ടി കെ മുസ്തഫ വയനാട്
1923 ൽ ‘ഹിന്ദുത്വത്തിന്റെ സത്ത’ എന്ന പേരിൽ വി ഡി സവർക്കർ പുറത്തിറക്കിയ പ്രത്യയശാസ്ത്ര ലഘുലേഖയിൽ ‘ഹിന്ദുത്വ’ എന്ന നിർവചനത്തിന് കീഴിൽ വരുന്ന ജനവിഭാഗങ്ങൾ ആരൊക്കെയാണെന്നും പ്രസ്തുത നിർവചനത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുത്വരാഷ്ട്രത്തെ എങ്ങനെ നിർവചിക്കാം എന്നതിനെ സംബന്ധിച്ചും പ്രതിപാദ്യമുണ്ട്.
“ഇന്ത്യയെ മാതൃഭൂമിയും പിതൃഭൂമിയും പുണ്യഭൂമിയുമായി കരുതുന്നവരെല്ലാം അവരുടെ വിശ്വാസത്തിനതീതമായി ‘ഹിന്ദുത്വ’യുടെ പരിധിയിൽ വരും. ഇന്ത്യയിൽ ജീവിക്കുകയും മുസ്ലിംകളെപ്പോലെയും ക്രിസ്ത്യാനികളെപ്പോലെയും തങ്ങളുടെ പുണ്യഭൂമി മറ്റെവിടെയോ ആണെന്ന് കരുതുകയും ചെയ്യുന്നവരൊന്നും തന്നെ ‘ഹിന്ദുത്വ’യുടെ പരിധിയിൽ വരില്ല” (ആർ എസ് എസ് രൂപീകരണത്തിന് മുൻപ് പ്രസിദ്ധീകരിച്ച ‘ഹിന്ദുത്വത്തിന്റെ സത്ത ‘ പിന്നീട് ‘ഹിന്ദുത്വ: ആരാണ് ഹിന്ദു’ എന്ന പേരിലാണ് പുറത്തിറക്കിയത്) ആർഎസ്എസിന്റെ രണ്ടാമത്തെ സർ സംഘ് ചാലക് ഗോൾവാൾക്കർ തന്റെ ‘വിചാര ധാര’യിൽ ‘ആഭ്യന്തര ഭീഷണികൾ’ (Internal threats) എന്ന അധ്യായത്തിലാകട്ടെ, മുസ്‌ലിംകളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകളെയുമാണ് യഥാക്രമം ആഭ്യന്തര ശത്രുക്കളായി കണ്ടെത്തിയിരിക്കുന്നത്.
ഹിറ്റ്‌ലർ തന്റെ ‘മെയിൻ കാംഫ് ‘എന്ന ആത്മ കഥയിൽ പ്രാഥമികമായി ജൂതന്മാരെയും പിന്നീട് കമ്മ്യൂണിസ്റ്റ്‌കാരെയും അടുത്ത ഘട്ടത്തിൽ ക്രൈസ്തവരെയും ജനാധിപത്യ വാദികളെയും ഒടുവിലായി ജിപ്സികളും റോമനികളും അടക്കമുള്ളവരെയും ജർമനിയുടെ ശത്രുക്കളായി അവതരിപ്പിച്ചതിനോട് വളരെയധികം സാമ്യപ്പെട്ടിരിക്കുന്നു സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും വിലയിരുത്തലുകൾ എന്ന് കാണാൻ കഴിയും. ആഭ്യന്തര ശത്രുക്കളെ ഘട്ടം ഘട്ടമായി ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് ജൂതന്മാരെ ആദ്യം ഒറ്റപ്പെടുത്തി അവരെ ‘Neuramberg ‘നിയമം വഴി ‘പൗരന്മാരല്ലാതാക്കി’ കൊല്ലുകയും നാടുകടത്തുകയുമായിരുന്നു ഹിറ്റ്ലർ.
