ഇന്ത്യൻ മതേതരത്വത്തിന്റെ ചുടുചോരയിൽ ചവിട്ടി നിന്നാണ് അയോധ്യയിൽ മോദി രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്. അയോധ്യയിൽ രാമക്ഷേത്രം വേണ്ടെന്നു ഒരുകാലത്തും പുരോഗമന ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾ നിലപാടെടുത്തിട്ടില്ല. പള്ളി നിന്നിടത്തു പള്ളി തന്നെയാണ് വേണ്ടത്. ഒരു മതത്തിന്റെയും ആരാധനാലയം പൊളിച്ചു മറ്റൊരു ആരാധനലയം പണിയാൻ ആർക്കും അവകാശമില്ല.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം പണിയുന്നത് എന്ന് മോദി സർക്കാർ അവകാശപ്പെടുമ്പോഴും ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗം മാത്രമാണ് ഈ പ്രാണപ്രതിഷ്ഠ എന്നത് പരമ സത്യമാണ്. ആളുകളെ കൊന്നും പുറത്താക്കിയും തനിക്ക് ക്ഷേത്രം പണിയാൻ ശ്രീരാമൻ ആഗ്രഹിക്കുന്നുണ്ടാകുമോ?
ഗാന്ധിയും നെഹ്‌റുവും ഇന്ത്യയിലെ കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളും കണ്ട, മനസിലാക്കിയ, പ്രാർത്ഥിക്കുന്ന, അവരുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്ന രാമൻ ആർഎസ്എസിന്റെ രാമനല്ല.
സ്നേഹവും കരുണയും സഹാനുഭൂതിയും പഠിപ്പിച്ച വാത്സല്യത്തിന്റെ പ്രതിരൂപമാണ് രാമൻ. ആ രാമനിൽ ഹിന്ദുവില്ല, വർഗീയവാദിയില്ല. രാമന്റെ രാജ്യത്ത് എല്ലാവരും തുല്യരാണ്. ആ രാമനെയാണ് രാജ്യത്തെ കോടാനുകോടി വിശ്വാസികൾ ആരാധിക്കുന്നത്. അല്ലാതെ ആർഎസ്എസിന്റെ കാവി രാമൻ ഒരിക്കലും ഇന്ത്യൻ ജനതയുടെ ആരാധനപുരുഷനല്ല. ഗാന്ധിയും നെഹ്‌റുവും സ്വപ്നം കണ്ട രാമരാജ്യമാണ് നമുക്ക് വേണ്ടത്. അല്ലാതെ നരേന്ദ്ര മോദിയുടെ വർഗീയതയാൽ കളങ്കമായ കാവി രാമരാജ്യമല്ല.