കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷനിടെ നടന്ന മനുഷ്യത്വ രഹിതവും ഭീകരവുമായ സ്ഫോടനം ഈയിടെ കേരളത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയ ദാരുണ സംഭവമായിരുന്നു. ‘യഹോവയുടെ സാക്ഷികൾ ‘ എന്ന വിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളോടും അവരുടെ വിശ്വാസ പ്രമാണങ്ങളോടുമുള്ള നീരസവും വിയോജിപ്പുകളും മുൻ അനുയായിയെന്നവകാശപ്പെടുന്ന ഒരു വ്യക്തിയിൽ സൃഷ്ടിച്ച പ്രതികരണത്തിന്റെ പ്രത്യാഘാതമാണ് ദൗർഭാഗ്യകരമായ സംഭവത്തിന്നിട വരുത്തിയത്.
ജനാധിപത്യ സംവിധാനത്തിൽ വിവിധ ജാതി മത വിഭാഗങ്ങൾക്ക് അവരുടേതായ വിശ്വാസ പ്രമാണങ്ങൾ മുറുകെ പിടിക്കുന്നതിനും പിന്തുടരുന്നതിനുമുള്ള അനുയോജ്യമായ സാമൂഹ്യ സാഹചര്യങ്ങളിലും മത നിരപേക്ഷ പാരമ്പര്യങ്ങളിലും കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നിരിക്കെ അത്യന്തം അപലപനീയവും ഒറ്റപ്പെട്ടതുമായ സംഭവത്തെ വഴി തിരിച്ചു വിട്ട് കേരളത്തെ അപമാനിക്കുവാനും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അപകീർത്തിപ്പെടുത്തുവാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് അന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് പുറത്തു വന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട വാർത്ത പുറത്തു വന്നത് മുതൽ ഊഹാപോഹങ്ങളും വ്യാജ വാർത്തകളും സൃഷ്ടിച്ചു കൊണ്ട് ഒരു പ്രത്യേക സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചകളും സംവാദങ്ങളുമാണ് പലയിടങ്ങളിലും അരങ്ങേറിയത്. തീവ്ര വാദം കേരളത്തിൽ ശക്തിപെട്ടിരിക്കുകയാണെന്നും ഇസ്രായേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ജൂതന്മാരുമായി ബന്ധമുള്ള സംഘടനയാണ് ‘യഹോവ സാക്ഷികൾ’ എന്ന് തെറ്റിദ്ധരിച്ചു കൊണ്ടുള്ള ഭീകര വാദികളുടെ ആസൂത്രിതമായ ആക്രമണമാണ് കളമശ്ശേരിയിൽ കാണാൻ കഴിഞ്ഞതെന്നുമുള്ള വ്യാജാരോപണങ്ങൾ വ്യാപകമായി പടച്ചു വിടുന്നതിൽ വ്യാപൃതരായിരുന്നു സംഘ പരിവാർ കേന്ദ്രങ്ങളും അവരുടെ കൂട്ടാളികളും.
മുഖ്യ മന്ത്രി പിണറായി വിജയന്റെ പ്രീണന രാഷ്ട്രീയത്തിന് വ്യക്തമായ ഉദാഹരണം കൂടിയാണ് കളമശ്ശേരിയിൽ കണ്ടതെന്നും കേരളത്തിൽ തീവ്ര വാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുമ്പോൾ മുഖ്യ മന്ത്രി ഡൽഹിയിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയായിരുന്നുവെന്നുമുള്ള അത്യന്തം അബദ്ധ ജഡിലവും പ്രകോപനപരവും ഭരണ ഘടന വിരുദ്ധവും വിഷലിപ്തവുമായ പരാമർശം നടത്തി നാട്ടിൽ കലാപവും വിദ്വേഷവും സൃഷ്ടിക്കുവാനുള്ള കുല്സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്ത് സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്ക് എരിവ് പകർന്നത് ക്യാബിനറ്റ് പദവിയുള്ള മലയാളിയായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖറായിരുന്നു. ഒടുവിൽ സത്യാവസ്ഥ പുറത്തു വന്നതിന് ശേഷവും സമൂഹത്തിൽ വർഗ്ഗീയത സൃഷ്ടിക്കുന്നതിനും മത വിശ്വാസികളെ തീവ്ര വാദികളാക്കി ചിത്രീകരിക്കുന്നതിനുമായുള്ള ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള നെറികെട്ട പ്രസ്താവന പിൻവലിക്കാനോ മാപ്പ് പറയാനോ തയ്യാറായിരുന്നില്ല ഇദ്ദേഹം.
കേരളത്തിന്റെ മതേതര സംസ്കാരത്തോട് അസ്വസ്ഥപ്പെടുകയും കേരളീയ പൊതു സാമൂഹ്യ സാഹചര്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്ന രാജീവ് ചന്ദ്ര ശേഖറാണ് ബിജെപി സ്ഥാനാർഥിയായി ജനവിധിക്കായി തലസ്ഥാനത്തെത്തുന്നത്.
നാടിന്റെ മത നിരപേക്ഷതയെ വെല്ലുവിളിച്ച് സംസ്ഥാനത്ത് വർഗ്ഗീയ ചേരി തിരിവ് സൃഷ്ടിച്ച് കേരളത്തിന്റെ സമാധാനവും സൗഹാർദ്ധവും തകർക്കാൻ ശ്രമിച്ച രാജീവ് ചന്ദ്ര ശേഖറിന് ജനം വോട്ടിംഗിലൂടെ മറുപടി പറയുക തന്നെ ചെയ്യും!