
ടി.ടി. ജിസ്മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റായി രംഗത്ത് വരുന്നത് ഹിന്ദുത്വ കോർപ്പറേറ്റ് അവിശുദ്ധസഖ്യത്തിന്റെ പുതിയ നീക്കമായി മാത്രമേ നമുക്ക് വിലയിരുത്താൻ കഴിയൂ. സംസ്ഥാന പ്രസിഡന്റ് പദവിയിൽ ആരെ നിയമിക്കണമെന്നത് ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ രാജീവ് ചന്ദ്രശേഖറിനെ പോലുള്ള ശത കോടീശ്വരനെ പ്രസിഡന്റായി അവരോധിക്കുന്നതിലൂടെ പുറത്തു വരുന്ന ബിജെപിയുടെ കോർപറേറ്റ് അജണ്ട കൃത്യമായിത്തന്നെ തുറന്നു കാട്ടേണ്ടതുണ്ട്.
പൊതു രംഗത്ത് യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത രാജീവ് ചന്ദ്രശേഖർ 2021 ൽ കേന്ദ്രമന്ത്രിയാകും വരെ തികഞ്ഞ ബിസിനസുകാരനായാണ് അറിയപ്പെട്ടിരുന്നത്. ശതകോടികളുടെ ഇടപാടുകൾ നടത്തുന്ന നിരവധി വിവാദ കമ്പനികളിൽ അദ്ദേഹത്തിന് ഓഹരി പങ്കാളിത്തവുമുണ്ട്. പാർട്ടിയുടെ താഴെ തട്ടിൽ യാതൊരു വിധ പ്രവർത്തനങ്ങളും നടത്താതെ പണം കൊടുത്ത് രാജ്യ സഭ സീറ്റും കേന്ദ്ര മന്ത്രി സ്ഥാനവും കരസ്ഥമാക്കിയത് സാധാരണ ബിജെപി പ്രവർത്തകർ പോലും മുൻപ് ചോദ്യം ചെയ്തിരുന്നു.
ഏറ്റവും ഒടുവിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വിലക്കെടുക്കുക വഴി ബിജെപി യുടെ കോർപറേറ്റ് വിധേയത്വത്തെയാണ് അദ്ദേഹം മറ നീക്കി പുറത്തു കൊണ്ടു വന്നത്. കളമശ്ശേരിയിൽ 2023 ൽ ‘യഹോവ സാക്ഷി’കളുടെ ആരാധന സമ്മേളനത്തിനിടെ ഉണ്ടായ അത്യന്തം ദാരുണമായ സംഭവത്തെ ഇസ്രായേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ജൂതന്മാരുമായി ബന്ധമുള്ള സംഘടനയാണ് ‘യഹോവ സാക്ഷികൾ’ എന്ന് തെറ്റിദ്ധരിച്ചു കൊണ്ടുള്ള തീവ്രവാദികളുടെ ആസൂത്രിതമായ ആക്രമണമാക്കി ചിത്രീകരിച്ച് കൊണ്ട് അത്യന്തം അബദ്ധ ജഡിലവും പ്രകോപനപരവും ഭരണ ഘടന വിരുദ്ധവും വിഷലിപ്തവുമായ പരാമർശം ഇദ്ദേഹം നടത്തിയത് കേരളം മറന്നിട്ടില്ല. അത് കൊണ്ട് തന്നെ ബിജെപിയുടെ ആഭ്യന്തര കാര്യം എന്നതിലുപരി ഹിന്ദുത്വ – കോർപറേറ്റ് കൂട്ട് കെട്ട് കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നുവെന്നത് നാം ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്.