തിരുവനന്തപുരം: കേരളത്തിന്റെ ഗോതമ്പ്, മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടി സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിതെളിക്കുമെന്ന് എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്താദ്യമായി സാർവത്രിക റേഷൻ സമ്പ്രദായം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 2016 ൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലായതോടുകൂടി കേരളത്തിലെ റേഷൻ സമ്പ്രദായം മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. സംസ്ഥാനത്തെ 43 ശതമാനം ജനങ്ങൾക്കുമാത്രമാണ് റേഷന് അർഹതയുള്ളതെന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 1,54,80,040 പേർ മാത്രമാണ് നിലവിൽ റേഷൻ സമ്പ്രദായത്തിന് കീഴിൽ വരുന്നത്.
റേഷൻ സമ്പ്രദായത്തിൽ നിന്നും പുറത്തായ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക് കഴിഞ്ഞ മേയ് 13ലെ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ടൈഡ് ഓവർ വിഹിതമായി നൽകി വന്നിരുന്ന 6459.074 മെട്രിക് ടൺ ഗോതമ്പ് നിർത്തലാക്കി. 57 ശതമാനം വരുന്ന ജനങ്ങൾക്ക് പൊതുവിതരണ സമ്പ്രദായത്തിൽ നിന്നും ഗോതമ്പ് ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. ഗോതമ്പ് വിഹിതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചിരിക്കുകയാണ്. 2020 ഏപ്രിലിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ അടിസ്ഥാനവില 22.26 രൂപ ആയിരുന്നത് ക്രമാനുഗതമായി വർധിച്ച് 2021 ജൂലൈയിൽ 36.99 രൂപയിലെത്തി. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ 38.32 രൂപയും നവംബറിൽ 45.79, 2022 ഫെബ്രുവരിയിൽ 49.55, മാർച്ചിൽ 56.17, ഏപ്രിലിൽ 70.40, മേയ് 72.82 രൂപയായും എണ്ണക്കമ്പനികൾ വർധിപ്പിച്ചു. നിലവിലെ മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 72.82 രൂപയോടൊപ്പം സിജിഎസ് ടി (2.5ശതമാനം), എസ്ജിഎസ്‌ടി (2.5ശതമാനം), കടത്തുകൂലി, ഡീലർ കമ്മിഷൻ, റീട്ടെയിൽ കമ്മിഷൻ എന്നിവ ചേരുമ്പോൾ 84 രൂപയോളമാകും.
2022–23 ആദ്യപാദത്തിൽ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ മുൻവർഷത്തേക്കാൾ 40 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. 2021–22 ആദ്യപാദത്തിൽ 6,480 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022–23 ആദ്യപാദത്തിൽ 3,888 കിലോലിറ്റർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഗോതമ്പിന്റെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറച്ച നടപടി കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകർക്കാനേ ഉപകരിക്കൂവെന്ന് സംസ്ഥാന എക്‌സിക്യുട്ടീവ് ചൂണ്ടിക്കാട്ടി.
അഡ്വ.പി വസന്തം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം പി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.