ഛത്തീസ്ഗഡ് അതിർത്തിയിൽ സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി അടക്കമുള്ള
27 മാവോയിസ്റ്റുകളെ കഴിഞ്ഞ ദിവസം സുരക്ഷ സേന കൊലപ്പെടുത്തിയിരിക്കുന്നു.
ഛത്തീസ്ഗഡിലെ നാരായൺ പൂർ ജില്ലയിലെ അബുജ്മദ് വനങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഭരണ കൂടം തലക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ബസവരാജു അടക്കമുള്ളവരാണ്
കൊല്ലപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം.
നിരോധിത സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി ബസവരാജു. ഇന്ത്യയിലെ ഏറ്റവും ശക്തമായ മാവോയിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജിയന്നപേട്ട ഗ്രാമത്തിൽ ജനിച്ച അദ്ദേഹം
തുടർന്ന് വാറങ്കലിലെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ (REC) നിന്ന് ബിടെക് ബിരുദവും നേടി.

1970 കളിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്ന ബസവരാജു, ഗംഗണ്ണ, കൃഷ്ണ, നരസിംഹ, പ്രകാശ് തുടങ്ങി ഒന്നിലധികം അപരനാമങ്ങളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
2004-ൽ പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും (എംസിസി) ലയിച്ചതിനുശേഷം പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന മുപ്പല ലക്ഷ്മൺ റാവു എന്നറിയപ്പെടുന്ന ഗണപതിയുടെ പിൻഗാമിയായി മാറുകയും 2018-ൽ സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും മാരകമായ ചില മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായി ബസവ രാജു വ്യാപകമായി അറിയപ്പെട്ടു തുടങ്ങിയത്.
ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ ബസവ രാജുവിന്റെ പ്രവർത്തന മേഖലയായിരുന്നു. 1980-ൽ സിപിഐ-എംഎൽ (പീപ്പിൾസ് വാർ) രൂപീകരിക്കുന്നതിൽ ബസവരാജു നിർണായക പങ്കുവഹിച്ചിരുന്നു. 1992-ൽ അതിന്റെ കേന്ദ്ര കമ്മിറ്റിയിൽ അംഗമാവുകയും ചെയ്തു ഇദ്ദേഹം.
2004-ൽ സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ച ലയനത്തിനുശേഷം, അദ്ദേഹം കേന്ദ്ര സൈനിക കമ്മീഷന്റെ സെക്രട്ടറിയായി നിയമിതനായി, തുടർന്ന് അവിടെ സായുധ പ്രവർത്തനങ്ങളുടെയും തന്ത്രങ്ങളുടെയും മേൽനോട്ടം വഹിക്കവേയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെടുന്നത്.
തെല്ലങ്കാന അതിർത്തിയിലെ കരേ ഗുട്ട കുന്നുകൾക്ക് സമീപമുള്ള ഛത്തീസ്ഗഡിലെ
വനങ്ങളിൽ സുരക്ഷ സേന കഴിഞ്ഞ മൂന്നാഴ്ചക്കിടെ 31 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ദിവസങ്ങൾക്കകമാണ്
പുതിയ സംഭവം.