം ഭരണഘടന ദിനം ആചരിക്കുന്നത്. ബഹുസ്വരതയിൽ അടിയുറച്ച ഇന്ത്യൻ ദേശീയതയിലൂടെയുള്ള ഭരണഘടന സംരക്ഷണമാണ് കാലം നമ്മോടാവശ്യപ്പെടുന്നത്.