മത രാഷ്ട്രവാദത്തിന്റെ പ്രത്യയ ശാസ്ത്ര നിലപാടുകളിലധിഷ്ഠിതമായ ആർ.എസ്.എസ് നയിക്കുന്ന കേന്ദ്രസർക്കാർ ലഭ്യമായ കേന്ദ്രാധികാരം ഉപയോഗിച്ച് സാമൂഹ്യജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കാവിവത്കരണം ലക്ഷ്യം വെക്കുകയും ആഭ്യന്തരശത്രുക്കളായി കാണുന്ന ഇസ്ലാമികരെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയുമൊക്കെ അപരവത്കരിക്കാനുള്ള അവസരമായി ഭരണത്തെ ദുരുപയോഗം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മതനിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്ന് അധികാരം നൽകുന്ന പൗരത്വ ഭേദഗതി നിയമം.
അധികാരം മാത്രം ലക്ഷ്യംവെക്കുന്ന അപരവത്കരണത്തിന്റെ ജാതി മേൽക്കോയ്മ തങ്ങൾക്കനഭിമതമായതിനെ വൈദേശികവും രാജ്യത്തിന്റെ ഭാവാത്മകതയ്ക്ക് ഇണങ്ങാത്ത നിഷേധാത്മക നിലപാടുകളുമായി വിലയിരുത്തുമ്പോൾ മറ നീക്കി പുറത്തു വരുന്നത് ഹിറ്റ്‌ലേറിയൻ മാതൃക പകർത്തുന്ന ഗോൾവാൾക്കറിസത്തിന്റെ ക്രൂരമായ പ്രയോഗവൽക്കരണം തന്നെയാണ്.
രാജ്യത്തെ ആദ്യത്തെ പൗരത്വനിയമം രൂപീകരിച്ചത് 1955ൽ ആണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണ് എന്നതായിരുന്നു പ്രസ്തുത നിയമം അനുശാസിക്കുന്നത്. ബംഗ്ലാദേശിൽ നിന്ന് അനവധി ആളുകൾ അനധികൃതമായി ഇന്ത്യയിൽ കുടിയേറി താമസിക്കുന്നു എന്ന വിവരത്തെ തുടർന്ന് നിയമത്തിൽ ഭേദഗതി വരുത്തുകയും തൽഫലമായി അനധികൃത കുടിയേറ്റക്കാരെ മുഴുവൻ പൗരന്മാരല്ലാത്തവരായി രേഖപ്പെടുത്തുകയും ചെയ്തത് 1985 ൽ രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോഴാണ്. ശേഷം 1992ലും 2003ലും 2005ലും 2015ലുമൊക്കെ വിവിധ ഗവണ്മെന്റുകൾ നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ടെങ്കിലും 2019 ലാണ് പൗരത്വം നിർണയിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പ്രക്രിയയിൽ മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഭേദഗതി കടന്ന് വരുന്നത്!
പാക്കിസ്ഥാനിലും ബംഗ്ലദേശിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകൾ ന്യൂനപക്ഷമല്ലെന്നും ഇസ്ലാമിക രാഷ്ട്രങ്ങളായത് കൊണ്ട് മുസ്‌ലിംകൾക്കവിടെ പീഡനമില്ലെന്നും അതിനാൽ 2014 ഡിസം 31നോ അതിന് മുൻപോ ഇന്ത്യയിലേക്ക് കുടിയേറി വന്ന ഹിന്ദു, സിഖ്, പാർസി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ അഭയാർത്ഥികളെ പൗരത്വത്തിന്നായി പരിഗണിക്കുന്നതിലൂടെ രാജ്യത്തെ മുസ്ലിംകളുടെ സ്വത്വത്തേയും അസ്തിത്വത്തേയും ചോദ്യം ചെയ്യുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ വാദം.
എന്നാൽ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് മാത്രം ഇതര അഭയാർത്ഥികളെ സ്വീകരിക്കുമ്പോൾ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ അതിർത്തി രാജ്യങ്ങളിൽ വിവേചനത്തിനും കടുത്ത പീഡനങ്ങൾക്കും ഇരയാകുന്നവരുടെ വിഷയത്തിൽ തികഞ്ഞ മൗനവും നിസ്സംഗതയും പുലർത്തുകയാണ് കേന്ദ്ര ഭരണ കൂടം.
പാക് അധീന കശ്മീരിൽ കുറച്ചുമാത്രം അതിർത്തി പങ്കിടുന്ന അഫ്ഗാനെ പരിഗണിക്കുമ്പോൾ ഇന്ത്യയുമായി ദീർഘ അതിർത്തി പങ്കിടുന്ന രാജ്യമായ മ്യാൻമാറിൽ നിന്ന് വലിയൊരു വിഭാഗം റൊഹിങ്ക്യ മുസ്ലീങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നത് വംശഹത്യയെത്തുടർന്നാണെന്നോർക്കണം പാക്കിസ്ഥാനിലെ അഹ്മദികൾ, ഹസാരെകൾ എന്നിവർ ഇതര ന്യൂന പക്ഷങ്ങളുടേതിന് സമാനമായ പീഡനങ്ങളും അവകാശ ധ്വoസനങ്ങളുമാണ് അവിടെ അനുഭവിക്കുന്നത്.ചൈനയിലെ ഉയിഗൂർ മുസ്ലിംകളും ശ്രീലങ്കയിലെ തമിഴ് വംശജരുമാകട്ടെ ക്രൂരമായ അടിച്ചമർത്തലുകൾക്കും വംശഹത്യയ്ക്കുമാണ് ഇരയാകുന്നതെന്നാണ് റിപ്പോർട്ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്നപേരിലാണ് അസമിൽ 2015-2019 കാലയളവിൽ എൻ ആർ സി (ദേശീയ പൗരത്വ റജിസ്റ്റർ) തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി 1971 മാർച്ച് 24ന് മുമ്പ് താനോ തന്റെ പൂർവ്വികരോ അസമിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ ഓരോ വ്യക്തിയും നിർബന്ധിതരാവുകയുണ്ടായി. 1971നു മുമ്പുള്ള രേഖകൾ സംഘടിപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്നതിനാൽ ലക്ഷക്കണക്കിനാളുകൾക്കാണ് തൽഫലമായി പൗരത്വം നഷ്‌ടപ്പെട്ടത്.
എന്നാൽ അപ്രകാരം പുറത്താക്കപ്പെട്ട മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വ ഭേദഗതി നിയമ പ്രകാരം 2014 ഡിസംബർ 31 നോ മുൻപോ ഇന്ത്യയിലേക്ക് കുടിയേറിയവർ എന്ന പരിഗണനയിൽ പൗരത്വം ലഭിക്കാനിട വരുമ്പോൾ മുസ്ലിം വിഭാഗം രണ്ടാം തരം പൗരൻമാരാണെന്ന് നിയമപരമായി തന്നെ സ്ഥാപിച്ചെടുക്കാൻ ഭരണ കൂടത്തിന് നിലവിലെ നിയമ പ്രകാരം കഴിയുമെന്നതാണ് വസ്തുത.
പൗരത്വത്തിന് മതം മാന ദണ്ഡ മാക്കുന്നത് രാജ്യത്തെ പൗരന്മാരുടെ നിയമ പരവും ജനാധിപത്യ പരവും മത നിരപേക്ഷ പരവുമായ അവകാശങ്ങളോടുള്ള കടന്നാക്രമണവും ഭരണ ഘടന ധാർമികതയുടെ നഗ്നമായ ലംഘനവുമാണ്.
ഭരണാധികാരത്തിന്റെ ബലത്തിൽ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചു കൊണ്ടുള്ള ന്യൂനപക്ഷവേട്ട നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ജനാധിപത്യ മൂല്യങ്ങളോടും സമത്വാശയങ്ങളോടും അനുരഞ്ജനരഹിതമായ കലഹവും വിദ്വേഷവും എന്നും അജണ്ടയായി സ്വീകരിച്ചിട്ടുള്ള ഫാസിസ്റ്റ് ഭരണ കൂടം.
സാമ്രാജ്യത്വ കുത്തക മൂലധനത്തിന്റെ സംരക്ഷണ ദൗത്യം സ്വയം ഏറ്റെടുത്തിരിക്കുന്ന ഫാസിസ്റ്റുകൾ പ്രത്യയശാസ്ത്ര ചട്ടക്കൂടിൽ ഒരു മാറ്റവും സൃഷ്ടിക്കാതെ ജനാധിപത്യ സംവിധാനങ്ങളെ നിരാകരിച്ച് കൊണ്ട് അതിന്റെ സാംസ്‌കാരിക അധിനി വേശം സമസ്ത മേഖലകളിലും നടപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ പ്രതിരോധവും പോരാട്ടവുമല്ലാതെ മറ്റൊരു മാർഗ്ഗമില്ല!