നീണ്ട ഇടവേളക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം ലഭിച്ചതിനെ തുടർന്ന് അനിശ്ചിതത്വങ്ങൾക്കൊടുവില്‍ മുഖ്യമന്ത്രിക്കസേരയിൽ രേഖ ശര്‍മയെന്ന വനിത നേതാവിനെ ബിജെപി തീരുമാനിച്ചിരിക്കുന്നു. 70 അംഗ സഭയില്‍ 48 സീറ്റുകള്‍ നേടി 26 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമ്പോൾ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മറിടകടന്ന് കൊണ്ടാണ് കന്നി നിയമസഭ പ്രവേശനത്തില്‍ തന്നെ 52 കാരിയായ രേഖ മുഖ്യമന്ത്രി കസേരയുറപ്പിച്ചത്.
പര്‍വേഷ് വര്‍മ, ആശിഷ് സൂദ്, വീരേന്ദ്ര സച്ച്‌ദേവ്, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ തുടങ്ങിയ പേരുകളുടെ കൂട്ടത്തില്‍ രേഖയും ഉണ്ടായിരുന്നുവെങ്കിലും അവസാന ചിരി രേഖയുടേതാവുകയായിരുന്നു. ഡല്‍ഹിയിലെ ബിജെപിയുടെ നിർണ്ണായക വോട്ട് ബാങ്കായ ബനിയ സമുദായത്തിലെ അംഗവും വിദ്യാർത്ഥിയായിരിക്കെ എബിവിപി നേതാവെന്ന നിലയിലുള്ള പ്രവർത്തനങ്ങളുമാണ് രേഖ ഗുപ്തക്ക് തുണയായത്.
പഠന കാലയളവിൽ ദൗലത്ത് റാം കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇവർ 1995-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡണ്ടുമായിരുന്നു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴില്‍ നിയമ ബിരുദം നേടിയ സംസ്ഥാനത്തെ ബിജെപിയുടെ വനിത വിഭാഗം ജനറല്‍ സെക്രട്ടറിയായും ദേശീയ വനിത സംഘടന പ്രതിനിധിയായും ദീർഘകാലം പ്രവർത്തിച്ചു.
2007 ല്‍ നോര്‍ത്ത് പിതാംപുരയില്‍ നിന്നുള്ള മുന്‍സിപ്പല്‍ കൗണ്‍സിലറും 2012ല്‍ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മേയറുമായിരുന്നു രേഖ ഗുപ്ത. 2015ലും 2020 ലും ഡല്‍ഹി നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. 2023 ലെ ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പിലും തോൽവിയായിരുന്നു ഫലം.
ഇത്തവണത്തെ മത്സരത്തില്‍ രണ്ടു തവണ തന്നെ പരാജയപ്പെടുത്തിയ എ എ പി സ്ഥാനാർഥിക്കെതിരെ വൻ ഭൂരിപക്ഷത്തിലാണവർ ആദ്യ ജയം സ്വന്തമാക്കുന്നത്. ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി സുഷമ സ്വരാജിന് ശേഷമുള്ള ബിജെപിമുഖ്യമന്ത്രി, ബിജെപി വനിത മുഖ്യമന്ത്രി എന്ന പ്രത്യേകതയും രേഖക്കുണ്ട്. സുഷമക്ക് ശേഷം ബിജെപിക്ക് ഡൽഹിയിൽ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. കോണ്‍ഗ്രസും പിന്നീട് ആം ആദ്മി പാര്‍ട്ടിയുമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്.
തുടര്‍ച്ചയായി രണ്ട് തവണ ഡൽഹി ഭരിച്ച എഎപിക്ക് മൂന്നാം ഊഴത്തിൽ അടി തെറ്റുകയായിരുന്നു. കോൺഗ്രസ് ഡൽഹി രാഷ്ട്രീയത്തിൽ സംപൂജ്യരായ സ്ഥിതിക്ക് എ എ പി യുടെ ശാശ്വത പതനം തന്നെയായിരിക്കും ഇനി ബിജെപി അജണ്ട എന്ന കാര്യത്തിൽ തർക്കം വേണ്ട. കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും ദുരുപയോഗം ചെയ്ത് കൊണ്ടുള്ള പതിവ് രാഷ്ട്രീയ നെറികേടുകളിലൂടെ ‘ആപ്പി’നെ അസ്ഥിരപ്പെടുത്താൻ പഠിച്ച പണി പതിനെട്ടും പയറ്റും.
2024 മാർച്ച് 21 ന് തെരഞ്ഞെടുപ്പ് കാലത്ത് എൻഫോഴ്സ്-മെന്റ് ഡയറക്ട്രേറ്റ് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന്റെ വീട്ടിൽ ചോദ്യം ചെയ്യാനെന്ന രൂപത്തിൽ എത്തി അറസ്റ്റുചെയ്തത് രാജ്യം കണ്ടതാണ്. അഴിമതി പണമൊന്നും കണ്ടെത്താതെ തന്നെ പി. എം. എൽ. എ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരം കേന്ദ്ര അന്വേഷണ ഏജൻസി അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ഭരണപക്ഷ നയങ്ങളോട് എതിർപ്പ് രേഖപ്പെടുത്തുന്നവരെയും മാധ്യമ പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്തു മനഃപൂർവ്വം പീഡിപ്പിക്കുന്നതിന് ഭരണ സംവിധാനങ്ങളെ ഉപയോഗിക്കുന്ന പതിവ് രീതി കൂടുതൽ ശക്തിപ്പെടുത്താനും കണ്ണിലെ കരടായ കേജ്രിവാളിനെതിരെ കൂടുതൽ നടപടികളിലേക്ക് നീങ്ങാനും ഡൽഹി ഭരണം ബിജെപിയെ സഹായിക്കും. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ എ എ പി എപ്രകാരം നേരിടും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഇനി ഉറ്റു നോക്കുക.