Friday, November 22, 2024
spot_imgspot_img
HomeEntertainmentCinemaമലയാള സിനിമ ഭരിക്കുന്ന ആ പതിനഞ്ചംഗ തെമ്മാടിക്കൂട്ടം ആരൊക്കെ?, ആരാണ് അവരുടെ 'രാജാവ്?'

മലയാള സിനിമ ഭരിക്കുന്ന ആ പതിനഞ്ചംഗ തെമ്മാടിക്കൂട്ടം ആരൊക്കെ?, ആരാണ് അവരുടെ ‘രാജാവ്?’

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ആഡംബരത്തിന്റെയും താരപ്രഭയുടേയും തിളങ്ങുന്ന മുഖത്തിന് അപ്പുറത്ത് നെറി കേടിന്റെ വിളനിലമാണ് മലയാള സിനിമ വ്യവസായം എന്ന് തുറന്നുകാട്ടുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അവസരങ്ങൾക്കായി വനിതാ താരങ്ങളെ ലൈംഗികമായി ഉൾപ്പെടെ ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ച് മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വിളമ്പുന്ന ഭക്ഷണത്തിൽ വരെ ലൈംഗിക താത്പര്യവും വിവേചനവും കലർത്തുന്ന നീചമായ നടപടികൾ സിനിമ രംഗത്തുണ്ടെന്ന് സർക്കാർ നിയോഗിച്ച കമ്മിറ്റി തുറന്ന് കാട്ടുന്നു. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിം​ഗ വിവേചനവും ലൈം​ഗിക അതിക്രമവും ക്രിമിനൽ പ്രവർത്തികളും ലോബിയിം​ങും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈം​ഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിൽ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികൾ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ നിന്ന് മുൻനിര അഭിനേത്രിമാരടക്കം 62 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നത്. 2018 മെയിലാണ് ജസ്റ്റിസ് ഹേമ കമ്മീറ്റിയെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങൾ. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സർക്കാർ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുന്നത്. ഒന്നരവർഷത്തിന് ശേഷം 2019 ഡിസംബർ 31ന് ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയിൽ ലിംഗസമത്വം മുൻനിർത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോർട്ടായിരുന്നു ഇത്.

മലയാള സിനിമയിൽ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിടുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈം​ഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോ​ഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

അതേ സമയം, റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം, വാർത്തകളോട് പ്രതികരിച്ച താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റും മുതിർന്ന നടനുമായ സിദ്ധിക്കിനും വ്യക്തമായ മറുപടി ഇല്ലായിരുന്നു. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാം എന്നായിരുന്നു സിദ്ധിക്കിന്റെ മറുപടി. ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ റിപ്പോർട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ധാരണയില്ല. ചലച്ചിത്ര മേഖലയിൽ ഇത്രയും നീചമായ പ്രവർത്തികൾ നടക്കുന്നതിനെ കുറിച്ചുളള റിപ്പോർട്ട് പുറത്ത് വന്ന സമയത്തും താര സംഘടന സംഘടിപ്പിക്കുന്ന ഷോയുടെ തിരക്കിലാണെന്നും അതിനാണ് പ്രാധാന്യമെന്നുമാണെന്നാണ് സിദ്ധിഖ് പ്രതികരിച്ചത്.

സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ വലിയ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമറിയിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും രംഗത്തെത്തി. തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലായിരുന്നെന്ന് തെളിഞ്ഞെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് ആ പോരാട്ടത്തിന്റെ ഭാഗമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സിനിമാ വ്യവസായത്തിൽ ലിംഗഭേദം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ റിപ്പോർട്ട് സിനിമാ ചരിത്രത്തിൽ ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പ്. സ്ത്രീകൾക്ക് അന്തസ്സോടെ തൊഴിൽ ചെയ്യാനാകുന്ന ഒരു ഇടമായി സിനിമാ മേഖലയെ മാറ്റിയെടുക്കാനായിരുന്നു തങ്ങളുടെ പോരാട്ടം. അതൊരു നീണ്ട പോരാട്ടമായിരുന്നു. റിപ്പോർട്ട് തയാറാക്കിയ കമ്മിറ്റി അംഗങ്ങൾക്കും വനിതാ കമ്മിഷനും മാധ്യമപ്രവർത്തകർക്കും മറ്റ് വനിതാ സംഘടകൾക്കും നിയമവിദഗ്ധർക്കും ജനങ്ങൾക്കും നന്ദിയറിയിക്കുന്നതായും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്. മലയാള സിനിമയെ അടക്കിവാഴുന്ന ആ പതിനഞ്ചംഗ തെമ്മാടിക്കൂട്ടം ആരൊക്കെയാണ്? ആ തെമ്മാടി കൂട്ടത്തെ നയിക്കുന്ന പ്രമുഖ നടൻ ആരാണ്? ഞെട്ടിക്കുന്ന വെളിപ്പെടുത്തതിൽ സർക്കാർ എന്തു നടപടിയാണ് ഇനി സ്വീകരിക്കാൻ പോകുന്നത്? സ്വന്തം സഹപ്രവർത്തകരോട് ഇത്രമേൽ മ്ലേച്ഛമായ സമീപനങ്ങൾ സ്വീകരിക്കുന്ന ആൺകൂട്ടം ഭരിക്കുന്ന മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കാൻ ഈയൊരു റിപ്പോർട്ട് കൊണ്ട് സാധ്യമാകുമോ?

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares