ശ്രീലങ്കൻ പ്രസിഡന്‍റ് ഫലം വന്നതിന് ശേഷമാണ് 55കാരനായ അനുര കുമാര ദിസനായകെയെക്കുറിച്ച് കൂടുതൽ ചർച്ച നടക്കുന്നത്. ആരാണ് അനുര കുമാര ദിസനായകെയെന്നും ശ്രീലങ്കൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ഏതാണെന്നുമാണ് ആളുകൾ ഇപ്പോൾ തിരയുന്നത്. 1968 ൽ കൂലി തൊഴിലാളികളായ മാതാപിതാക്കളുടെ മകനായി തമ്പുട്ടേഗമയിലാണ് ദിസനായകെയുടെ ജനനം. സ്കൂൾ കാലം മുതൽ ജെവിപിയുമായി ചേർന്ന് പ്രവർത്തിച്ചു. വിദ്യാർത്ഥി നേതാവായി വളർന്ന ദിസനായകെ 1987ൽ പാർട്ടിൽ അംഗമായി. 1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിലുമെത്തി.
കെലനിയ സർവകലാശാലയിൽനിന്ന് സയൻസിൽ ബിരുദം നേടിയ വ്യക്തിയാണ് അനുര കുമാര ദിസനായകെ. വിദ്യാർഥി കാലത്തെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു ഇദ്ദേഹം. 1987ലാണ് മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി ) ദിസനായകെ അംഗമാകുന്നത്. 1995ൽ സോഷ്യലിസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ ദേശീയ ഓർഗനൈസറും ജെവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായി. 1998ൽ ജെവിപി പൊളിറ്റ് ബ്യൂറോ അംഗവും.
2000ത്തിലാണ് ശ്രീലങ്കൻ പാർലമെന്‍റിലേക്ക് ദിസനായകെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ൽ കാർഷിക മന്ത്രിയായെങ്കിലും സഖ്യത്തിലുണ്ടായ ഭിന്നതകളെത്തുടർന്ന് തൊട്ടടുത്തവർഷം രാജിവെച്ചു. അഴിമതി വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ച് പോരാടുന്ന അനുര കുമാര ദിസനായകെ ഈ വിഷയങ്ങൾ ഉയർത്തിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തെരഞ്ഞെടുപ്പിലെ വിജയം ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവർത്തനത്തിന്‍റെ ഫലമല്ലെന്നാണ് ദിസനായകെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണിത്. നിങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളെ ഇത്രയും ദൂരം എത്തിച്ചത്. അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും ഈ വിജയം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണെന്നും നിയുക്ത പ്രസിഡന്‍റ് പറഞ്ഞു.
2019ലേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നുമാണ് പാർലമെന്റിൽ നാമമാത്രമായ സാന്നിധ്യം മാത്രമായിരുന്ന ജെവിപി പാർടിയും അവർ നയിക്കുന്ന മുന്നണിയും ജനങ്ങളുടെ വിശ്വാസമാർജിച്ച് അധികാരത്തിലെത്തുന്നത്. അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.
മഹീന്ദ രജപക്‌സെയുടെ കുടുംബവാഴ്ചയ്ക്ക് അറുതിവരുത്തിയ അരഗളായ മുന്നേറ്റത്തിന്റെ നേതൃത്വം ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയും അവകാശപ്പെടുന്നില്ലെങ്കിലും, പൊതു പണിമുടക്കുകൾ സംഘടിപ്പിച്ചും ദിവസേന പ്രതിഷേധങ്ങൾ നടത്തി ജെവിപി സജീവ പങ്ക് വഹിച്ചിരുന്നു. അതിലൂടെ ലങ്കയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് ദിസനായകയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
വലതുപക്ഷ പാർടികൾക്കെതിരെ ശക്തമായ പ്രചാരണമാണ് സഖാവ് തിൽവിൻ സിൽവയുടെ നേതൃത്വത്തിലുള്ള ജെപിപിക്കു അഴിച്ചുവിടാനായത്. അങ്ങനെയൊരു സുദീർഘമായ പോരാട്ടത്തിനൊടുവിലാണ് ജെവിപിയു ദിസനായകെയും ശ്രീലങ്കയുടെ അധികാരത്തിലേറുന്നത്.