മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണു കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. 2022ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയുടെ കൊലപാതകത്തിനു ശേഷം സിദ്ദിഖി വധത്തിലൂടെ വീണ്ടും ബിഷ്ണോയ് സംഘം ചർച്ചയാകുകയാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാല, കർണിസേന തലവൻ സുഖ്ദേവ് സിങ് തുടങ്ങിയവരുടെ കൊലപാതകങ്ങളിലും ഈ സംഘത്തെയാണു സംശയം. ഗുജറാത്തിലെ സബർമതി ജയിലിലാണെങ്കിലും, 31 വയസ്സ് മാത്രമുള്ള സംഘത്തലവൻ ലോറൻസ് ബിഷ്ണോയ് എന്ന പേര് കേൾക്കുമ്പോൾ ബോളിവുഡ് ഞെട്ടും. കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പാത പിന്തുടരുകയാണ് ലോറൻസ് എന്ന് പല ദേശീയ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. ആരാണ് യഥാർത്ഥത്തിൽ ലോറൻസ് ബിഷ്ണോയ്?
ആരാണ് ലോറൻസ് ബിഷ്‌ണോയ്?
പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ധട്ടാരൻവാലി ഗ്രാമത്തിലെ കാർഷിക കുടുംബത്തിൽപ്പെട്ടയാളായാണ് ലോറൻസ് ബിഷ്‌ണോയ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ബിഷ്‌ണോയ് സമുദായത്തിൽപ്പെട്ടയാളാണ് ലോറൻസ്. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമായിരുന്നു ലോറൻസിന്റേത്. നിയമപഠനത്തിനു ചണ്ഡിഗഡിലെ ഡിഎവി കോളജിലേക്കു പോയതോടെയാണ് ഗുണ്ടാപ്രവർത്തനങ്ങൾ തുടങ്ങിയത്. 2009 ൽ അന്നത്തെ യൂണിയൻ പ്രസിഡന്റ് ഉദയ് വാറിങ്ങിനു നേർക്കു നിറയൊഴിച്ചതിനാണ് ആദ്യമായി ജയിലിലാകുന്നത്.
അന്നു ജയിലിൽനിന്നിറങ്ങിയാണ് ഗുണ്ടാസംഘത്തെ ബിഷ്ണോയ് സംഘടിപ്പിക്കുന്നത്. ഇടക്കാലത്തു സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി (എസ്ഒപിയു) യുടെ യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പഠനം പൂർത്തിയാക്കാതെ കോളജ് വിട്ടു. സഹപാഠിയായിരുന്ന ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജിത് സിങ് (ഇപ്പോൾ കാനഡയിൽ) ഉൾപ്പെടെയുള്ളവർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടു. ബിഷ്ണോയ് ജയിലിലാണെങ്കിലും സിൻഡിക്കറ്റിനു നേതൃത്വം നൽകുന്നത് ഗോൾഡി ബ്രാറും ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗുണ്ടാസംഘങ്ങളിൽ ഒന്നിന്റെ നേതാവായി മാറുന്നതിനുള്ള ലോറൻസിന്റെ യാത്ര ആരംഭിക്കുന്നത് ഇവിടെനിന്നാണ്.
പിന്നാലെ പഞ്ചാബിലെ ഫാസിൽക സ്വദേശിയായ ഗുണ്ടയും രാഷ്ട്രീയക്കാരനുമായ റോക്കി എന്ന ജസ്‌വീന്ദർ സിങ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭാഗമായി. വിദ്യാർഥിരാഷ്ട്രീയത്തിന്റെ മറവിൽ രാജസ്ഥാൻ്റെ ചില ഭാഗങ്ങളിലും രാജസ്ഥാൻ-പഞ്ചാബ് അതിർത്തിയിലുള്ള ശ്രീ ഗംഗാനഗർ, ഭരത്പൂർ തുടങ്ങിയ നഗരങ്ങളിലും സംഘം സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടയിൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് എൽഎൽബി ബിരുദം ലോറൻസ് നേടി.
കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിൽ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ബിഷ്‌ണോയ് ഒരിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണമൃഗത്തെ ബിഷ്‌ണോയ് സമുദായം പുണ്യമൃഗമായാണ് കണക്കാക്കുന്നത്. 2018ൽ മുംബൈയിൽ സൽമാന്റെ വീടിന് സമീപം നിരീക്ഷണം നടത്തിയ സമ്പത്ത് നെഹ്‌റ ബിഷ്‌ണോയ് സംഘത്തിലുള്ള ഷൂട്ടറാണെന്ന് കണ്ടെത്തിയിരുന്നു. സൽമാന്റെ സുഹൃത്തുക്കളെയും കൊല്ലുമെന്നാണ് ഗുണ്ടാനേതാവിന്റെ ഭീഷണി. നടനും ഗായകനുമായ ജിപ്പി ഗ്രെവാളിനെ സംഘം വെടിവെച്ചത് സൽമാനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ബാബ സിദ്ദിഖിയെയും സൽമാനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ സൽമാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നിലും ബിഷ്‌ണോയ് സംഘമായിരുന്നു. 2022ൽ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലൂടെ രാജ്യാന്തര തലത്തിലും സംഘം കുപ്രസിദ്ധി നേടി. കേസിൽ ഗോൾഡി ബ്രാറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
ബാബ സിദ്ദിഖിയുടെയും ഗായകൻ സിദ്ദു മൂസേവാലയുടെയും കൊലപാതകങ്ങൾ, ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ വീടിനെതിരെയുണ്ടായ വെടിവെപ്പ്, അതിനു മുൻപ് സൽമാന്റെ വീടിന് പരിസരത്ത് നിരീക്ഷണം നടത്തിയ സംഭവം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് പങ്കുണ്ട്. ഇതിൽ ഏറ്റവും വിചിത്രമായ കാര്യം, ജയിലിൽ കഴിഞ്ഞുകൊണ്ടാണ് ഇയാൾ വലിയൊരു ക്രിമിനൽ സംഘത്തെ നയിക്കുന്നത് എന്നതാണ്. ബിഷ്‌ണോയിയുടെ അടുത്ത സുഹൃത്ത്, കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സതീന്ദർജീത്ത് സിങ് എന്ന ഗോൾഡി ബ്രാർ ആണ് ലോറൻസ് ബിഷ്‌ണോയ് ഗ്യാംഗിന് വേണ്ടി സിദ്ദു മൂസേവാലയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഇതിന് പിന്നിലെ മാസ്റ്റർ മൈൻഡ് ബിഷ്‌ണോയ് ആണെന്നാണ് പൊലീസ് പറയുന്നത്. 700ലേറെ ഷാർപ്പ് ഷൂട്ടർമാർ അടങ്ങുന്ന സംഘമാണ് ബിഷ്‌ണോയിക്ക് കീഴിലുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തുമൊക്കെയായി സംഘം പടർന്നു കിടക്കുന്നു.
ഖലിസ്ഥാൻ ഭീകരരുമായും വിഘടനവാദ ഗ്രൂപ്പുകളുമായും സംഘം അടുത്ത ബന്ധം പുലർത്തുന്നു. ഏകദേശം 700 ഷൂട്ടർമാരാണു ബിഷ്ണോയി സംഘത്തിലുള്ളത് എന്നാണു വിവരം. ദരിദ്ര പശ്ചാത്തലമുള്ളവരും പ്രാദേശിക ഗുണ്ടാസംഘങ്ങളിൽനിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവരുമാണ് ഇവരിൽ ഭൂരിഭാഗവും. ആയുധ പരിശീലനത്തിനു ശേഷം, ക്വട്ടേഷൻ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടത്താൻ ഇവർക്കു വലിയ തുകയാണു ലഭിക്കുന്നത്. ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നു പലർക്കും അറിയില്ല. എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തുന്നതെന്നതും അക്രമികളെ അറിയിക്കാറില്ലെന്നതാണു ബിഷ്ണോയ് സംഘത്തിന്റെ പ്രത്യേകത.
സങ്കീർണമായ സംഘടനാ സംവിധാനവും വിപുലമായ ബന്ധങ്ങളും കാരണമാണ്, ലോറൻസ് തടവിലായിട്ടും സംഘം സജീവമായിരിക്കുന്നത് എന്നാണു നിഗമനം. കൊലപാതകം, ആയുധക്കടത്ത് എന്നിവയാണ് സംഘം പ്രധാനമായും ഏറ്റെടുത്ത് ചെയ്യുന്നത്. സെലിബ്രിറ്റികൾ, സ്വാധീനമുള്ള ബിസിനസുകാർ തുടങ്ങിയ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള ക്വട്ടേഷനുകളാണ് ഇവർക്കു ഹരം. പ്രഫഷനൽ കൊലയാളികളെ ഉപയോഗിച്ചാണു കൃത്യങ്ങൾ നിർവഹിക്കുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.